ADVERTISEMENT

ഗായകന്റെ മുഖത്തേക്കാൾ പാടിയ പാട്ടുകളുടെ മേൽവിലാസമാണ് ശ്രീകുമാർ വാക്കിയിലിനെ മലയാളികളുടെ ഇടയിൽ പ്രശസ്തനാക്കുന്നത്. ആഘോഷിക്കപ്പെടുന്ന ഒരോ പാട്ടിനിടയിലും നിശബ്ദതയുടെ ചില ഇടവേളകൾ എടുക്കാറുണ്ട് ശ്രീകുമാർ. "എവിടെയാടോ മാഷേ? കാണാനില്ലല്ലോ!" എന്നതാണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള പരാതിയെന്ന് ശ്രീകുമാറും സമ്മതിക്കും. വിദ്യാസാഗർ മലയാളത്തിനു പരിചയപ്പെടുത്തി പ്രശാന്ത് പിള്ള മിനുക്കിയെടുത്ത ശ്രീകുമാർ വാക്കിയിൽ വീണ്ടുമൊരു ലിജോ പെല്ലിശ്ശേരി ചിത്രത്തിലൂടെ സംഗീതപ്രേമികൾക്കു മുമ്പിലെത്തിയിരിക്കുകയാണ്. പിന്നണിഗാനരംഗത്ത് ഒന്നര പതിറ്റാണ്ടു പിന്നിടുന്ന വേളയിൽ പാട്ടിലെയും ജീവിതത്തിലെയും മറക്കാനാകാത്ത ഓർമകൾ ഗായകൻ ശ്രീകുമാർ വാക്കിയിൽ പങ്കുവയ്ക്കുന്നു. 

പാരഡി ഗായകനെ തേടിപ്പിടിച്ച വിദ്യാസാഗർ

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ പുറത്തിറങ്ങുന്നത് 2008ലാണ്. അതിനും രണ്ടു വർഷം മുമ്പാണ് സംഭവം. എന്റെ അച്ഛൻ (സദനം രാജഗോപാൽ) അറിയുന്ന ഒരു വീണ ആർട്ടിസ്റ്റ് ഉണ്ട്. അദ്ദേഹം സംഗീതസംവിധായകൻ വിദ്യാസാഗറിനു വേണ്ടി ചില റെക്കോർഡിങ് സെഷനുകളിൽ വീണ വായിക്കാൻ പോകാറുണ്ട്. അദ്ദേഹം അച്ഛനോടു പറഞ്ഞു, എന്റെ പാട്ടിന്റെ സിഡി ഉണ്ടെങ്കിൽ കൊടുക്കൂ. അദ്ദേഹം അത് വിദ്യാസാഗർ സാറിനു കൊടുക്കാമെന്ന്! ഞാൻ ആ സമയത്ത് മുംബൈയിലാണ്. ബോളിവുഡിൽ അവസരം തേടി നടക്കുന്ന കാലം. അദ്ദേഹം പറഞ്ഞതു പോലെ ഞാൻ ചില പാട്ടുകൾ പാടി, സിഡിയിൽ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. അങ്ങനെ ഒരു വർഷം കഴിഞ്ഞു. ഒന്നും നടന്നില്ല. 

ഒരു ദിവസം ഞാനൊരു മീറ്റിങ്ങിൽ ഇരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. വിദ്യാസാഗർ സാറിന്റെ മാനേജർ മുരുഗൻ ആയിരുന്നു വിളിച്ചത്. ഫോണിന്റെ നെറ്റ്‍വർക്കിന് എന്തോ പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം പറഞ്ഞതു മുഴുവനായി എനിക്കു മനസ്സിലായില്ല. ഒരു പരസ്യത്തിനു ഞാൻ പാടിയ ജിംഗിളിനെക്കുറിച്ചാണ് സംസാരിച്ചത്. 'അപ്പോൾ ശരി... പറയൂട്ടോ' എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. സത്യത്തിൽ എന്തിനായിരുന്നു ആ ഫോൺ കോൾ എന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും നോക്കാമെന്നു കരുതി രണ്ടു മൂന്നാഴ്ച പോയി. അതു കഴിഞ്ഞാണ് ഞാൻ ആ നമ്പറിൽ തിരിച്ചു വിളിക്കുന്നത്. ഞാൻ ചെന്നൈയിൽ എത്തിയോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. കേട്ടപ്പോൾ ഞാൻ ഞെട്ടി. ചെന്നൈയിൽ വന്നിട്ട് വിളിക്കാനായിരുന്നു അദ്ദേഹം അന്ന് ഫോണിൽ പറഞ്ഞത്. അത് ഞാൻ കേട്ടിരുന്നില്ല. എന്തായാലും, വൈകാതെ ഞാൻ വിദ്യാസാഗർ സാറിനെ ചെന്നൈയിൽ പോയി കണ്ടു. ഒരു തമിഴ് ഗാനത്തിനു വേണ്ടിയായിരുന്നു എന്നെ വിളിച്ചത്. പക്ഷേ, ആ സിനിമ നടന്നില്ല. എനിക്ക് ചെന്നൈയിലെ കാലാവസ്ഥയും പിടിച്ചില്ല. അങ്ങനെ ഒന്നും റെക്കോർഡ് ചെയ്യാതെ വീണ്ടും ഞാൻ മുംബൈയിലെത്തി. ആ പ്രോജക്ട് നടന്നില്ലെങ്കിലും പിന്നീട് ‘മുല്ല’ വന്നപ്പോൾ അദ്ദേഹം എന്നെ ഓർത്തു. അങ്ങനെയാണ് എനിക്ക് സിനിമയിൽ ആദ്യ അവസരം ലഭിക്കുന്നത്. ‘കനലുകളാടിയ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

വിദ്യാസാഗർ സർ എന്നെ വിളിച്ചത് ഞാൻ അന്ന് അയച്ചു കൊടുത്ത സിഡിയിലെ പാട്ട് കേട്ടിട്ടാണോ എന്ന് ഞാൻ ചോദിച്ചിരുന്നു. രസകരമായ കാര്യമെന്താണെന്നു വച്ചാൽ, അദ്ദേഹത്തിന് ആ സിഡി കിട്ടിയിട്ടില്ല. ഞാൻ പിഡിലൈറ്റ് എന്ന ബ്രാൻഡിനു വേണ്ടി പാടിയ ഒരു പാരഡി ഗാനം കേട്ടാണ് അദ്ദേഹം എന്റെ ശബ്ദം ശ്രദ്ധിക്കുന്നത്. ആ ഏജൻസിയെ ബന്ധപ്പെട്ട് എന്റെ നമ്പർ തപ്പിയെടുക്കുകയായിരുന്നു. ഞങ്ങൾ നേരിൽ കാണുന്നതു വരെ ഞാനൊരു മലയാളിയാണെന്നു പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. 

പിറന്നാൾ സമ്മാനം പോലെ എത്തിയ നീലത്താമര

നീലത്താമരയിലെ ‘അനുരാഗവിലോചനനായി’ എന്ന പാട്ട് റെക്കോർഡ് ചെയ്യുമ്പോഴും ഞാൻ മുംബൈയിലായിരുന്നു. അതൊരു വല്ലാത്ത കാലമായിരുന്നു. ബോളിവുഡിൽ അവസരം തേടി അലയുന്ന കാലം. പല സിനിമകൾക്കും വേണ്ടി പാടി. പക്ഷേ, അതൊന്നും പുറത്തു വന്നില്ല. ലഗേ രഹോ മുന്നാഭായ് എന്ന സിനിമയിലെ ‘പൽ പൽ’ എന്നു തുടങ്ങുന്ന പാട്ടിനു വേറൊരു വേർഷൻ ഉണ്ടായിരുന്നു. ഒരു സാഡ് വേർഷൻ! പക്ഷേ, ഫൈനൽ എഡിറ്റിൽ ആ ഭാഗം കട്ട് ചെയ്തു പോയി. റിയാലിറ്റി ഷോയിൽ വിജയി ആയതിനു ശേഷമാണു ഞാൻ മുംബൈയിലേക്കു പോകുന്നത്. ആ സമയത്ത് എനിക്ക് ആരെയും അറിയില്ല. ആകെ പറയാനുള്ളത് ആ റിയാലിറ്റി ഷോയിലെ വിജയം മാത്രമാണ്. എവിടെ നിന്നെങ്കിലും തുടങ്ങണമല്ലോ. ആ സമയത്ത് ഞാൻ കുറെ ചില്ലറപൈസകൾ സംഘടിപ്പിച്ച് കോയിൻ ബൂത്തിൽ പോകും. ഓരോ സ്റ്റുഡിയോയിലേക്കും വിളിക്കും. ഒന്നു രണ്ടു വർഷം ഈ പതിവ് തുടർന്നിരുന്നു. എല്ലാ ദിവസവും ഒന്നര മണിക്കൂർ ഇതു തന്നെ പരിപാടി. അതു കൂടാതെ പത്രത്തിൽ വരുന്ന പരസ്യങ്ങൾ നോക്കി അതിലേക്കു വിളിക്കും. 99 ശതമാനവും ഒന്നും നടക്കില്ല. എങ്കിലും പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. 

നീലത്താമരയിലെ പാട്ട് റെക്കോർഡ് ചെയ്യുന്നതിന് ഏതാനും മാസം മുൻപ് എന്റെ ജീവിതത്തിൽ നിറയെ നെഗറ്റീവ് കാര്യങ്ങളായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. പക്ഷേ, മെയ് മാസത്തിനുള്ളിൽ നല്ലതെന്തെങ്കിലും നടക്കുമെന്ന് ഭ്രാന്തമായി ഞാൻ വിശ്വസിച്ചു. എന്തെങ്കിലും പോസിറ്റീവ് കാര്യം എനിക്ക് വേണമായിരുന്നു. അതു നടക്കുമെന്നു തന്നെ ഞാൻ വിശ്വസിച്ചു. മെയ് 28നാണ് എന്റെ ജന്മദിനം. അതിനു മുൻപ് എന്തെങ്കിലും പോസിറ്റീവായി നടക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ഇപ്പോൾ ആലോചിക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. മെയ് 24ന് എനിക്ക് വിദ്യാസാഗർ സാറിന്റെ ഓഫിസിൽ നിന്നും വിളിയെത്തി. രണ്ടു ദിവസത്തിനുള്ളിൽ അദ്ദേഹം മുംബൈയിൽ വരുന്നുണ്ടെന്നും ഒരു പാട്ട് പാടണമെന്നും പറഞ്ഞായിരുന്നു ആ കോൾ. അങ്ങനെ എന്റെ ആ ജന്മദിനത്തിനു മുൻപ് ഞാൻ ആഗ്രഹിച്ച പോലെ വലിയ കാര്യം സംഭവിച്ചു. ‘അനുരാഗവിലോചനനായി’ എന്ന പാട്ട്! 

നാട്ടിലെ ആഘോഷം അറിഞ്ഞില്ല

ആ പാട്ട് കേരളത്തിൽ തരംഗം സൃഷ്ടിച്ചതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. നാട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയുമോ എന്നു ചോദിച്ച് എന്നെ പ്രൊഡക്‌ഷനിൽ നിന്നു വിളിച്ചു. അങ്ങനെയാണ് ഞാൻ തിരുവനന്തപുരത്ത് എത്തുന്നത്. തിയറ്ററിൽ സിനിമയ്ക്കു കേറി. ഏകദേശം 15 മിനിറ്റ് കഴിഞ്ഞു. ഒരാൾ എന്നെ തോളിൽ തട്ടി വിളിച്ചു. ‘ശ്രീകുമാർ അല്ലേ? ഒന്നു പുറത്തേക്കു വരുമോ’ എന്നു ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല. സിനിമയുടെ പ്രൊഡക്‌ഷനിൽ നിന്നുള്ള കക്ഷിയായിരുന്നു അദ്ദേഹം. അവർ എന്നെ തപ്പി നടക്കുകയായിരുന്നു. അതൊരു രസകരമായ കാലമായിരുന്നു. കാരണം, ഞാൻ വഴിയിലൂടെ നടക്കുമ്പോൾ ആ പാട്ട് റിങ്ടോൺ ആയി പലരും ഉപയോഗിക്കുന്നതു കേൾക്കാം. അതു പാടിയത് ഞാനാണെന്നൊന്നും അവർക്ക് അറിയില്ലല്ലോ. അതൊക്കെ കേട്ടു നടക്കാൻ ഒരു പ്രത്യേക രസമായിരുന്നു. 

എനിക്കല്ല, എന്റെ പാട്ടുകൾക്കാണു പ്രശസ്തി

എനിക്ക് പ്രശസ്തിയുണ്ടെന്നു തോന്നിയിട്ടില്ല. ഇക്കാലത്ത് പ്രശസ്തി അളക്കുന്നത് നമ്മുടെ ഓൺലൈൻ സാന്നിധ്യത്തിലൂടെയാണ്. അതായത്, സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിന്റെ എണ്ണത്തിലൂടെയും മറ്റും. അങ്ങനെ നോക്കിയാൽ, ഞാൻ ഓൺലൈനിൽ ഒട്ടും ആക്ടീവ് അല്ല. എന്റെ പാട്ടുകൾ ആളുകൾക്ക് അറിയാം. എന്നെ അറിയില്ല. ശ്രീകുമാർ എന്ന വ്യക്തി പ്രശസ്തനല്ല. പാട്ടുകൾക്കേയുള്ളൂ ആ പ്രശസ്തി. ഒരു തരത്തിൽ പറഞ്ഞാൽ, അത് ഞാൻ ബോധപൂർവമായെടുത്ത തീരുമാനമായിരുന്നു. ഞാനത്ര സോഷ്യൽ അല്ല. എങ്കിലും ഈ പാട്ടുകളിലൂടെ ഒരുപാട് നല്ല നിമിഷങ്ങൾ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ അവിചാരിതമായി ആ പാട്ടുകൾ പാടിയത് ഞാനാണെന്ന് അറിയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന കൗതുകവും സന്തോഷവുമുണ്ട്. ഗായകനെന്ന നിലയിൽ ആ നിമിഷങ്ങൾ നൽകുന്ന ആനന്ദം വാക്കുകളിൽ വിവരിക്കാനാകില്ല. അങ്ങനെ ഒരുപാടു സർപ്രൈസ് നിമിഷങ്ങൾക്കു ഞാൻ സാക്ഷിയായിട്ടുണ്ട്. മലൈക്കോട്ടൈ വാലിബനിലെ ‘പുന്നാരക്കാട്ടിലെ പൂവനത്തിൽ’ എന്ന ഗാനമാണ് എന്റെ ഏറ്റവും പുതിയ റിലീസ്. അതും ട്രെൻഡിങ്ങിലുണ്ട്. 

English Summary:

Interview with singer Shreekumar Vakkiyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com