ADVERTISEMENT

മഴവിൽ എന്റർടെയ്ൻമെന്റ് പുരസ്കാരവേദിയിൽ പാട്ടുമായി പെൺതാരങ്ങളെത്തിയപ്പോൾ കൂടുതൽ കയ്യടി നേടിയത് നർത്തകിയും അഭിനേത്രിയുമായ കൃഷ്ണപ്രഭയാണ്. അഭിനയത്തിലും അവതരണത്തിലും നൃത്തത്തിലും മികവ് തെളിയിച്ച കൃഷ്ണപ്രഭ, ഇത്ര നല്ല പാട്ടുകാരി കൂടിയായിരുന്നോ എന്നൊരു ചോദ്യമാണ് കമന്റുകളിൽ നിറയെ. സൂപ്പർതാരങ്ങൾ മുതൽ സാധാരണ പ്രേക്ഷകർ വരെ കയ്യടിച്ച ആ പ്രകടനത്തെക്കുറിച്ച് മനസ്സു തുറന്ന് കൃഷ്ണപ്രഭ മനോരമ ഓൺലൈനിൽ.

 

ഗിമിക്ക് ഒന്നുമല്ല, പാടിയത് ഞാൻ തന്നെ 

 

റെക്കോർഡഡ് ട്രാക്കാണ് പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ചതെങ്കിലും എന്റെ തന്നെ ശബ്ദത്തിലാണല്ലോ ഞാൻ പാടിയത്. എന്തോ ഗിമിക്ക് കാട്ടി ഒപ്പിച്ചെടുത്തതാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. സത്യത്തിൽ ഞാൻ തന്നെയാണ് അതു പാടിയത്. മൂന്നു വയസ്സു മുതൽ സംഗീതവും നൃത്തവുമെല്ലാം ഞാൻ പഠിച്ചു തുടങ്ങിയതാണ്. പക്ഷേ, പലരും ചോദിക്കുന്നത് ഞാൻ ഇപ്പോഴാണോ പാടി തുടങ്ങിയത് എന്നാണ്. ഈ ശബ്ദം ജനിച്ചപ്പോൾ മുതലുണ്ടല്ലോ. പെട്ടെന്നൊരു ദിവസം എടുത്ത് ഫിറ്റ് ചെയ്യാൻ പറ്റുന്നതല്ലല്ലോ ഇത്. അഞ്ചു വർഷം മുമ്പു വരെ ഞാൻ കർണാടിക് കച്ചേരി ചെയ്തിരുന്നു. നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോഴാണ് കച്ചേരി ചെയ്യുന്നതിൽ ഇടവേളയുണ്ടായത്. ഇപ്പോൾ ഞാൻ ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങി. എന്നെ അടുത്തറിയുന്നവർക്കു ഞാൻ പാടുമെന്ന് അറിയാം. പക്ഷേ, ഈ 'ലഗ് ജാ ഗലേ' വേണ്ടി വന്നു പ്രേക്ഷകർക്ക് ഞാൻ പാടും എന്നു മനസ്സിലാക്കാൻ! പിന്നെ, എനിക്കു തോന്നുന്നത്, എന്തു കാര്യത്തിനായാലും ഒരു സമയം ഉണ്ടല്ലോ. ഇതിന്റെ സമയം ഇപ്പോഴാകും വന്നിരിക്കുക. 

 

അപ്രതീക്ഷിതമായി വന്നു ചേർന്ന പാട്ട്

 

മഴവിൽ എന്റർടെയ്ൻമെന്റ് പുരസ്കാരരാവിൽ നടന്ന അമ്മയുടെ ഷോയിൽ 'ലഗ് ജാ ഗലേ' എന്ന പാട്ട് പാടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, എന്റെ ഹിന്ദി ഉച്ചാരണം അത്ര നല്ലതല്ല. ഹിന്ദി കേട്ടാൽ മനസ്സിലാകും. കുറച്ചൊക്കെ പറയുമെന്നതല്ലാതെ അധികം ഹിന്ദി അറിയില്ല. മലയാളം പറയുന്നതു പോലൊക്കെയാകും ചിലപ്പോൾ ഞാൻ ഹിന്ദി പറയുക. ഷോയിൽ പാടണമെന്നു പറഞ്ഞപ്പോൾ എനിക്ക് പാടാൻ കഴിയുന്ന പാട്ടുകളുടെ ഒരു ലിസ്റ്റ് ഞാൻ കൊടുത്തിരുന്നു. പക്ഷേ, കോപ്പിറൈറ്റ് പ്രശ്നം കാരണം ആ പാട്ടുകൾ ഒന്നും പാടാൻ പറ്റുമായിരുന്നില്ല. ഒടുവിൽ അവർ കുറച്ചു ഹിന്ദി പാട്ടുകളുടെ ഓപ്ഷൻസ് തന്നു. അങ്ങനെയാണ് 'ലഗ് ജാ ഗലേ' എന്ന പാട്ട് എന്നിലേക്കു വന്നത്. 

 

നട്ടപ്പാതിരായ്ക്ക് കുത്തിയിരുന്നു പഠിച്ചു

 

ഷോ ഡയറക്ടർ ഇടവേള ബാബു ചേട്ടനും സ്റ്റീഫൻ ചേട്ടനും 'ലഗ് ജാ ഗലേ' എന്നോടു പാടണമെന്നു പറഞ്ഞപ്പോൾ എനിക്കൊട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ, ആ പാട്ടു തന്നെ പാടിയാൽ മതിയെന്ന് സ്റ്റീഫൻ ചേട്ടൻ നിർബന്ധം പറഞ്ഞു. അദ്ദേഹത്തിന് ഞാൻ പാടുമെന്ന് അറിയാം. അവസാനം ഞാൻ കുത്തിയിരുന്നു പഠിച്ചു. പാട്ട് റെക്കോർഡ് ചെയ്യുന്നതിന്റെ തലേദിവസമാണ് എന്നോട് ഈ പാട്ടാണ് പാടേണ്ടതെന്നു പറഞ്ഞത്. നട്ടപ്പാതിരായ്ക്കൊക്കെ ഞാൻ വീട്ടിലിരുന്ന് ഈ പാട്ട് പാടി പഠിച്ചു. മൊബൈലിൽ ഒരു ട്രാക്ക് റെക്കോർഡ് ചെയ്ത് സ്റ്റീഫൻ ചേട്ടന് അയച്ചു കൊടുത്തു. "ഇത് ഓകെ ആണല്ലോ. പിന്നെന്തിനാ നിനക്ക് പേടി?" എന്ന് അദ്ദേഹം ചോദിച്ചു. ആ രാത്രി ഞാനെടുത്ത പണിയുടെ ഫലമാണ് എന്നെത്തേടിയെത്തിയ അഭിനന്ദനങ്ങൾ. 

 

ലാലേട്ടന്റെ അഭിനന്ദനം

 

ഇപ്പോൾ എവിടെ പോയാലും ആളുകൾ ആദ്യം ചോദിക്കുക, കൃഷ്ണ പാടുമല്ലേ! ഇത്ര നന്നായി പാടുമെന്ന് അറിയില്ലായിരുന്നു... എന്നൊക്കെയാണ്. അതിൽ തന്നെ രസകരമായ മറ്റൊരു കാര്യം സംഭവിച്ചു. ഞാനിപ്പോൾ ജീത്തു ജോസഫ് സാറിന്റെ നേര് എന്ന് സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതിന്റെ സെറ്റിൽ ചെന്നപ്പോൾ ലാലേട്ടൻ ഓടി വന്നെന്റെ കയ്യിൽ പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു, "കൃഷ്ണ അസ്സലായി പാടി. ഒത്തിരി ഇഷ്ടപ്പെട്ടു. ഇത്ര നല്ല പാട്ടുകാരിയാണ് താെനന്ന് വിചാരിച്ചില്ല." അതൊരു വലിയ നിമഷമായിരുന്നു എനിക്ക്. അന്ന് ഷോയിൽ പാടിയ ദിവസം സിദ്ദീഖ് ഇക്കയും ജഗദീഷേട്ടനും എന്നെ അടുത്തു വിളിച്ചിരുത്തി പാട്ടിനെക്കുറിച്ച് അഭിനന്ദിച്ചു സംസാരിച്ചു. അവരുടെ ആ വാക്കുകൾ വലിയൊരു അനുഗ്രഹം പോലെയാണ് ഞാൻ ചേർത്തു പിടിക്കുന്നത്. വലിയ സന്തോഷം നൽകിയ നിമിഷങ്ങളായിരുന്നു അവയെല്ലാം.  

 

ഇനി അൽപം ശ്രദ്ധ ആകാം

 

ചില സമയത്ത് അമ്മ പറയും, എന്നോടു പാടാൻ പറഞ്ഞാൽ വലിയ ഗമയാണെന്ന്! പലപ്പോഴും ഞാൻ പാടുമെന്ന കാര്യം ഞാൻ പോലും മറന്നു പോകും. പാട്ടിന്റെ കാര്യത്തിൽ എനിക്കൊരു ശ്രദ്ധക്കുറവുണ്ട്. പാട്ട് എപ്പോഴും എനിക്കൊപ്പം ഉള്ളതല്ലേ എന്നൊരു തോന്നലാണ്. ഇത്രയധികം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് പാട്ട് ഗൗരവമായെടുക്കണം എന്നു തോന്നുന്നത്. കച്ചേരിയെക്കുറിച്ചൊക്കെ വീണ്ടും ആലോചിച്ചു തുടങ്ങാറായെന്നു തോന്നുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com