ADVERTISEMENT

തമിഴ് പാട്ടുകളിൽ ഇംഗ്ലിഷ് വാക്കുകൾ കേൾക്കുമ്പോൾ മലയാളികൾ ഒരു പക്ഷേ കയ്യടിച്ചേക്കും. എന്നാൽ, ഇതേ സംഗതി മലയാളം പാട്ടുകളിലാണെങ്കിൽ ഗാനരചയിതാക്കൾക്ക് കിട്ടാത്ത ചീത്തവിളികളുണ്ടാവില്ല! പ്രഥമദൃഷ്ട്യാ അകൽചയിലാണെങ്കിലും ഈയടുത്തകാലത്ത് മലയാളവും മറ്റു ഭാഷകളും തമ്മിലുള്ള അന്തർധാര സജീവമാകുന്നുണ്ട്. അക്കാര്യത്തിൽ മുൻപിലുണ്ട് യുവഗാനരചയിതാവായ സുഹൈൽ കോയ. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പ്രേമലുവിലെ പാട്ടുകളിൽ അഞ്ചു ഭാഷകളിൽ നിന്നുള്ള വാക്കുകൾ കൊരുത്തിട്ടുണ്ട് സുഹൈൽ. മിനി മഹാറാണി എന്ന പാട്ടിലെ വരികൾ നോക്കൂ. 

ബഡ്ഡി, മോട്ടർ ഗാഡിലേ?


കിലോമീറ്റർ റൈഡല്ലേ?


ഗലി ഗലി ചുറ്റീട്ടും


സിറ്റി ബോർഡർ കേറീലേ?


മിനി കൂപ്പർ പാറിങ്കേ


സിനി സൂപ്പർ സ്റ്റാറിങ്കേ


ശരി ശരി സൊന്നാലും


വെരി വെരി ലോങ് ജേണീ

കെ.ജി.മാർക്കോസ് ആലപിച്ച കിടുക്കാച്ചി പാട്ടിലുമുണ്ട് രസകരമായ വാമൊഴി വഴക്കങ്ങളും പലഭാഷാ പ്രയോഗങ്ങളും. 


ചായപ്പാനി തപ്പീലേ റോഡരികേ


ആ തുടി പഞ്ചാരി കൊട്ടീലേ കാതരികെ


യെൻ പ്രേമിക്കുഡൂ!!


നീ സുമ്മാ വാ അരികേ... ഹേ!


മനസ്സങ്ങു  നീറണേ


ഗോലി സോഡാ നീയാ


പനിച്ചങ്ങു കേറണേ 


പാരസെറ്റാമോളാ


ഉള്ളിലിരുന്നാടെടീ


തെലങ്കാന ബൊമ്മലൂ


തെലങ്കാന ബൊമ്മലൂ

അലക്കിത്തേച്ച വടിവൊത്ത വാക്കുകളിൽ ബലം പിടിക്കാതെ വൈബടിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ പ്രണയവും വിരഹവും സൗഹൃദവും ആശങ്കകളും സങ്കടങ്ങളുമെല്ലാം അവർക്കു കൂടി കണക്ട് ചെയ്യാവുന്ന ഭാഷയിലല്ലേ പറയേണ്ടതെന്നു സുൈഹൽ ചോദിക്കുന്നു. പാട്ടെഴുത്തിന്റെ വിശേഷങ്ങളുമായി സുഹൈൽ കോയ മനോരമ ഓൺലൈനിൽ. 

തണ്ണീർമത്തൻ ദിനങ്ങൾ മുതലുള്ള കൂട്ട്


ഗിരീഷിന്റെ ആദ്യ സിനിമ മുതൽ ഞാനും കൂടെയുണ്ട്. അങ്ങനെയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ട്. പുതിയ മ്യൂസിക് ഡയറക്ടേഴ്സ് ഗിരീഷിന്റെ പടത്തിൽ വന്നാലും എന്നെ എപ്പോഴും കൂടെ നിറുത്താറുണ്ട്. ഗിരീഷ് ആഗ്രഹിക്കുന്നത് എന്താണെന്ന് എനിക്ക് എളുപ്പത്തിൽ മനസ്സിലാകും. സൂപ്പർ ശരണ്യയുടെ സമയത്തു തന്നെ ഞങ്ങൾ ചർച്ച ചെയ്തിരുന്ന പ്രൊജക്ട് ആണ് പ്രേമലു. ഹൈദരാബാദിൽ വച്ചു നടക്കുന്ന പ്രണയകഥയെന്ന കാര്യം നേരത്തെ ഉറപ്പിച്ചിരുന്നതുകൊണ്ട് ഒന്നലധികം ഭാഷകളിൽ നിന്നു വാക്കുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഗിരീഷ് പറഞ്ഞു. പ്രേമലുവിന്റെ സഹരചയിതാവ് കിരൺ ജോസിയുടെ അനുരാഗ് എൻജിനീയറിങ് വർക്സിലും പാട്ടെഴുതിയത് ഞാനായിരുന്നു. അങ്ങനെ രണ്ടു പേരെയും മുൻപരിചയമുള്ളത് എഴുത്തും ചർച്ചകളും എളുപ്പമാക്കി. വിഷ്ണു വിജയ് ഗിരീഷിനൊപ്പം ആദ്യമായാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട്, ഞങ്ങൾ ചെന്നൈയിൽ പോയി കുറച്ചു സമയം അദ്ദേഹത്തിനൊപ്പം ചെലവഴിച്ചു. പാട്ടുകൾ പാടിയും പറഞ്ഞും വർത്തമാനം പറഞ്ഞും ചെലവഴിച്ച ആ സൗഹൃദാന്തരീക്ഷത്തിലാണ് പ്രേമലുവിന്റെ ചർച്ചകൾ തുടങ്ങി വച്ചത്. പാട്ടിലെഴുതുമ്പോൾ ഒരു ഇന്റർനെറ്റ് ഭാഷ പിടിക്കാമെന്നു പറഞ്ഞത് എല്ലാവർക്കും ഇഷ്ടമായി. കുട്ടി കുഡിയേ, മിനി മഹാറാണി, തെലങ്കാന ബൊമ്മലു എന്നീ എല്ലാ പാട്ടുകളിലും അങ്ങനെയൊരു ഇന്റർനെറ്റ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ നിന്നുള്ള വാക്കുകൾ ഈ പാട്ടുകളിൽ കാണാം. കേൾക്കുന്നവർ വാക്കുകൾ ശ്രദ്ധിച്ചില്ലെങ്കിലും അവർക്ക് അതിന്റെ വൈബ് കിട്ടും. 

മാർക്കോസിന്റെ തെലങ്കാന ബൊമ്മലു


ഏറ്റവും പുതിയ ജനറേഷന്റെ ആസ്വാദന ഇടത്തിലേക്ക് യേശുദാസ്, മാർക്കോസ് പോലുള്ള സീനിയർ ഗായകരെ എങ്ങനെ കൊണ്ടുവരാം എന്ന ആലോചനയുടെ തുടർച്ചയിലാണ് തെലങ്കാന ബൊമ്മലു എന്ന പാട്ട് പാടാൻ മാർക്കോസേട്ടനെ വിളിക്കാമെന്ന തീരുമാനമുണ്ടാകുന്നത്. ആ പാട്ടിന്റെ വരികൾ ഞാൻ എഴുതി അയച്ചു കൊടുക്കുമ്പോൾ ഗിരീഷും വിഷ്ണുവും ചെന്നൈയിലാണ്. പാട്ടിന്റെ വരികൾ വായിച്ചിട്ട് അവർ ഒരേ ചിരി! എന്നോടു ചോദിച്ചു, എടാ ഇത് ആരാ പാടുന്നത് എന്ന് അറിയാമോ? അവർ മാർക്കോസേട്ടന്റെ പേരു പറഞ്ഞപ്പോൾ, കൃത്യമായ തീരുമാനമാണെന്ന് എനിക്കു തോന്നി. പാട്ട് ഇറങ്ങിയപ്പോൾ ഞങ്ങളുടെ ആ തീരുമാനം നല്ലതായിരുന്നുവെന്ന് പ്രേക്ഷകരും സമ്മതിച്ചു. പാട്ട് അവർ ഏറ്റെടുത്തു. 

പോപ്പുലർ കൾച്ചറിൽ നിന്നുള്ള വാക്കുകൾ


പോപ്പുലർ കൾച്ചറിൽ നിന്ന് എടുക്കാൻ പറ്റുന്ന ഉപമകൾ ഉപയോഗപ്പെടുത്താൻ എനിക്ക് ഇഷ്ടമാണ്. പാരസെറ്റമോളും വേദനസംഹാരിയുമെല്ലാം അങ്ങനെ വരുന്നതാണ്. കൂത്തമ്പലത്തിൽ കാത്തു നിന്ന കാലമല്ലല്ലോ ഇപ്പോഴുള്ളത്. എടിഎമ്മിന്റെ മുൻപിലൊക്കെയാകും അവർ പരസ്പരം കാണുന്നത്. വാൽക്കണ്ണാടിയിൽ മുഖം നോക്കിയിരുന്ന പോലെ ഇപ്പോഴത്തെ പെൺകുട്ടികൾ ഫോണാകും കണ്ണാടിയായി ഉപയോഗിക്കുക. അതെല്ലാം വരികളിൽ അടയാളപ്പെടുത്താൻ എനിക്കിഷ്ടമാണ്. ഈ വരികൾ നോക്കൂ. 

കണ്ടൊരിക്കെ സുന്ദരിയെ പുഞ്ചിരിയെ


കാശ് പത്തെടുക്കാൻ എ‍ടിഎമ്മിൽ നിന്നളിയേ


അങ്ങ് പൊത്തിവച്ചേ പിൻ അവള്, മൊഞ്ചവള്


കുഞ്ഞ് പൊട്ടു കുത്താൻ ഫോണെടുത്തേ പിന്നവള്!


കഥ നടക്കുന്നത് ഹൈദരാബാദിൽ ആയതിനാൽ. അവിടത്തെ പ്രശസ്തമായ പാവകളുണ്ടല്ലോ... എപ്പോഴും തലയാട്ടിക്കൊണ്ടിരിക്കുന്ന ആ പാവകളെ ബൊമ്മലു എന്നാണ് വിളിക്കുക. അതും പാട്ടിൽ കൊണ്ടുവരാൻ സാധിച്ചു. ഗോലി സോഡയും പാരസെറ്റാമോളുമെല്ലാം അങ്ങനെ വരുന്നതാണ്. പാരസെറ്റാമോളിൽ ഒരു മോളുണ്ടല്ലോ. അതിലൊരു രസമുണ്ട്, ഭംഗിയുണ്ട്. 

പാട്ടുകൾക്ക് ഇപ്പോഴും മാർക്കറ്റുണ്ട്


പ്രേമലുവിൽ ചെറുതും വലുതുമായി ധാരാളം പാട്ടുകളുണ്ട്. സത്യത്തിൽ, സിനിമയിൽ പാട്ടിന്റെ ഇടം വലുതായെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പശ്ചാത്തലസംഗീതത്തിൽ ചെറിയ പാട്ടുകൾ ഉപയോഗിക്കുന്നത് ഇപ്പോൾ സ്ഥിരം പരിപാടിയാണ്. ഒരു ഇൻസ്ട്രമെന്റൽ പീസ് ഇടുന്നതിനേക്കാൾ ഇംപാക്ട് ചെറിയ പാട്ടുകൾക്ക് അത്തരം ഇടങ്ങളിൽ കൊടുക്കാൻ കഴിയുന്നുണ്ട്. ഒരു വരിക്കോ വാക്കിനോ വലിയ ഇംപാക്ട് ഉണ്ടാക്കാൻ കഴിയും. തല്ലുമാല എന്ന സിനിമ നോക്കൂ. അതിലെത്രയോ പാട്ടുകളുണ്ട്. അവയെല്ലാം വലിയ ഹിറ്റുകളാണ്. സത്യത്തിൽ പാട്ടിന്റെ ഇടം കൂടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ മാർക്കറ്റും വലുതായി. പക്ഷേ, പഴയ ഫോർമാറ്റിലല്ല എന്നു മാത്രം. പിന്നെ, ഭാഷകൾക്കതീതമായാണ് ഇപ്പോൾ സംഗീതം സഞ്ചരിക്കുന്നത്. പണ്ടൊക്കെ, മറ്റു ഭാഷകളിൽ നിന്ന് ഒരാളെ മലയാളത്തിൽ പാടിക്കുന്നത് വലിയ ടെൻഷനുള്ള കാര്യമായിരുന്നു. ഉച്ചാരണം ശരിയായില്ലെങ്കിൽ ചീത്തവിളി കേൾക്കേണ്ടി വരും. ഇപ്പോഴും അതുണ്ട്. സംഗീതസംവിധായകരൊഴികെയുള്ള മലയാള സിനിമയിലെ സാങ്കേതികപ്രവർത്തകർ ഇന്ത്യൻ സിനിമയിൽ തന്നെ പേരെടുത്തവരാണ്. പക്ഷേ, മലയാളത്തിൽ നിന്ന് ആർ.ഡി.ബർമനെപ്പോലെയോ ഇളയരാജയെപ്പോലെയോ എ.ആർ.റഹ്മാനെപ്പോലെയോ പാൻ ഇന്ത്യൻ തലത്തിൽ ഒരു സംഗീതസംവിധായകൻ ഉണ്ടാകുന്നില്ല. അവർക്കെല്ലാം അവരുടെ സ്വന്തം ഇൻഡസ്ട്രി കൊടുത്ത ഒരു സ്വാതന്ത്ര്യം ഉണ്ട്. അവരൊന്നും അവരുടെ ഇൻഡസ്ട്രിയിലെ ഗായകരെക്കൊണ്ടു മാത്രമല്ലല്ലോ പാടിച്ചിട്ടുള്ളത്. അങ്ങനെയൊരു കൂട്ടുക്കെട്ടിലും കൂടിക്കലരിലിലൂടെയും മാത്രമേ ഇത് വളരുകയുള്ളൂ. ശുദ്ധവാദത്തിൽ നിർബന്ധം പിടിച്ചു നിന്നാൽ ഇൻഡസ്ട്രി വളരില്ല. സംഗീതത്തിലും എഴുത്തിലും ശബ്ദത്തിലുമൊക്കെ ആ കൂടിക്കലരൽ സംഭവിക്കണം. അപ്പോൾ ഭാഷയും വളരും, സംഗീതവും വളരും, മാർക്കറ്റും വലുതാകും.

English Summary:

Lyricist Suhail Koya opens up about Premalu movie songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com