ADVERTISEMENT

ഓട്ടിസത്തെ പൊരുതിത്തോൽപിച്ച് സംഗീതത്തിൽ പുതിയ താരോദയമായി ഒരു ഡോക്ടർ. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാവിദഗ്ധനായിരുന്ന ഡോ. ലിങ്കൺ സാമുവൽ ആണ് ജോലി ഉപേക്ഷിച്ച് മുഴുനീള സംഗീതോപാസനയിലേക്കു പ്രവേശിച്ചത്. ഒരുകാലത്ത് സഹപാഠികളോടു പോലും മുഖാമുഖം സംസാരിക്കാൻ ഭയപ്പെട്ടിരുന്ന ഡോ. ലിങ്കൺ സാമുവൽ ഇന്ന് ആയിരങ്ങളോടാണ് സംഗീതത്തിന്റെ ഭാഷയിൽ സംവദിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ചൂഴ്ന്നുനിന്ന പ്രശ്നങ്ങൾ ഓട്ടിസം കാരണമാണെന്ന് 34 ാം വയസ്സിലാണ് അദ്ദേഹം തിരിച്ചറിയുന്നത്. ലിങ്കന്റെ ഭാര്യയും ഓട്ടിസം സ്പെഷലിസ്റ്റുമായ ഡോ. സൂസൻ ആണ് ലിങ്കന്റെ രോഗനിർണ്ണയം നടത്തിയത്. അവിടുന്നിങ്ങോട്ട് തിരിച്ചറിവിന്റെ പാതയിലായിരുന്നു ലിങ്കൺ. 

ചെറുപ്പം മുതൽ ഏറെ ആരാധിക്കുന്ന സംഗീതമാണ് തന്റെ വഴി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഓട്ടിസത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി ലിങ്കൺ സംവിധാനം ചെയ്ത ‘മേഘങ്ങൾ’ എന്ന ഗാനം ഓട്ടിസം രോഗബാധിതനായ സുകേഷ് കുട്ടൻ എന്ന ഗായകനും പ്രശസ്ത ഗായിക കെ.എസ്.ചിത്രയുമാണ് പാടിയത്. ഒറ്റപ്പെട്ടു പോയേക്കാവുന്ന അവസ്ഥയിൽനിന്ന് ജീവിതം തിരിച്ചുപിടിച്ച ലിങ്കൺ തന്റെ സമാനമായ അവസ്ഥയിലുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അവർക്കുകൂടി വേണ്ടിയാണ് അദ്ദേഹം പാടുന്നത്. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ സ്‌ക്രീനിങ്ങിനു വിധേയമാക്കി ഓട്ടിസം കണ്ടെത്താൻ കഴിഞ്ഞാൽ അവരിലെ കഴിവുകൾ കണ്ടെത്തി നമ്മളിൽ ഒരാളായി വളർത്തിയെടുക്കാൻ കഴിയുമെന്ന് ഡോ. ലിങ്കൺ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഡോ. ലിങ്കൺ സാമുവൽ സംസാരിക്കുന്നു:

'ഞാൻ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറാണ്. 2021 വരെ ആ മേഖലയിൽ ജോലി ചെയ്തു. അതിനു ശേഷം എനിക്ക് ജോലിയിൽ ഒരു മാറ്റം വേണമെന്ന് തോന്നി. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സംഗീതത്തെ പിന്തുടരാൻ തുടങ്ങിയത്. ഇപ്പോൾ പാട്ടും ഗിറ്റാറുമായി സ്റ്റേജ് ഷോകളും സ്വതന്ത്ര ആൽബങ്ങളും ഒക്കെ ചെയ്യുകയാണ്. ഇപ്പോഴാണ് ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞത്. ചെറുപ്പം മുതൽ മറ്റു കുട്ടികളിൽ നിന്ന് വിഭിന്നനായിരുന്നു ഞാൻ. 

അതുകൊണ്ടു തന്നെ എപ്പോഴും ഒറ്റപ്പെട്ട ജീവിതമായിരുന്നു, ആരും എന്നെ ഒപ്പം കൂട്ടില്ല, കളിയാക്കലും കുറ്റപ്പെടുത്തലും കേട്ടാണ് ഞാൻ എന്റെ സ്കൂൾ, കോളജ് കാലങ്ങൾ കഴിച്ചത്. പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു വിവാഹിതനായെങ്കിലും മറ്റുള്ളവരോട് ഇടപെടാനുള്ള ബുദ്ധിമുട്ട് എന്നെ വലച്ചുകൊണ്ടിരുന്നു. ഒടുവിൽ എന്റെ ഭാര്യ സൂസനാണ് എനിക്ക് ഓട്ടിസമാണ് എന്ന് കണ്ടെത്തിയത്. സൂസൻ ഓട്ടിസത്തിന്റെ സ്പെഷലിസ്റ്റ് ഡോക്ടർ ആണ്. 

എനിക്ക് സാമൂഹികമായി ഇടപെടാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വിവാഹ ബന്ധത്തിലും ചെറിയ റിലേഷൻഷിപ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. അതുവരെ എനിക്ക് ഓട്ടിസം ആണെന്ന് ആരും കണ്ടുപിടിച്ചിട്ടില്ല. എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി സൂസൻ കൂടുതൽ ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്‌തു നോക്കിയപ്പോഴാണ് ഓട്ടിസത്തിന്റെ ഒരു വിഭാഗമായ ആസ്പെർഗെർസ് സിൻഡ്രോം ആണ് എനിക്കെന്നു തിരിച്ചറിഞ്ഞത്. ജീവിതകാലം മുഴുവൻ എനിക്ക് ഈ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കുഞ്ഞുന്നാൾ മുതൽ എന്റെ ഭാര്യ എന്നെ മനസ്സിലാക്കുന്നതു വരെ ഈ അസുഖത്തിന്റെ പിടിയിൽ പെട്ട്, എന്താണ് എനിക്കു പറ്റിയതെന്നു തിരിച്ചറിയാതെ, മറ്റുള്ളവരുടെ അവഹേളനങ്ങൾക്കു പാത്രമായി ജീവിക്കുകയായിരുന്നു ഞാൻ.

lincoln-2 - 1
ഡോ. ലിങ്കൺ സാമുവൽ

ചെറുപ്പം മുതൽ സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു. മെഡിസിനു പഠിക്കുമ്പോഴും പാട്ട് എഴുതുക, പാടുക, ഗിറ്റാറിനെക്കുറിച്ച് കൂടുതൽ മനസിലാക്കുക ഒക്കെ ചെയ്യാറുണ്ടായിരുന്നു. പിന്നീടാണ് സംഗീതത്തിലാണ് എനിക്ക് കൂടുതൽ താൽപര്യം എന്ന് മനസ്സിലായത്. ഓട്ടിസ്റ്റിക് ആയവർക്ക് ഏതെങ്കിലും ഒരു മേഖലയിൽ താൽപര്യം കൂടുതൽ ഉണ്ടാകും. അതെന്താണെന്നും ആ കഴിവ് എവിടെയാണു പൂർണമായും ഉപയോഗിക്കാൻ കഴിയുകയെന്നും കണ്ടുപിടിക്കുകയാണ് പ്രധാനം.

മറ്റുള്ള കുട്ടികളെപ്പോലെ ആയിരുന്നില്ല ഞാൻ. എന്നാൽ സാധാരണ ഓട്ടിസ്റ്റിക് ആയ കുട്ടികളെപ്പോലെ കാഴ്ചയിൽ വലിയ പ്രശ്നം തോന്നുകയുമില്ലായിരുന്നു. മറ്റുളളവരോട് ഇടപെടുന്നതിലും അവർ എന്നെ മനസ്സിലാക്കുന്നതിലും ആയിരുന്നു പ്രശ്നം. ആസ്പെർഗേർസ് സിൻഡ്രോം ഉള്ളവർക്ക് നല്ല ബുദ്ധി ഉണ്ടായിരിക്കും എങ്കിലും ചിലപ്പോൾ പഠനത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കണം എന്നില്ല. പക്ഷേ ഏതെങ്കിലും ഒരു പ്രത്യേക കഴിവ് പ്രകടമാക്കേണ്ട ഇടത്ത് എത്തുമ്പോൾ അതിൽ മികവ് പുലർത്തും. ഞാൻ എംബിബിഎസിനു പഠിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പിന്നീട് പ്രാക്ടീസ് ചെയ്തു തുടങ്ങിയപ്പോൾ എനിക്കു കഴിവു തെളിയിക്കാൻ പറ്റി. 

എല്ലാ കുട്ടികളും പഠിച്ച സിസ്റ്റത്തിൽ വളരെ ബുദ്ധിമുട്ടി പഠിച്ചിറങ്ങിയ ആളാണ് ഞാൻ. പഠിക്കുന്ന സമയത്ത് ഞാൻ മറ്റു കുട്ടികളെപ്പോലെ ആയിരുന്നില്ല. എന്താണു കുഴപ്പമെന്ന് എനിക്കോ മറ്റുള്ളവർക്കോ അറിയില്ല. എല്ലാവരെയും പോലെയല്ല എന്നേ അറിയൂ.  എല്ലാവരും എന്നെ മാറ്റി നിർത്തിയിരുന്നു. മറ്റു പേരുകൾ വിളിക്കുക,തുപ്പൽ ദേഹത്തു തേക്കുക, ലൈംഗികമായി ഉപദ്രവിക്കുക തുടങ്ങിയവയൊക്കെ ചെയ്തിട്ടുണ്ട്.

ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. മറ്റുള്ള കുട്ടികൾ എന്നെ വേദനിപ്പിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിനോടൊന്നും പ്രതികരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആരോടെങ്കിലും പറഞ്ഞാലും അവർക്ക് മനസ്സിലാകുന്നുമില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോഴാണ് എനിക്ക് എല്ലാം മനസ്സിലാകുന്നത്. 

ഇപ്പോൾ ഞാൻ പാട്ടുകളിലൂടെ ഇതൊക്കെ പറയാൻ ശ്രമിക്കാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ സംസാരശൈലി അനുകരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങളെപ്പോലെ സംസാരിക്കും. അങ്ങനെയൊരു പ്രശ്നം ഈ അസുഖത്തിനുണ്ട്. പക്ഷേ എന്റെ പ്രഫഷനിൽ ഞാൻ മികവ് പുലർത്തിയിരുന്നു. ഒരുപാട് കുഞ്ഞുങ്ങളെ ഞാൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആരും തൊടാതിരുന്ന അത്യാഹിത കേസുകളൊക്കെ എടുക്കുമായിരുന്നു. അവിടെയും സ്വാർഥരെയും സ്വന്തം കാര്യം നോക്കുന്നവരെയും കണ്ടു മടുത്തിട്ടാണ് ഞാൻ പ്രഫഷൻ വിട്ടത്. ഡോക്ടർമാരിൽ പണ്ടത്തെപ്പോലെ ദയയുള്ളവർ കുറവാണ്.

'ഞാൻ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർ ആയതിനു പിന്നിൽ ഒരു കഥയുണ്ട്'

എന്റെ ചേച്ചി ജനിച്ചപ്പോൾ ഹൃദയപേശികൾക്ക് തകരാർ ഉണ്ടായിരുന്നു. അന്ന് നാട്ടിൽ അതിനു ചികിത്സ ഇല്ലാത്തതിനാൽ യുകെയിൽ പോയാണ് ചികിൽസിച്ചത്. അന്ന് അമ്മ എന്നെ ഗർഭം ധരിച്ചിരിക്കുകയാണ്. ചേച്ചിയെ നോക്കുന്നതിനിടയിൽ ഗർഭത്തിന്റെ ബുദ്ധിമുട്ടു കൂടി സഹിക്കാൻ പറ്റാത്തതുകൊണ്ട് അബോർട്ട് ചെയ്യാൻ ആലോചിച്ചപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു, ‘‘ഈ കുട്ടിയെ കളയരുത്, ചിലപ്പോൾ ഈ കുട്ടി ആയിരിക്കും ഇതുപോലെയുള്ള കുട്ടികൾക്ക് രക്ഷകനാകുന്നത്’’ എന്ന്. ഞാൻ വളർന്നപ്പോൾ അമ്മ എന്നോടു പറഞ്ഞതാണ് ഈ കഥ. 

അന്ന് സഹോദരിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ പേരാണ് ക്രിസ്റ്റഫർ ലിങ്കൺ. അങ്ങനെയാണ് ലിങ്കൺ എന്ന പേര് എനിക്കിട്ടത്. ലിങ്കൺ ജോസഫ് സാമുവേൽ എന്നാണ് മുഴുവൻ പേര്. എനിക്ക് ചെറുപ്പം മുതൽ സംഗീതത്തിൽ ആയിരുന്നു താൽപര്യം പക്ഷേ മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങി മെഡിസിന് ചേർന്നതാണ്. ഇപ്പോൾ എല്ലാവരും പണം കിട്ടുന്ന സ്പെഷ്യാലിറ്റി ആണ് ചെയ്യുന്നത്. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുണ്ട്. അങ്ങനെയാണ് അത് പഠിക്കാം എന്ന് തീരുമാനിച്ചത്.

മറ്റുള്ളവർക്ക് നന്മ ചെയ്യണം എന്നാണ് വീട്ടിൽ പഠിപ്പിച്ചിട്ടുള്ളത്. എന്റെ അമ്മ ഡോക്ടറായിരുന്നു. എനിക്ക് കുഞ്ഞുങ്ങളോട് വലിയ ഇഷ്ടമാണ്. കുട്ടിക്കാലത്ത് ഞാൻ നേരിട്ടിട്ടുള്ള പീഡനങ്ങൾ ഓർമയുള്ളതുകൊണ്ട് കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. ജോലി കഴിഞ്ഞ് അഞ്ചുമണിക്ക് വീട്ടിൽ പോകുന്ന ആളല്ല ഞാൻ. സർജറി കഴിഞ്ഞു നിരീക്ഷണത്തിലുള്ള കുട്ടികളുടെ അടുത്തിരുന്ന് അവരെ നോക്കിയിട്ടുണ്ട്. 

എറണാകുളം കടവന്ത്രയാണ് എന്റെ സ്വദേശം. അബുദാബിയിലാണ് ജനിച്ചു വളർന്നത്. അവിടെ ചെറുപ്പത്തിൽ രണ്ടുപ്രാവശ്യം സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട് അവരും ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഏഴാമത്തെ വയസ്സിലാണ് ഗിറ്റാറിനോടു താൽപര്യം തോന്നുന്നത്. ആരും ഇല്ലെങ്കിലും വീട്ടിൽ ഗിറ്റാറും കൊണ്ട് ഒറ്റയ്ക്ക് ഇരിക്കും. ആ ലോകത്ത് സ്വയം മറന്നിരിക്കും. കൂട്ടുകാരില്ല. എവിടെ ചെന്നാലും ഒറ്റപ്പെടുത്തൽ ആണ്. ഇങ്ങനെ സാഹചര്യം ഉണ്ടാവുക എന്നത് ഈ അസുഖമുള്ളവർ എല്ലാരും നേരിടുന്നതാണ്. നാട്ടിൽ എത്തിയതിനു ശേഷം എന്റെ ഒരു സുഹൃത്തിനോടൊപ്പം ഞാൻ ഒരു ബാൻഡ് തുടങ്ങി.

lincoln-1 - 1
ഡോ. ലിങ്കൺ സാമുവൽ

തിരുവല്ല പുഷ്പഗിരിയിലും ദാവൻഗരെയിലും വെല്ലൂരുമായിരുന്നു മെഡിക്കൽ വിദ്യാഭ്യാസം. മെഡിക്കൽ കോളജിൽ ചെന്നപ്പോൾ കൂട്ടുകാരോടൊപ്പം ബാൻഡ് തുടങ്ങി. പിന്നീട് വൈകുന്നേരങ്ങളിൽ പുറത്തു പോയി ടിവി ഷോകളിലും സിനിമകളിലുമൊക്കെ ഗിറ്റാർ വായിക്കാൻ തുടങ്ങി. ഞാൻ കൂടുതൽ സംഗീതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അത്യാവശ്യം സംഗീതം പ്രൊഡ്യൂസ് ചെയ്യുന്നതൊക്കെ ഞാൻ ഇതിനിടയിൽ പഠിച്ചു. എംബിബിഎസ്‌ പഠനം കഴിഞ്ഞ് ഒരു സുഹൃത്തുമായി ചേർന്ന് ആൽബം ഇറക്കി. അങ്ങനെയാണ് ഈ പണി എനിക്ക് പറ്റും എന്ന് മനസ്സിൽ ഉറപ്പിച്ചത്. പിജി ക്ക് പഠിക്കുമ്പോഴും സംഗീതം ഒപ്പമുണ്ടായിരുന്നു. പിന്നീട് വീട്ടിൽത്തന്നെ സ്റ്റുഡിയോ ഒരുക്കി. 2021 ആയപ്പോഴേക്കും എനിക്ക് മെഡിക്കൽ രംഗത്തോട് താൽപര്യം കുറഞ്ഞു. എനിക്ക് ഏറ്റവും സന്തോഷം തരുന്നത് സംഗീതം തന്നെയായിരുന്നു. അങ്ങനെയാണ് ജോലി വിട്ട് സംഗീതത്തിലേക്ക് വഴി തിരിഞ്ഞത്.

2013 ൽ ആയിരുന്നു വിവാഹം. ഭാര്യക്ക് ആദ്യം തന്നെ സംശയം ഉണ്ടായിരുന്നു പക്ഷേ അത് എന്നോടു പറയാൻ പേടിയും ഉണ്ടായിരുന്നു. എനിക്ക് ഭാര്യയുമായി അഡ്ജസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒൻപതു വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാകുന്നത്. 2017 ൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി വിവാഹമോചനം വരെ എത്തി നിൽക്കുമ്പോൾ, ഞാനും സഹോദരനും കൂടി ഹേ ജൂഡ് എന്ന സിനിമ കാണാൻ പോയി. അതിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റേത് എന്റേതു പോലുള്ള സ്വഭാവമാണ്. ഇത് കണ്ടിട്ട് സഹോദരൻ എന്റെ ഭാര്യയെ വിളിച്ച് പറഞ്ഞു ‘‘ഈ സിനിമയിലെപ്പോലെയാണ് ചേട്ടന്റെ സ്വഭാവം. ഇവന് ഓട്ടിസം ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്’’ എന്ന്. 

ഭാര്യ എനിക്ക് ഒരു ചോദ്യാവലി അയച്ചു തന്നിട്ട് അതിനു മറുപടി എഴുതി നൽകാൻ പറഞ്ഞു. ഓട്ടിസം ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ചോദ്യാവലി ആണ്. അത് അയച്ചുകൊടുത്തപ്പോൾ 200 ൽ 180 ഉത്തരവും പോസിറ്റീവ് ആയിരുന്നു. അപ്പോഴാണ് എനിക്ക് ഓട്ടിസം ആണെന്ന് മനസ്സിലാകുന്നത്. എന്റെ കുഴപ്പങ്ങൾക്കെല്ലാം കാരണം ഈ അസുഖം ആണെന്ന് മനസ്സിലായി. ഓട്ടിസം ഉള്ള ഓരോരുത്തരും ഓരോ തരമാണ്.  ഒരാളെപ്പോലെ വേറൊരാൾ ഉണ്ടാകില്ല. അതിനുശേഷം ഭാര്യയുടെ മേൽനോട്ടത്തിൽ ചികിത്സ ആരംഭിച്ചു. എനിക്ക് അസുഖമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ ഞാൻ പിന്നിലേക്കു സഞ്ചരിച്ചു.

ജീവിതത്തിൽ നടന്ന ഓരോ കാര്യവും റീവൈൻഡ് ചെയ്തു നോക്കിയപ്പോൾ എനിക്കും മനസ്സിലായി. പിന്നെ എന്നെ ഞാൻ തന്നെ കറക്ട് ചെയ്യാൻ തുടങ്ങി. ആ തിരിച്ചറിവ് ഭാര്യക്കും സമാധാനം കൊടുത്തു. കാരണം സൂസൻ ഓട്ടിസം സ്പെഷലിസ്റ്റ് ആയതുകൊണ്ട് കൂടെ നിന്ന് ചികിൽസിക്കാമല്ലോ. ജോലി ബുദ്ധിമുട്ടാണെങ്കിൽ ഉപേക്ഷിച്ച് ഇഷ്ടമുള്ളത് ചെയ്യാൻ പറഞ്ഞത് സൂസനാണ്. അങ്ങനെ ഞാൻ മുഴുവൻ സമയം സംഗീതം ചെയ്യാൻ തുടങ്ങി. ഞാൻ ഇപ്പോൾ റോക്ക് സിംഗറും ഗിറ്റാറിസ്റ്റുമാണ്. എന്റെ ഭാര്യയുടെ സഹോദരിക്ക് ഓട്ടിസം ഉണ്ട്. അവരെ കണ്ടാൽത്തന്നെ നമുക്കതു മനസ്സിലാകും. പക്ഷേ എന്റെ അസുഖം ഉളളവരെ കണ്ടാൽ മനസ്സിലാകില്ല. എന്റെ അസുഖം ഉള്ള ഒരു പ്രശസ്‌ത വ്യക്തിയുണ്ട്– ഇലോൺ മസ്ക്. കണ്ടാൽ അസുഖം ഉണ്ടെന്നു മനസ്സിലാകില്ല.  

lincoln-4 - 1
ഡോ. ലിങ്കൺ സാമുവൽ

ജോലി ഉപേക്ഷിച്ച് ഒരു വർഷം കഴിഞ്ഞ് ലക്കി അലി സാറിന്റെ സ്റ്റേജിൽ പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കപ്പ ടിവി മ്യൂസിക് മോജോയിൽ ഫീച്ചർ ചെയ്തിട്ടുണ്ട്. ഡോ.ലിങ്കൺ എന്നാണു എന്റെ സ്റ്റേജ് പേര്. ഞാൻ ഇതെല്ലാം തുറന്നു പറയുന്നത് എന്നെപ്പോലെയുള്ളവർക്കു പിന്തുണ കിട്ടാൻ കൂടിയാണ്. എന്നെപ്പറ്റി ന്യൂസ് വന്നപ്പോൾ കുറെ ഡോക്ടർമാർ എനിക്ക് മെസേജ് അയച്ചു. ‘നിങ്ങളുടെ ജീവിതം ഞങ്ങളുടെ കണ്ണുതുറപ്പിച്ചു, ഇഷ്ടമുള്ളതു ചെയ്യാനുള്ള ഒരു ആത്മവിശ്വാസം ഞങ്ങൾക്ക് കിട്ടി’ എന്ന്. ഇപ്പോൾ മെഡിക്കൽ പ്രഫഷൻ പൂർ‌ണമായും നിർത്തി. എന്നാലും സുഹൃത്തുക്കൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്.

2020 ൽ ഞാൻ ‘മേഘങ്ങൾ’ എന്നൊരു പാട്ട് ചെയ്തു. അതിൽ ചിത്ര ചേച്ചിയും ഓട്ടിസം ബാധിതനായ സുകേഷ് കുട്ടനുമാണ് പാടിയിരിക്കുന്നത്. എനിക്ക് ഭാര്യയാണ് ഇങ്ങനെ ഒരു പാട്ട് ചെയ്യാൻ പ്രചോദനം നൽകിയത്. എന്റെ മോനെ ആരും പാടാൻ വിളിക്കില്ല എന്ന് സുകേഷിന്റെ അമ്മ പറഞ്ഞത് കേട്ട് വിഷമമായി. അങ്ങനെയാണ് ഞാൻ ആ പാട്ട് ചെയ്തത്. അതിൽ താരാട്ട് പാടുന്ന ഭാഗമാണ് ചിത്ര ചേച്ചി പാടിയത്. ഓട്ടിസം ഉള്ളവരെയും നമ്മൾ ചേർത്തുപിടിക്കണം, അവസരം കൊടുക്കണം എന്ന ഒരു അവയർനെസ് ഉണ്ടാക്കാൻ വേണ്ടിയാണ് ആ പാട്ട് ചെയ്തത്. ഒരുപാടു പേർ എന്റെ പാട്ടു കേട്ട് എന്നെ തേടി വരുന്നുണ്ട്. നടൻ വിനയ് ഫോർട്ടിന്റെ സോഷ്യൽ മീഡിയ ഫീഡിൽ എന്റെ പാട്ട് എങ്ങനെയോ എത്തി. അദ്ദേഹം എന്റെ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് എന്നെ ബന്ധപ്പെട്ടു, ഞങ്ങൾ തമ്മിൽ ഇപ്പോൾ നല്ല സൗഹൃദമുണ്ട്.

ഓട്ടിസം ഉള്ള കുട്ടികൾക്ക് ഇപ്പോൾ നല്ല ചികിത്സയും ബോധവൽക്കരണവും നടക്കുന്നുണ്ട്. കുട്ടികളെ നിരീക്ഷിച്ച് അവരുടെ പ്രശ്നങ്ങൾ കണ്ടുപിടിക്കുക എന്നുള്ളതാണ് പ്രധാനം. അവരുടെ കഴിവ് കണ്ടെത്തി ആ  മേഖലയിൽ പരിശീലനം കൊടുത്താൽ അവരെയും നല്ല ജീവിതാവസ്ഥയിൽ എത്തിക്കാം. അഞ്ചുവയസ്സോടെയാണ് കുട്ടികൾ അത്യാവശ്യം സംസാരിച്ച് ഓടിക്കളിക്കാനും മറ്റുള്ളവരോട് ഇടപെടാനും തുടങ്ങുന്നത്. ആ സമയത്ത് കുട്ടികൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ശ്രദ്ധിക്കണം. സ്ക്രീനിങ് ചെയ്യുക എന്നതാണ് പ്രധാനം. കേരളത്തിലെ രക്ഷിതാക്കൾ ഇതുവരെ ഇക്കാര്യത്തിൽ പുറകിലായിരുന്നു. ഇപ്പോൾ ആളുകൾക്ക് കൂടുതൽ അവബോധം വന്നിട്ടുണ്ട്. ഡോക്ടർമാർ പോലും കുട്ടികളെപ്പറ്റി മോശമായി പറയുന്നത് കണ്ടിട്ടുണ്ട്. 

ഞാൻ ഒരിക്കൽ ഹൃദയസംബന്ധമായ ഒരു സ്ക്രീനിങ് ക്യാംപ് വച്ചപ്പോൾ അവിടെ വന്ന ഒരു കുട്ടി ഭയങ്കരമായി ഹൈപ്പർ ആക്റ്റീവ് ആകുന്നത് കണ്ടിട്ട് ഒരു ഡോക്ടർ പറഞ്ഞത് അവന് വട്ടാണ്‌ എന്നാണ്. അതു കേട്ടപ്പോൾ എന്റെ മനസ്സ് വല്ലാതെ മുറിപ്പെട്ടു. ഞാൻ അവന്റെ മാതാപിതാക്കൾക്ക് സൂസന്റെ നമ്പർ കൊടുത്തിട്ട് പോയി കാണാൻ പറഞ്ഞു. ഇത്തരത്തിലുള്ള പെരുമാറ്റം ഇല്ലാതാകേണ്ടതാണ്, ഇങ്ങനെയുള്ള വാക്കുകൾ കേട്ട് മനസ്സ് മടുത്തുപോയ വ്യക്തിയാണ് ഞാൻ. കുഞ്ഞിലേ മുതൽ ആ കുട്ടികൾക്ക് നല്ല ട്രെയിനിങ് കൊടുത്താൽ അവരെയും ഈ സമൂഹത്തിൽ ആത്മവിശ്വാസത്തോടെ വളരാനുള്ള അവസരം ഉണ്ടാകും'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com