ADVERTISEMENT

2008ൽ പുറത്തിറങ്ങിയ മുല്ലയിലെ 'കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം' പാടി മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തിയ ശ്രീകുമാർ വാക്കിയിൽ എന്ന ഗായകന്റെ മേൽവിലാസം അദ്ദേഹം പാടിയ പാട്ടുകളാണ്. അനുരാഗവിലോചനനായ്, ഈ സോളമനും ശോശന്നയും, ദോ നേന, അയലത്തെ പെണ്ണിന്റെ ഉള്ളിൽ, ലാ ലെട്ടം എന്നിങ്ങനെ പാടിയ പാട്ടുകളിൽ ഭൂരിപക്ഷവും ഹിറ്റടിച്ച ശ്രീകുമാർ, വീണ്ടും മറ്റൊരു മെലഡിയുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ശ്രീകുമാറിന് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച പ്രശാന്ത് പിള്ളയുടെ സംഗീതത്തിലാണ് പുതിയ ഹിറ്റും സംഭവിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിലെ 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' എന്നു തുടങ്ങുന്ന ഗാനം അഭയ ഹിരൺമയിക്കൊപ്പം ആലപിച്ചിരിക്കുന്നത് ശ്രീകുമാറാണ്. പുതിയ പാട്ടിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ ശ്രീകുമാർ വാക്കിയിൽ. 

എന്തുകൊണ്ട് ഈ ഇടവേള?

ഞാൻ ഡൽഹിയിലാണ്. ഇടവേളകൾ പ്ലാൻ ചെയ്തു സംഭവിക്കുന്നതല്ല. അങ്ങനെ വന്നു പോകുന്നതാണ്. കിട്ടുന്ന ഇടവേളകളിൽ സ്വയം നവീകരിക്കാനും മെച്ചപ്പെടാനുമാണ് ശ്രമിക്കുന്നത്. സംഗീതം തന്നെയാണ് പരിപാടി. പാട്ടുകൾ കംപോസ് ചെയ്യും. സംഗീതവുമായി ബന്ധപ്പെട്ട പണികൾ തന്നെയാണ് പ്രധാനമായും ചെയ്യുന്നത്. സംഗീതത്തിൽ തന്നെയാണ് പൂർണ ശ്രദ്ധ. സംഗീതത്തിന്റെ പല സാധ്യതകൾ തേടുകയാണ് ഞാൻ. സംഗീതമെന്നാൽ പാട്ട് മാത്രമല്ലല്ലോ! 

ആദ്യം പാടിയത് വേറെ വേർഷൻ

എന്തുകാരണം കൊണ്ടാണ് പ്രശാന്ത് പിള്ള എന്നെ വിളിക്കുന്നതെന്ന് അറിയില്ല. അദ്ദേഹം വിളിക്കുമ്പോഴൊക്കെ നല്ല പാട്ടുകൾ സംഭവിച്ചിട്ടുണ്ട്. അതുപോലെ ഒരു ദിവസം എന്നെ വിളിച്ച് അദ്ദേഹം പറഞ്ഞു, ഒരു പാട്ടുണ്ട്. ആദ്യം ചെയ്തത് ഇപ്പോൾ കേൾക്കുന്ന വേർഷനല്ല. ഇതേ സീക്വൻസിൽ ഉപയോഗിക്കാൻ ആദ്യം ചെയ്ത പാട്ടും ഞാൻ പാടിയിരുന്നു. ആ വേർഷൻ അവർ ഉപയോഗിച്ചില്ല. പിന്നെയാണ്, ഈ വേർഷൻ പാടാൻ വിളിക്കുന്നത്. അദ്ദേഹം പാട്ടു വരുന്ന രംഗം വിവരിച്ചു തന്നു. അതുപോലെ പാട്ടിനു കൊടുക്കേണ്ട ഫീലും പറഞ്ഞു തന്നു. അങ്ങനെയാണ് പാടുന്നത്. 

റെക്കോർഡ് ചെയ്തത് ഗുരുഗ്രാമിൽ

ഡൽഹി ഗുരുഗ്രാമിലെ ഒരു സ്റ്റുഡിയോയിലാണ് ഈ പാട്ട് ഞാൻ റെക്കോർഡ് ചെയ്തത്. ഒരു റഫ് ട്രാക്ക് അയച്ചു തന്നിരുന്നു. അതു കേട്ടു ഞാൻ പഠിച്ചു. എന്നിട്ട്, ഞാൻ തന്നെ സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്ത് അയച്ചുകൊടുത്തു. റെക്കോർഡ് ചെയ്യുന്ന സമയത്ത് മലൈക്കോട്ടൈ വാലിബൻ ടീമിലെ ആരും എനിക്കൊപ്പം ഉണ്ടായിരുന്നില്ല. പാട്ട് അയച്ചു കൊടുത്തതു കേട്ടപ്പോൾ അവർക്ക് അത് ഇഷ്ടമായി. ഈ പാട്ട് ആളുകൾ ഏറ്റെടുത്തെന്നു കേൾക്കുമ്പോൾ വലിയ സന്തോഷം. ചിലരൊക്കെ സോഷ്യൽ മീഡിയ വഴി അവരുടെ സ്നേഹവും സന്തോഷവും നേരിൽ അറിയിച്ചു. ഈ സിനിമയിൽ വേറെയും പാട്ടുകളുണ്ട്. പക്ഷേ, ഈ പാട്ടു മാത്രമാണ് ഞാൻ പാടിയത്. 

തിരഞ്ഞെടുപ്പിൽ പക്ഷപാതമില്ല

ഒരു ഗായകനെ അല്ലെങ്കിൽ ഗായികയെ തിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രശാന്ത് പിള്ളയ്ക്ക് വ്യക്തിപര‌മായ ഇഷ്ടങ്ങളില്ല. സംവിധായകന്റെ താൽപര്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ അദ്ദേഹം പക്ഷപാതം കാണിക്കാറില്ല. പാട്ടിന് എന്താണോ ബെസ്റ്റ്, അതു മാത്രം നോക്കിയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. പ്രശസ്തരെന്നോ പുതുമുഖമെന്നോ അദ്ദേഹം നോക്കാറില്ല. സിനിമയിലെ കഥാപാത്രത്തിനും രംഗത്തിനും അനുയോജ്യമാകണമെന്നു മാത്രം. 

 

കംഫർട്ട് സോണിൽ ഞാൻ ഹാപ്പി

ഞാൻ അത്ര സോഷ്യൽ അല്ല. കുറച്ചു മാത്രം സംസാരിക്കുന്ന ഒരാളാണ്. ഒരു കാര്യം സാധിക്കാൻ വേണ്ടി മത്സരിച്ചോടുന്ന പ്രകൃതം എനിക്കില്ല. എന്റെ കംഫർട്ടിൽ നിന്നാണ് ഞാൻ കാര്യങ്ങൾ ചെയ്യുക. ഞാൻ കംപോസ് ചെയ്യാറുണ്ട്. സംഗീതോപകരണങ്ങൾ വായിക്കാറുണ്ട്. സംഗീതം പഠിപ്പിക്കാറുണ്ട്. കുറച്ചൊക്കെ എഴുതും. തിയറ്ററിനു വേണ്ടി പാട്ടുകൾ ചെയ്യാറുണ്ട്. സോഷ്യൽ അല്ലാത്തതുകൊണ്ട്, സിനിമാക്കൂട്ടങ്ങളിൽ എന്നെ അങ്ങനെ കാണാറില്ല. അതു നല്ലതാണോ ചീത്തയാണോ എന്നു പറയാൻ എനിക്കറിയില്ല. സത്യത്തിൽ നെറ്റ്‍വർക്കിങ് ചെയ്താൽ മാത്രമേ ആളുകൾക്ക് പരിചിതമാവുകയുള്ളൂ. എങ്കിലേ, അവർക്ക് നമ്മെ വിളിക്കാൻ തോന്നൂ. പലരും പറയുമ്പോൾ ഞാനോർക്കും ഇനിയെങ്കിലും ആക്ടീവ് ആകണമെന്ന്! ലഭിക്കുന്ന വർക്കുകളുടെ എണ്ണം കുറഞ്ഞാലും, ചെയ്യുന്നത് വൃത്തിയായി ചെയ്യാനാണ് ഞാനെപ്പോഴും ശ്രമിക്കാറുള്ളത്. സിനിമയിൽ പാടുക എന്നതു മാത്രമല്ല എന്റെ ആത്യന്തിക ലക്ഷ്യം.  

English Summary:

Interview with singer Shreekumar Vakkiyil on Malaikottai Vaaliban song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com