ADVERTISEMENT

രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല.. എന്ന പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നു പറയാനാകില്ല. ജയൻ എന്ന നടൻ മരിക്കുമ്പോൾ ‍ഞങ്ങൾ അദ്ദേഹത്തിന്റെ കോളിളക്കം എന്ന സിനിമയുടെ പിന്നണി സംഗീതം റിക്കോർഡ് ചെയ്യുകയാണ്. സ്റ്റുഡിയോയിലെ ഇടവേളകളിൽ എന്റെ ഡ്രമ്മിൽ താളം പിടിക്കാൻ ജയൻ സർ വരുമായിരുന്നു. ‘കസ്തൂരിമാൻ മിഴി, മലർശരമെയ്തു.. ’ എന്ന പാട്ടിനു താളമിട്ടതു ‍ഞാനാണ്. ഇന്നും പലപ്പോഴും ‍ഞാൻ പാട്ടു വീണ്ടും വീണ്ടും കേൾക്കും. ജയൻ സാറിനെ ഓർക്കും. സത്യൻ അന്തിക്കാട് സർ അന്നു സ്റ്റുഡിയോയിൽ സഹായിക്കുന്ന അസിസ്റ്റന്റാണ്.

ശിവമണി എങ്ങനെയാണു ചെണ്ടയുമായി ഇത്രയേറെ അടുത്തത്?

എന്റെ ചെറുപ്പകാലത്തു ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡിയോകളിൽ നാരായണൻ, കേശവൻ എന്നിവരായിരുന്നു ചെണ്ട കൊട്ടിയിരുന്നത്. ഞാൻ അത്ഭുതത്തോടെയാണ് അതു കണ്ടിരുന്നത്. ചെന്നൈയിലെ അയ്യപ്പൻ വിളക്കുകൾക്കു ‍ഞാൻ സ്ഥിരമായി പോകും. അവിടത്തെ മേളത്തിന്റെ ശക്തിയും ഊർജവും കണ്ടു ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. മട്ടന്നൂർ ശങ്കരൻകുട്ടിയുമായി ചേർന്നു പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ ചെണ്ട എന്റെ പ്രിയപ്പെട്ട വാദ്യങ്ങളിലൊന്നായി. പാണ്ടിമേളവും പഞ്ചാരിയും ജനിച്ച തൃശൂരിലെ പെരുവനം ഗ്രാമത്തിൽ പെരുവനം കുട്ടൻ മാരാരുടെ എഴുപതാം പിറന്നാളിനു ഞാൻ പരിപാടി അവതരിപ്പിച്ചു. ഇതുപോലൊരു വാദ്യ ഗ്രാമവുമായി അടുക്കുന്നതും ഭാഗ്യമാണ്.

∙ കെ.വി.മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, ടി.വി.ഗോപാലകൃഷ്ണൻ, വളയപ്പെട്ടി തുടങ്ങിയ മഹാരഥന്മാർക്കൊപ്പം വാദ്യം വായിച്ച ഒരാളാണു താങ്കൾ. ഇപ്പോൾ അത്രയും വലിയ മാസ്റ്റേഴ്സ് ഇന്നില്ലെന്നു തോന്നുന്നുണ്ടോ?

കുട്ടികൾ പെട്ടെന്നു മാസ്റ്റേഴ്സ് ആകില്ല. പഠനം പോലെയാണു ഞാൻ പരിപാടികളിൽ പങ്കെടുത്തിരുന്നത്. ഇപ്പോഴും ഗുരുതുല്യരായർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നു. യുവതലമുറയ്ക്ക് ഒപ്പവും വായിക്കുന്നു. ഇപ്പോഴത്തെ പല ചെറുപ്പക്കാരും എന്നെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഇന്നത്തെ കുട്ടികളിൽ പലരും മാസ്റ്റേഴ്സ് ആകും. എനിക്കൊരിക്കലും പ്രതിഭകളുടെ കുറവ് അനുഭവപ്പെട്ടിട്ടില്ല. ഓരോ പുതിയ കലാകാരനിലും ഞാനൊരു അദ്ഭുതം കാണുന്നു. പണ്ടുള്ളവരുണ്ടാക്കിയ അടിത്തറയിലാണു ഓരോ കലയും ജീവിക്കുന്നതും വളരുന്നതും.

∙ കയ്യിൽ കെട്ടിയ ഇലക്ട്രോണിക് ബാൻഡ് ഉപയോഗിച്ച് എന്തും വായിക്കുന്ന രീതി വന്നല്ലോ. ഭാവിയിൽ തനതു വാദ്യോപകരണങ്ങൾ ഇല്ലാതാകുമോ?

മിഴാവ് എന്ന കേരളീയ വാദ്യോപകരണത്തെ എത്ര വലിയ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചും കോപ്പി ചെയ്യാനാകില്ല. ഇടയ്ക്ക, ചെണ്ട, മൃദംഗം എന്നിവയ്ക്കൊന്നും ഇലക്ട്രോണിക് ഉപകരണം പകരക്കാരാകില്ല. തുകൽ വാദ്യത്തിലെ ഓരോ ബിന്ദുവിനും ഓരോ ശബ്ദമാണ്. വായിക്കുന്ന ആളുടെ പ്രതിഭയാണ് അതു കണ്ടെടുക്കുന്നത്. ഞാനും ഇലക്ട്രോണിക് ബാൻഡുകൾ ഉപയോഗിച്ചു പ്രകടനം നടത്തിയിട്ടുണ്ട്. ജാസ് ഇല്ലാതെ വായുവിൽ കോലു ചലിപ്പിച്ചാൽ ജാസിന്റെ ശബ്ദം വരും. പക്ഷേ അതിലൊരിക്കലും എനിക്ക് ആത്മാവു കണ്ടെത്താനായിട്ടില്ല. കാണികൾ അത് ആസ്വദിക്കുകയുമില്ല. ഉപകരണം മുന്നിലില്ലാതെ എന്തോ കോമാളി കാണിക്കുന്നതായി തോന്നും. ശബ്ദം മാത്രമല്ല വാദ്യവായന. എൺപതുകളിൽ ഇളയരാജ സാർ ഡ്രം മെഷീൻ കൊണ്ടുവന്നു. ജോലി ഇല്ലാതാകുമോ എന്നെനിക്ക് അന്നു പേടി തോന്നിയിരുന്നു. എന്റെ കുടുംബം നടത്താൻ സംഗീതമല്ലാതെ ഒന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ, വീണ്ടും വാദ്യോപകരണം സജീവമായി. യന്ത്രത്തിനു കലാകാരനെ മറികടക്കാനാകില്ല.

∙ ഇന്നത്തെ കുട്ടികളുടെ സംഗീത വഴിയിൽ ശിവമണി തൃപ്തനാണോ?

കലയും സംഗീതവും ഒരു കാലത്തും ഒരേ വഴിയിൽതന്നെ നടക്കില്ല. പുതിയ പുതിയ രീതികളിൽ അതു വളരും. പുതിയ തലമുറ സംഗീതം പഠിക്കുന്നതു ഗുരുമുഖത്തുനിന്നു മാത്രമല്ല. യുട്യൂബിൽനിന്നു കൂടിയാണ്. അതു തെറ്റായ കാര്യമല്ല. പുതിയ തലമുറയുടെ സംഗീത വഴികൾ വളരെ വ്യത്യസ്തമാണെന്നു തോന്നാം. നമ്മൾ അതു ശ്രദ്ധിക്കണം. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റവും സംഗീതത്തെ നിയന്ത്രിക്കും. ഇളയരാജ സർ ഒരു കാലത്തു വിദേശത്തുനിന്നു ഡ്രം മെഷീൻ കൊണ്ടുവന്നു. അന്നു ഞാൻ വല്ലാതെ പേടിച്ചിരുന്നു. കാരണം, എന്റെ കുടുംബത്തെ നോക്കാൻ എനിക്കു അറിയാവുന്ന ഏക ജോലി ഡ്രം വായിക്കലാണ്. അതില്ലാതെയാകുമോ എന്നു പേടിച്ചു. അത്തരം യന്ത്രങ്ങൾ വന്നാൽ പിന്നെ അത്യാവശ്യത്തിനു മാത്രം കലാകാരന്മാർ മതി. പക്ഷേ തൊട്ടു പുറകേ വന്ന എ.ആർ.റഹ്മാൻ എല്ലാം വാദ്യോപകരണങ്ങളിൽ വായിക്കാ‍ൻ തുടങ്ങി. ഓരോ സംഗീതഞ്ജർക്കും ഓരോ രീതിയുണ്ട്. പക്ഷ അന്തിമമായി അവരുടെയെല്ലാം ജീവിതം സംഗീതം മാത്രമാണ്.

∙ കൂടുതൽ പേർ സംഗീതത്തിലേക്കു വരുന്നതായി തോന്നിയിട്ടുണ്ടോ?

ഇന്ത്യയിലെ സംഗീതത്തെ സ്നേഹിക്കുന്ന യുവതലമുറയുടെ എണ്ണം കൂടിയിരിക്കുന്നു. ആയിരക്കണക്കിനു സംഗീത കൂട്ടായ്മകളുണ്ട്. ലഹരിയിലേക്കു യുവതലമുറയെ കൊണ്ടു പോകാതെ സൂക്ഷിക്കാൻ സംഗീതത്തിനു കഴിയും. നാം അതു പ്രോത്സാഹിപ്പിക്കണം. സാമൂഹിക മാധ്യമങ്ങൾ അതിനുള്ള മാർഗങ്ങളാക്കണം. ലഹരി മരുന്നാണു നല്ല സംഗീതം കണ്ടെത്താനുള്ള വഴിയെന്നു കരുതിയ കാലമുണ്ടായിരുന്നു. അതില്ലാതായി. മാത്രമല്ല നമ്മുടെ കുട്ടികൾ ഇന്ത്യൻ സംഗീതത്തെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

∙ ശിവമണിക്കു കേരളവുമായി വലിയ അടുപ്പം തോന്നുന്നത് എന്തുകൊണ്ടാണ്.?

സംഗീതം മാത്രമല്ല എന്നെ കേരളവുമായി അടുപ്പിക്കുന്നത്. എത്രയോ കാലമായി എന്റെ എല്ലാ ജന്മദിനം ആഘോഷിക്കുന്നതു ശബരിമലയിലാണ്. ഇതെല്ലാം അടുപ്പത്തിനു കാരണമാണ്. ഞാൻ സംഗീതം നൽകുന്ന ‘ക്വട്ടേഷൻ ഗാങ്’ എന്ന സിനിമയിൽ വൈക്കം വിജയ ലക്ഷ്മി മനോഹരമായൊരു പാട്ടു പാടിയിട്ടുണ്ട്.

English Summary:

Interview with percussionist Sivamani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com