ADVERTISEMENT

ഫാസ്റ്റ് ഫുഡ് മോഡലിൽ ഒരുക്കുന്ന ഗാനങ്ങൾ ഏറുമ്പോൾ പ്രേക്ഷകർക്ക് പാട്ടിനോടുള്ള താൽപര്യവും കുറയുമെന്ന് പറയുകയാണ് മലയാളികളുടെ ഇഷ്ടഗായകൻ ഉണ്ണി മേനോൻ. 'നദികളിൽ സുന്ദരി യമുന'യിലെ 'വെള്ളാര പൂമലമേലെ' പാടി ഇടവേളയ്ക്കു ശേഷം തിരികെയെത്തിയിരിക്കുകയാണ് അദ്ദേഹം. കൈതപ്രം–ജോൺസൺ മാഷ്–യേശുദാസ് കൂട്ടുകെട്ടിൽ ‘വരവേൽപ്പ്’ എന്ന ചിത്രത്തിനായി ഒരുക്കിയ ഗാനം അരുൺ മുരളീധരനാണ് പുതിയ ചിത്രത്തിനു വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പാട്ടുവിശേഷങ്ങൾ പങ്കിട്ട് ഉണ്ണി മേനോൻ മനോരമ ഓൺലൈനിനൊപ്പം. 

 

 

ഇടവേളയ്ക്കു ശേഷമെത്തുമ്പോൾ?

 

അതെ, ചെറിയ ഇടവേളയ്ക്കു ശേഷമാണിപ്പോൾ 'നദികളിൽ സുന്ദരി യമുന' എന്ന സിനിമയിൽ പാടുന്നത്. അതിന്റെ ഒരു സന്തോഷമുണ്ട്. ഞാൻ ആദ്യമായാണ് പുനരാവിഷ്കരിച്ച ഒരു പാട്ട് പാടുന്നത്. അതിന്റെ ഒരു ശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നു. പാട്ട് റിലീസ് ആയപ്പോൾ അത് മാറി. പഴയകാല ഓർമകൾ തരുന്ന സീനുകൾ ഒക്കെയാണ് പാട്ടിനായി ഒരുക്കിയിരിക്കുന്നത്. പാട്ടും സീനും ഒന്നിച്ച് കണ്ടപ്പോൾ വളരെ ഇൻട്രസ്റ്റിങ് ആയിട്ട് തോന്നി. സിനിമയും നന്നായി വന്നിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

 

പാട്ടിലേക്ക്?

 

ചിത്രത്തിന്റെ നിർമാതാവ് മുരളി എന്റെ സുഹൃത്താണ്. 'വെള്ളാരപ്പൂമലമേലേ' എന്ന പാട്ട് റീക്രിയേറ്റ് ചെയ്യുമ്പോൾ ഞാൻ അതിന്റെ ഭാഗമാവണം എന്ന് ആവശ്യപ്പെട്ടത് മുരളിയാണ്. അദ്ദേഹം ഇക്കാര്യം എന്നോടു ചോദിച്ചപ്പോൾ അത് വേണോ എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. ദാസേട്ടൻ പാടിയ ഒരു പാട്ട് പുനരാവിഷ്കരിക്കുമ്പോൾ അതിനോട് എനിക്ക് പൂർണമായും നീതിപുലർത്താൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ള ഒരു ശബ്ദമാണ് അദ്ദേഹത്തിന്റേത്. ആ ശബ്ദത്തിലൂടെ ഈ പാട്ട് എത്രയോ കാലമായി ആളുകളുടെ ഉള്ളിൽ പതിഞ്ഞു കിടക്കുകയാണ്‌. അതിനെ മുറിപ്പെടുത്തുന്ന തരത്തിൽ, അതേ പാട്ട് ഒരു വ്യത്യാസമില്ലാതെ പാടുക എന്നു പറഞ്ഞു കഴിഞ്ഞാൽ അത് പ്രയാസകരമാണല്ലോ. ആളുകളുടെ മനസ്സിൽ ദാസേട്ടന്റെ മജെസ്റ്റിക് ശബ്ദം കിടക്കുമ്പോൾ അതേ പാട്ട് എന്റെ ശബ്ദത്തിൽ സ്വീകരിക്കാൻ അവർക്കാകുമോ എന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ, മുരളിയുടെ സ്നേഹപൂർവമായ നിർബന്ധം നിരസിക്കാൻ എനിക്കു കഴിഞ്ഞില്ല. അങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തുന്നത്. 

 

ശബ്ദത്തിലെ ചെറുപ്പം?

 

ഏതാനും യാത്രകൾ കഴിഞ്ഞെത്തി തൊണ്ടയിൽ ഇൻഫക്‌ഷൻ ആയിരിക്കുന്ന സമയത്താണ് പാട്ട് റെക്കോഡ് ചെയ്യാൻ വിളിക്കുന്നത്. സമയ പരിമിതി മൂലം ഇൻഫക്‌ഷൻ മറന്ന് പാട്ട് റെക്കോർഡ് ചെയ്തു. പാടി കൊടുക്കേണ്ടി വന്നു എന്നതാണ് സത്യം. ഇൻഫക്‌ഷൻ ഒക്കെ മാറിയതിനു ശേഷം പാടിയിരുന്നെങ്കിൽ അല്പം കൂടെ നന്നാക്കാൻ പറ്റുമായിരുന്നു എന്നാണ് പിന്നീട് തോന്നിയത്. അതുകൊണ്ടുതന്നെ പൂർണമായും ആ പാട്ടിനോട് ഒരു നീതി പുലർത്താൻ പറ്റിയോ എന്ന കാര്യത്തിൽ എനിക്കിപ്പോഴും സംശയമുണ്ട്. പിന്നെ സിനിമയ്ക്ക് എന്താണ് ആവശ്യം എന്നതനുസരിച്ചാണ് ഫൈനൽ മിക്സ് ചെയ്ത് ഒരു പാട്ടിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഞാൻ പാടിയതിന് ശേഷം എന്റെ പാട്ടിനെ സംഗീതസംവിധായകന്റെ നിർദേശാനുസരണം യങ്സ്റ്റേഴ്‌സിനു ചേരുന്ന വിധം ശബ്ദം പ്രോസസ് ചെയ്ത് അല്പം തിൻ ആക്കിയിട്ടുണ്ട്. അതുകൊണ്ട് പാട്ടിന് വരുന്ന പ്രതികരണങ്ങളും ഞാനിപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്നു.

 

പുനരാവിഷ്‌കരിക്കപ്പെട്ടപ്പോൾ?

 

പഴയ പാട്ടിനെ മുറിവേൽപ്പിക്കാതെയാണ് ഈ പാട്ടിനിപ്പോൾ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഓർക്കസ്ട്രേഷനും ട്യൂണും ഒന്നും കോംപ്രമൈസ് ചെയ്ത് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ അരുൺ മുരളീധരൻ നല്ല സ്ട്രെയിൻ എടുത്തിട്ടാണ് പാട്ട് പുനരാവിഷ്കരിച്ചത് എന്ന് ഉറപ്പിച്ച് പറയാം. ഏറ്റവും പുതിയ ഡിജിറ്റൽ ക്വാളിറ്റിയിൽ, ഏറ്റവും ഭംഗിയായിട്ടാണ് പാട്ട് ആവിഷ്കരിച്ചിരിക്കുന്നത്.

 

ഓണക്കാലത്തെ ‘തിരുവാവണിരാവ്’?

 

എല്ലാ തലമുറയിലെ ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പാട്ടാണത്. ഓണമുള്ളിടത്തോളം കാലം ആ പാട്ട് നിലനിൽക്കും. അത് പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്നു പറയാം. 2016ലാണ് ‘തിരുവാവണിരാവ്’ പുറത്തിറങ്ങിയത്. ഇന്നും എല്ലാവരും ആ പാട്ട് കേൾക്കുന്നത് അത്രത്തോളം ശ്രദ്ധ ആ പാട്ടിന് നൽകിയതുകൊണ്ടാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ചേർന്ന് ഏറ്റവും മികച്ച രീതിയിൽ പാട്ടിനെ തയ്യാറാക്കി. നൊസ്റ്റാൾജിയയുള്ള നല്ലൊരു ഫ്യൂഷൻ. അത്തരം പാട്ടുകൾ ഇപ്പോൾ കുറവാണ്. നമുക്കെല്ലാം ഓർമിക്കാവുന്നതോ ഏറ്റുപാടാവുന്നതോ ആയ പാട്ടുകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഒരു ഫാസ്റ്റ്ഫുഡ് മോഡലിലാണ് ഇന്ന് പല പാട്ടുകളും സൃഷ്ടിക്കപ്പെടുന്നത്. ഒരു പാട്ട് കേട്ട് കഴിഞ്ഞാൽ അത് ഒന്നുകൂടെ കേൾക്കാനോ അല്ലെങ്കിൽ നമുക്ക് ഒന്ന്‌ കൂടെ പാടാനോ തോന്നണം. പാട്ടിന്റെ വരികളും സംഗീതവും ലയിച്ച് ചേർന്ന് ഒന്നാകുമ്പോൾ ആണല്ലോ അത് ഹിറ്റാകുന്നത്. ഇന്ന് വളരെ കുറവായിട്ടാണ് അങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ കിട്ടുന്നത്. യൂസ് ആൻഡ് ത്രോ ആറ്റിറ്റ്യൂഡിലുണ്ടാക്കുന്ന പാട്ടുകൾക്ക് അങ്ങനെ ഒരു ഭാവം ഉണ്ടാവണമെന്നില്ലല്ലോ. എന്റെ ഓർമയിൽ പോലും ഇന്നത്തെ പാട്ടുകളിൽ പലതും നിൽക്കാറില്ല, പലതും ഏറ്റുപാടാൻ പോലും തോന്നാറില്ല. സംഗീതസംവിധായകർക്ക് സമയം കിട്ടാഞ്ഞിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നറിയില്ല. പഴയകാലത്ത് 5 മിനിറ്റ് അല്ലെങ്കിൽ 6 മിനിറ്റ് ഉണ്ടായിരുന്ന പാട്ടുകൾ ഇപ്പോൾ രണ്ട് മിനിറ്റിനുള്ളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്‌. സംഗീതസംവിധായകർക്കു നല്ലൊരു സ്പേസ് കൊടുത്താൽ നല്ല പാട്ടുകൾ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. 

 

റെക്കോഡിങ് രംഗത്തെ മാറ്റങ്ങൾ പാട്ടുകളെ ബാധിച്ചിട്ടുണ്ടോ?

 

മുൻപ് ഒരു സിനിമയ്ക്കായി ഒരു പാട്ട് ചെയ്യുമ്പോൾ അതിനായി അണിയറ പ്രവർത്തകർ ഒരുപാട് എഫോർട്ട് എടുത്തിരുന്നു. സമയം എടുത്താണ് ഓരോ പാട്ടും ചെയ്തിരുന്നത്. പാട്ട് എഴുതുന്നവരും സിനിമയുടെ സംവിധായകനും നിർമാതാവും ഒക്കെ ചേർന്നിരുന്നാണ് പല പാട്ടുകളും കമ്പോസ് ചെയ്തിരുന്നത്. മൂന്നോ നാലോ അഞ്ചോ റിഹഴ്സലുകളും എടുക്കും. എന്നിട്ടാണ് പാട്ട് റെക്കോർഡ് ചെയ്ത് പുറത്തിറക്കിയിരുന്നത്. അപ്പോഴേക്കും ആ പാട്ടുമായി ആതിന്റെ അണിയറ പ്രവർത്തകർ അത്രത്തോളം ഇഴുകി ചേർന്നിരിക്കും. അവരുടെ പാട്ടുകൾ കാലാതിവർത്തിയായി നിലനിൽക്കണം എന്ന ഒരൊറ്റ മനസ്സോടെയാണ് ഓരോ പാട്ടും ചെയ്തിരുന്നത്. ഇന്ന് മ്യൂസിഷ്യൻസിനെ നമ്മൾ കാണുന്നില്ല. എല്ലാവരുടെയും വീട്ടിൽ സ്റ്റുഡിയോ ഉണ്ട്. അവർ ട്രാക്ക് അയച്ചു തരുന്നു. സ്റ്റുഡിയോയിൽ പോയി നമ്മൾ വോയ്സ് കൊടുക്കുന്നു. അത്രമാത്രം. അതുകൊണ്ട് തന്നെ പാട്ടിന് വേണ്ടി ഒരു ഒന്നിച്ചുകൂടൽ ഇന്നില്ല. ഗായകരുടെ ഇൻവോൾവ്മെന്റും കുറയുകയാണ്. ഇപ്പോഴത്തെ 90% പാട്ടുകളും നിലനിൽക്കാത്തതിന്റെ കാരണവും ചിലപ്പോൾ അതൊക്കെയായിരിക്കും. 

 

നിയോഗം പോലെ ഹിറ്റ് പാട്ടുകൾ പാടാൻ കഴിയുന്ന ഗായകനാണല്ലോ?

 

ജനങ്ങൾ ഇഷ്ടപ്പെടുന്ന വരികളുള്ള പാട്ടുകൾ പാടാൻ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. ഒരു പാട്ടിന്റെ വരികൾ കേൾക്കുന്നയാളുടെ മനസ്സിൽ നിൽക്കുമ്പോഴാണല്ലോ ആ പാട്ടും നിലനിൽക്കുന്നത്. അങ്ങനെയുള്ള പാട്ടുകൾ പാടാനുള്ള ഭാഗ്യം വന്നു ഭവിക്കുന്നു എന്ന് മാത്രം. അവസരങ്ങൾ സൃഷ്ടിച്ചു പാടാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. അത് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത്രയും കാലമായില്ലേ ഈ ഫീൽഡിൽ, പിന്നെ ഒരുപാട് പുതിയ കുട്ടികൾ വരുന്നുണ്ട്, അവർക്ക് അവസരങ്ങൾ കൊടുക്കാനായി മാറിനിൽക്കാം എന്ന് വിചാരിക്കുമ്പോഴെല്ലാം നല്ല അവസരങ്ങൾ വീണ്ടും വന്നു ചേരുന്നു. ചിലതെല്ലാം ഹിറ്റും ആകുന്നു. അതെല്ലാം ഭാഗ്യമായി കരുതുന്നു.

 

റീമിക്സിങ് കാലത്ത് പുറത്തിറങ്ങുന്ന റീക്രിയേഷനെപ്പറ്റി?

 

ഒരു പാട്ടിനോട് നീതിപുലർത്തി അത് അതേപോലെതന്നെ പുനരാവിഷ്കരിക്കുന്നതാണല്ലോ റീക്രിയേഷൻ. വരികൾക്കോ ട്യൂണിനോ ഒന്നും കോട്ടം തട്ടാതെയാണ് അത് പുനരാവിഷ്കരിക്കപ്പെടുന്നത്. പക്ഷേ റീമിക്സിങ് മറ്റൊന്നാണ്. അത് ചെയ്യുന്നതിനോട് എനിക്ക് തീരെയും താല്പര്യമില്ല. ഒരു പാട്ടിന്റെ സംഗീതസംവിധായകനോടു ചെയ്യുന്ന കൊടും ക്രൂരതയാണ് റീമിക്സിങ് എന്നാണ് എന്റെ അഭിപ്രായം. ഒരു പാട്ട് കമ്പോസ് ചെയ്യുന്ന സംഗീതസംവിധായകൻ അവരുടെ കഴിവിന്റെ പരമാവധി പാട്ടിനു വേണ്ടി വിനിയോഗിക്കും. അപ്പോൾ അതിനെ റീമിക്സ് ചെയ്യുമ്പോൾ അത് ചെയ്ത കമ്പോസറിന് അതിനോട് ഒട്ടും താല്പര്യമുണ്ടാവണമെന്നില്ല. അവരുടെ രക്തം കൊടുത്ത് ഉണ്ടാക്കുന്ന ഒരു വർക്കിനെ റീമിക്സ് ചെയ്തിട്ട് വേറൊരു തലത്തിലേക്കു കൊണ്ടുപോകുക എന്നു പറയുന്നതിനോട് അവർക്ക് യോജിക്കാൻ കഴിയില്ലല്ലോ. അത് ആ പാട്ടിനെ നശിപ്പിക്കുന്നതിനു തുല്യമാണ്. ആ പാട്ടിന്റെ മുഴുവൻ സോളും അതിന്റെ മാസ്റ്റേഴ്സ് ഉണ്ടാക്കിയതാണ്. അതിനെ മാറ്റാൻ നമുക്ക് അധികാരമില്ലല്ലോ. പിന്നെ അതിലും നന്നായി റീമിക്‌സ് ചെയ്ത് അവതരിപ്പിക്കുകയാണ് എന്ന് പറയുന്നതൊക്കെ എന്താണ് എന്ന് പലപ്പോഴും എനിക്ക് മനസ്സിലാകാറില്ല. പിന്നെ അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഓരോരുത്തർക്കും ഓരോ അഭിപ്രായും ഉണ്ടായിരിക്കും. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com