അക്ഷരങ്ങൾക്കു മുമ്പേ സ്വരവും താളവും പഠിച്ചവൾ; കുടുക്കിലൂടെ വന്ന് ‘മക്ഷിക’യിൽ വിസ്മയിപ്പിച്ച ഭൂമി! അഭിമുഖം

makshika-bhoomi
ഭൂമി
SHARE

മുറ്റത്തു കളിക്കുകയാണെങ്കിലും, ടെലിവിഷനിൽ കഥകളി സംഗീതം വരുമ്പോൾ, ഓടി വന്നു സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു കൊച്ചു പെൺകുട്ടിയുണ്ടായിരുന്നു. ആ പെൺകുട്ടിയെ പ്രീസ്കൂളിൽ വിടുന്നതിനു പകരം വീട്ടുകാർ ആദ്യം ചേർത്തത് മ്യൂസിക് സ്കൂളിലായിരുന്നു. അക്ഷരം പഠിക്കുന്നതിനും മുമ്പ് സംഗീതസ്വരങ്ങൾ കേട്ടു പഠിച്ച ആ പെൺകുട്ടിക്ക് പിന്നീട് ആ സംഗീതം തന്നെ ജീവിതവും പഠനവും ജോലിയുമായി മാറി. ആ കൊച്ചു പെൺകുട്ടിയെ സംഗീതാസ്വാദകർ ഇന്ന് തിരിച്ചറിയുന്നത് 'ഭൂമി' എന്ന പേരിലാണ്. ബിലഹരി സംവിധാനം ചെയ്ത കുടുക്ക് 2025 എന്ന സിനിമയുടെ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതരംഗത്ത് തുടക്കം കുറിച്ച ഭൂമി, 'മക്ഷിക' എന്ന കൊച്ചു സിനിമയിലൂടെ വീണ്ടും വിസ്മയിപ്പിക്കുന്നു. ഒടിടിയിൽ റിലീസ് ചെയ്ത ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന മക്ഷികയുടെ സൗണ്ട് ട്രാക്ക് ഗംഭീര അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ബിലഹരിക്കൊപ്പം വീണ്ടും കൈകോർത്തപ്പോൾ സംഭവിച്ച മക്ഷികയുടെ ശബ്ദാനുഭവത്തെക്കുറിച്ചും സ്വതന്ത്ര സംഗീതസംവിധായിക എന്ന നിലയിലുള്ള വെല്ലുവിളികളെക്കുറിച്ചും തുറന്നു പറഞ്ഞ് ഭൂമി മനോരമ ഓൺലൈനിൽ.

മക്ഷികയുടെ ഫീലിനു പിന്നിൽ

പാർ നോർമൽ അനുഭവമോ ഹൊറർ ഫീലോ നൽകുന്ന ത്രില്ലർ സിനിമയാണ് മക്ഷിക. ഇതിന്റെ സ്റ്റോറി ലൈൻ അബ്സ്ട്രാക്ട് ആണ്. ഓരോ പ്രേക്ഷകർക്കും ഓരോ വായനയും അനുഭവവും ആകും. അതാണ് ഈ സിനിമയുടെ പ്രത്യേകത. കാണുന്നവർക്ക് ഭയം തോന്നണം. അതുപോലെ, കുറ്റബോധമോ സങ്കടമോ ഫീൽ ചെയ്യണം. ഈ രണ്ടു എലമെന്റുകളും മ്യൂസിക്കിൽ കൊണ്ടുവരിക എന്നതായിരുന്നു ചലഞ്ച്. സിനിമയിലുടനീളം പ്രേക്ഷകർ കാണുന്നത് ബിന്ദു പണിക്കർ അവതരിപ്പിച്ച അമ്മയേയും ശ്രീരഞ്ജിനി അവതരിപ്പിച്ച മകളേയുമാണ്. ഈ രണ്ടു കഥാപാത്രങ്ങളുടെയും പക്ഷം പിടിക്കാതെ വേണം മ്യൂസിക് ചെയ്യാൻ! അതായത് അമ്മ കഥാപാത്രത്തിന് അനുകൂലമായി മാത്രമോ മകൾ കഥാപാത്രത്തിന് അനുകൂലമായി മാത്രമോ മ്യൂസിക് ട്രാക്ക് പോകാൻ പറ്റില്ല. അതൊരു വലിയ ടാസ്ക് ആയിരുന്നു. സിനിമ കണ്ടവർക്ക് അക്കാര്യം ശരിക്കും വർക്കൗട്ട് ആയെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. നല്ല പ്രതികരണമാണ് ഇൻഡസ്ട്രിയിൽ നിന്നും ലഭിച്ചത്.    

 

വർക്കായ ടെക്നിക്

തേനീച്ചയുടെ ശബ്ദമില്ലാതെ മക്ഷികയെക്കുറിച്ച് ആലോചിക്കാനെ കഴിയില്ല. പക്ഷേ, അത് സംഗീതവുമായി ബ്ലെൻഡ് ചെയ്തു വേണമായിരുന്നു ഉപയോഗിക്കാൻ! സൗണ്ട് എഫക്ട്സും മ്യൂസികും ഒരു പോലെ ചർച്ച ചെയ്താണ് വർക്ക് ചെയ്തത്. സിനിമയിലുടനീളം മെഷീനുകളുടെ ശബ്ദം കേൾക്കാം. ആ ശബ്ദവും പശ്ചാത്തലസംഗീതവും പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്ന രീതിയിൽ പോകണം. അതായത്, സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് മെഷീനുകളുടെ ശബ്ദമായും തോന്നും, മ്യൂസിക് ആയും തോന്നും. ആശിഷ് ആണ് മക്ഷികയുടെ സൗണ്ട് ഡിസൈൻ ചെയ്തിട്ടുള്ളത്.  തേനീച്ചയുടെ ശബ്ദം, കാറ്റ് എന്നിവയൊക്കെ മ്യൂസിക്കൽ പാഡ് അഥവ സിന്ത് ആക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക് സൗണ്ടിങ് അല്ലാതെ നാച്ചുറൽ സൗണ്ടിങ് കിട്ടുന്നതിന് ഈ ടെക്നിക് ആണ് ഉപയോഗിച്ചത്. മക്ഷികയിൽ റാണി തേനീച്ച ചാവുന്ന കാര്യം പറയുന്ന സ്ഥലത്ത് കാറ്റിന്റെ ശബ്ദമാണ് 'സിന്ത്' ആയി ഉപയോഗിച്ചത്. 

ബിലഹരി നൽകിയ ബ്രേക്ക്

രണ്ടു വർഷം മുമ്പാണ് കുടുക്കിലെ പാട്ടുകൾ ഇറങ്ങിയതും ഹിറ്റായതും. പക്ഷേ, സിനിമ ഇറങ്ങിയത് കഴിഞ്ഞ വർഷമാണ്. ആ സിനിമയുടെ പശ്ചാത്തലസംഗീതവും ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. ഞാനും മുജീബുമാണ് അതു ചെയ്തത്. അതിനു ശേഷം ബിലഹരിയുടെ അടുത്ത സിനിമയുടെ വർക്ക് ഏറ്റെടുത്തു. ആ ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. അതിന് ഇടയിൽ സാനിയ ഇയ്യപ്പനുമായി 'അറിവ്' എന്നൊരു മ്യൂസിക് ആൽബം ചെയ്തു. എട്ടൊൻപതു വർഷമെങ്കിലുമായി ഞാനും ബിലഹരിയും സൗഹൃദത്തിലായിട്ട്. ഒരു പരസ്യത്തിനു വേണ്ടിയാണ് ഞങ്ങൾ ആദ്യം ഒരുമിക്കുന്നത്. പിന്നീട് ഒരുമിച്ച് ധാരാളം ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും ചെയ്തു. എന്നെ സിനിമയിലേക്ക് മടക്കിക്കൊണ്ടു വന്നത് ബിലഹരിയാണ്. എ.ആർ.റഹ്മാന്റെ കെ.എം മ്യൂസിക് കൺസർവേറ്ററിയിൽ നിന്നു കോഴ്സ് ചെയ്തിറങ്ങിയ സമയത്ത് പ്രോഗ്രാമറായി പലർക്കൊപ്പവും ജോലി ചെയ്തി‌‌രുന്നു. പക്ഷേ, പിന്നീട് സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തു. വീണ്ടും സിനിമ എന്ന പ്ലാറ്റ്ഫോമിലേക്ക് എന്നെ ക്ഷണിച്ചത് ബിലഹരിയാണ്. ആദ്യം കുടുക്ക്, ഇപ്പോൾ മക്ഷികയും.

 

വിശ്വസമുണ്ടാക്കുക എന്ന ടാസ്ക്

ഓന്നോ രണ്ടോ സിനിമകൾ ചെയ്ത സ്ത്രീസംഗീതസംവിധായകരുണ്ട്. പക്ഷേ, മുഖ്യധാരാ സിനിമകളിൽ കഴിവു തെളിയിച്ച, ഹിറ്റ്മേക്കർ എന്നു വിളിക്കാവുന്ന വനിതാ മ്യൂസിക് ഡയറക്ടേഴ്സ് ഇല്ല. പാട്ടുകളേക്കാൾ ഹിറ്റ് ബിജിഎം ചെയ്താലേ ശ്രദ്ധിക്കപ്പെടൂ. കാരണം, ഇപ്പോഴത്തെ സിനിമകളിൽ പാട്ടുകൾ കുറവാണ്. ബിജിഎം ഓറിയന്റഡ് സിനിമകളാണ് കൂടുതൽ ഇറങ്ങുന്നത്. സ്ത്രീകൾക്ക് കഴിവില്ലാത്തതുകൊണ്ടല്ല, അവസരങ്ങൾ കുറവായതുകൊണ്ടാണ് ഈ മേഖലയിലേക്ക് അധികം വരാത്തത്. സംവിധായകനും നിർമാതാവിനും ഏറ്റവും ടെൻഷനുള്ള മേഖലയാണ് സിനിമയുടെ ബിജിഎം. അതിലൂടെ ഒരു സിനിമയെ മെച്ചപ്പെടുത്താനും നശിപ്പിക്കാനും പറ്റും. അവരുടെ വിശ്വാസം നേടിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. കാരണം, ഈ മേഖലയിൽ ആ വിശ്വാസം ആർജ്ജിച്ചെടുക്കാൻ തന്നെ വർഷങ്ങളെടുക്കും. കുടുക്ക് ചെയ്യുമ്പോൾ എനിക്ക് ഈ ഇൻഡസ്ട്രിയെക്കുറിച്ച് ആകുലതകളുണ്ടായിരുന്നു. എന്നാലിപ്പോൾ, മക്ഷികയ്ക്കു ശേഷം എനിക്ക് പ്രതീക്ഷകളുണ്ട്. 

ക്ഷമ വേണം, സമയമെടുക്കും

പാട്ടു ചെയ്യാൻ ആവശ്യമായതിനേക്കാൾ കൂടുതൽ സാങ്കേതിക അറിവ് പശ്ചാത്തല സംഗീതം ചെയ്യാൻ വേണം. പലപ്പോഴും ഈ സാങ്കേതിക ജ്ഞാനം സ്ത്രീകൾ സ്വായത്തമാക്കുന്നില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ, സംഗീതസംവിധാനത്തിൽ കഴിവു തെളിയിക്കുക എന്നത് സമയമെടുക്കുന്ന പ്രക്രിയ ആണ്. ഏറ്റവും ചുരുങ്ങിയത് 10 വർഷമെങ്കിലും പണിയെടുത്തിട്ടാകും ഒരു ബ്രേക്ക് കിട്ടുക. നമ്മുടെ സമൂഹത്തിന്റെ സോഷ്യൽ കണ്ടീഷനിങ് വച്ച് അങ്ങനെയൊരു റിസ്ക് അധികം സ്ത്രീകൾ എടുക്കാറില്ല. എ.ആർ.റഹ്മാന്റെ കെ.എം മ്യൂസിക് കൺസർവേറ്ററിയിൽ നിന്നു പഠിച്ചിറങ്ങിയതിനു ശേഷം എന്റേതായ രീതിയിൽ ധാരാളം പഠനങ്ങൾ ചെയ്തിട്ടുണ്ട്. മ്യൂസിക് കംപോസിങ് ആയാലും പ്രൊഡക്‌ഷൻ ആയാലും അതിന്റെ ബേസിക് മാത്രമേ ഒരു സ്കൂളിൽ നിന്നു നമുക്ക് പഠിക്കാൻ പറ്റൂ. മികവും പ്രാഗൽഭ്യവും സ്വന്തം രീതിയിൽ ആർജ്ജിച്ചെടുക്കണം. അത് ആർക്കും പഠിപ്പിച്ചു തരാൻ പറ്റില്ല. സമയമെടുക്കുന്ന പരിപാടിയാണ്. സിനിമയിൽ തുടരാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്. ചില സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. വൈകാതെ അവ റിലീസാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS