ADVERTISEMENT

ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. 

ഞാൻ പാട്ട് എഴുതട്ടെ?

എറണാകുളത്തെ പുസ്തകക്കടയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. സംഗീതസംവിധായകനായ ഗിരീഷ് കുട്ടൻ അന്ന് ബുക് ഷോപ്പിലേക്കു വരുമായിരുന്നു. അദ്ദേഹം എല്ലാ ദിവസവും ഗിറ്റാറുമായാണ് ഷോപ്പില്‍ വരുന്നത്. താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ അദ്ദേഹം നിരന്തരം പാടുമായിരുന്നു. അപ്പോൾ ഒരു കൗതുകത്തിന് ഞാൻ നാലു വരി എഴുതിക്കൊടുത്തു. അദ്ദേഹം അത് ഈണമിട്ട് കേൾപ്പിച്ചു. അക്കാലത്ത് ‘കടവ്’ എന്ന പേരിൽ ഒരു കൂട്ടം ഉണ്ടായിരുന്നു. ചിത്രകാന്മാർ, ചെറുപ്പക്കാർ, സിനിമാക്കാർ, കവികൾ, നാടക പ്രവർത്തകർ എന്നിങ്ങനെ എല്ലാവരും വന്നു കൂടും. അങ്ങനെ അവിടെ പാട്ട് മാത്രമായി. പുസ്തക കച്ചവടം നിന്നു. പാട്ട് ലഹരിയായി മാറുകയായിരുന്നു. അങ്ങനെ ഞങ്ങൾക്കു തന്നെ തോന്നി ഒരു ചാൻസ് ചോദിച്ചാലോ എന്ന്. അദ്ദേഹവും അക്കാലത്ത് പടങ്ങൾ ചെയ്യാൻ വേണ്ടി ആഗ്രഹിച്ചു നടക്കുകയായിരുന്നു. ഞങ്ങൾ പലരോടും പോയി ചാൻസ് ചോദിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. 

പൂമരത്തിലെ പാട്ട് 

എബ്രിഡ് ഷൈൻ ചേട്ടൻ ദൈവമാണ്. രാജേഷ് വർമ എന്റെ ചേട്ടനെപ്പോലെയാണ്. അവര്‍ രണ്ടു പേരും ഇല്ലെങ്കിൽ എനിക്ക് സിനിമയും ഇല്ല, പാട്ടും ഇല്ല. പൂമരത്തിന്റെ ഓഡിഷൻ നടക്കുമ്പോഴാണ് രാജേഷേട്ടൻ പറഞ്ഞിട്ട് ഷൈൻ ചേട്ടനെ പോയി കാണുന്നത്. അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ഓഡിഷന് വന്ന വേറെയും കുറേപേരുണ്ടായിരുന്നു. ഞാനും ഗിരീഷ് കുട്ടനും തയ്യാറാക്കിയ പാട്ടുകൾ ഷൈൻചേട്ടനെ പാടികേൾപ്പിച്ചു. ഷൈൻ ചേട്ടന് ഇഷ്ടമായി. അദ്ദേഹം പറഞ്ഞു ''നീ ഫിക്സ്''. അന്ന് രാജേഷ് വർമയ്ക്കു വേണ്ടി പാട്ട് എഴുതാനായി ഇടുക്കിയിൽ കറങ്ങിനടക്കുന്ന സമയമായിരുന്നു. ''വേഗം വരണം. റെക്കോർഡിങ്ങിനു വേണ്ടി കാർത്തിക് വന്നിട്ടുണ്ട്'' എന്നു പറഞ്ഞു വിളിച്ചു. എന്റെ വരികൾ സ്റ്റുഡിയോയിൽ പാട്ടായി ആദ്യമായി കേട്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. കരച്ചിൽ വന്നു. ഞാൻ പുസ്തകങ്ങൾ ചുമന്ന് പലയിടത്തും നടന്നിട്ടുണ്ട്. ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോള്‍ എനിക്കു തോന്നി ഞാൻ രക്ഷപ്പെടാൻ പോകുകയാണെന്ന്. 

‘പൂമുത്തോളെ’ ഗാനരംഗത്തിൽ നിന്ന്, അജീഷ് ദാസൻ (മനോരമ)
‘പൂമുത്തോളെ’ ഗാനരംഗത്തിൽ നിന്ന്, അജീഷ് ദാസൻ (മനോരമ)

ആ സ്റ്റുഡിയോയിൽ ഒരുപാടുപേരുണ്ട്. ഞാൻ തിരിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഷൈൻ ചേട്ടൻ പാട്ടു കേട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ‘ഇനിയൊരു കാലത്തേക്ക് ഒരു പൂ വിടർത്തുവാൻ ഇവിടെ ഞാനീ മരം നട്ടു’ എന്ന പാട്ട് റെക്കോർഡ് ചെയ്തുകഴിഞ്ഞു. ഷൈൻ ചേട്ടൻ പെട്ടെന്ന് എന്നെ നോക്കി ‘'നീ എന്താ കരയുന്നേ?'’ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു ''എനിക്കറിയില്ല'' എന്ന്. അദ്ദേഹം എന്നോടു പറഞ്ഞു, ''നീ വിഷമിക്കേണ്ട. നിനക്ക് നല്ലൊരു കാലമുണ്ടാകും. നിന്റെ പാട്ട് എല്ലാവരും ഏറ്റെടുക്കുന്ന സമയമുണ്ടാകും''. അത് എനിക്ക് വലിയ ആശ്വാസമായിരുന്നു. പാട്ട് പാടിയ കാര്‍ത്തിക്കിന് ഇതു കേട്ടപ്പോൾ വലിയ സങ്കടം. കാർത്തിക് ''എന്താ സർ കരയുന്നതെന്ന്'' ചോദിച്ചു കെട്ടിപ്പിടിച്ചു. മൂന്ന് പാട്ടുകൾ കാർത്തിക് പാടി തന്നു. ഒരുപാട്ട് ശ്രേയ ഘോഷാൽ പാടി. സിനിമയും പാട്ടുകളും ഇപ്പോഴും ആളുകൾക്ക് ഇഷ്ടമാണ്. 

പാട്ടെഴുതി രക്ഷപ്പെടുമോ?

സിനിമാ പാട്ടെഴുതി രക്ഷപ്പെടാന്‍ പറ്റുമല്ലോ. നമ്മുടെ കൂടെയുള്ളവരൊക്കെ രക്ഷപ്പെട്ടതല്ലേ. ഒരുപാട് പൈസയുണ്ടാക്കാൻ പറ്റുമോ എന്നറിയില്ല. ലൈറ്റ്ബോയിക്കു കിട്ടുന്ന പൈസപോലും ഒരു പാട്ടെഴുതിയാൽ കിട്ടുമോ? എനിക്കറിയില്ല. 

കവി മാത്രമായിരുന്ന കാലത്ത് ഒരാൾക്കും എന്നോട് പ്രത്യേകം 'അൻപ്' ഉണ്ടായിരുന്നില്ല. ഞാൻ അവശ്യ വസ്തു ആയിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരുപാടുപേർ വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു. അപ്പോൾ എനിക്കും തോന്നി ഞാനും പ്രധാനപ്പെട്ട ഒരാളാണല്ലോ എന്ന്. അതല്ലാതെ വലിയ വീടു വയ്ക്കുകയോ കാർ വാങ്ങുകയോ ചെയ്തിട്ടില്ല. ഇപ്പോഴും സാധാരണക്കാരനെ പോലെ ജീവിക്കുന്നു. നല്ല പാട്ടുകൾ എഴുതാൻ ശ്രമിക്കുന്നു. 

എഴുത്തുകാരുടെ വില 

എഴുത്തുകാർക്ക് ഇന്ന് വയലാറിന്റെ കാലത്തേതുപോലുള്ള വിലയില്ലല്ലോ. അവരുടെ കാലത്ത് ഗാനരചയിതാക്കൾക്കു പ്രാധാന്യമുണ്ടായിരുന്നു. അവരായിരുന്നു തീരുമാനിക്കുന്നത് ആരെ സംഗീതസംവിധായകൻ ആക്കണമെന്നും പാടിക്കണമെന്നും. അവര്‍ക്കത്രയും പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ഒട്ടും വിലയില്ല എന്നു പറയാം. സിനിമയിൽ ഒട്ടും ആവശ്യമില്ലാത്ത വിഭാഗമായി പാട്ടെഴുത്തുകാര്‍ മാറിയിട്ടുണ്ട്. നിഷ്കളങ്കരായതു കൊണ്ടാവാം. മ്യൂസിക് ഡയറക്ടർ പോലും ഒറ്റയ്ക്കല്ല. അവർക്കു ചുറ്റും ഒരുപാട് ആളുകളുണ്ട്. പക്ഷേ പാട്ടെഴുത്തുകാരൻ ഒറ്റയ്ക്കാണ്. എഴുതുമ്പോള്‍ ഒറ്റയ്ക്കാണ്. ഒരു സംഘടനയുടെ ബലം ഇല്ല. അതുകൊണ്ടാകും ഇടയ്ക്കൊക്കെ പറ്റിക്കപ്പെട്ടു എന്ന് തോന്നാറുണ്ട്.

രചന സംഘടനയല്ല 

രചന സംഘടനയല്ല. ഒരു കൂട്ടായ്മയാണ്. പക്ഷേ എല്ലാ വിഷമങ്ങളും സന്തോഷങ്ങളും അതിൽ ഷെയർ ചെയ്യാറുണ്ട്.  

മകൾ മൂളിയാൽ പാട്ട് ഹിറ്റ്  

മകൾ ആദ്യം ട്യൂൺ കേൾക്കും. അവൾ തന്നെ ചില ട്യൂണുകൾ മൂളി നടക്കും. അവൾ ആ പാട്ട് മൂളി നടക്കുമ്പോൾ എനിക്കറിയാം, ഈ പാട്ട് ആളുകൾക്ക് ഇഷ്ടമാകും എന്ന്. അവൾ മൂന്നാംക്‌ളാസിൽ എത്തിയതേയുള്ളു. രാപകൽ അറിയാതെ എഴുതാനിരിക്കുമ്പോഴും ഭാര്യ കട്ടൻചായയുമായി ഒപ്പമുണ്ട്. അതെല്ലാം ഭാഗ്യമാണ്.

 

'ഫൂൽ കി പ്യാരി ബേട്ടി'

'പൂമുത്തോളെ' എന്ന പാട്ടിൽ ആ വാക്ക് മാറ്റാനായി ഞാൻ നാലു ദിവസം എറണാകുളത്ത് മുറി എടുത്തിരുന്നു. കിട്ടിയില്ല. കുറേ ഓപ്ഷനെഴുതി. അവസാനം സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിനു തൊട്ടു മുൻപ് രഞ്ജിൻ രാജ് പറഞ്ഞു ''എടാ, വിജയ് ചേട്ടൻ (വിജയ് യേശുദാസ്) പാട്ടു പാടാനായി നിൽക്കുകയാണ്. ലാസ്റ്റ് നിമിഷമാണ്. വാക്ക് മാറ്റുന്നുണ്ടെങ്കിൽ ഇപ്പൊ വേണം'' എന്ന്. ഞാൻ പറഞ്ഞു ''എടാ ഒന്നുമില്ല. തീർന്നു'' എന്ന് 

പക്ഷേ ആ വാക്കും പാട്ടും എല്ലാവർക്കും ഇഷ്ടമായി. ആ പാട്ടിന് അവാർഡ് ഉണ്ടായിരുന്നു. അപ്പോൾ ഷാൻ എന്ന ബോളിവുഡ് ഗായകൻ ഞങ്ങളോടു ചോദിച്ചു, ''വാട്ട് ഈസ് ദ് മീനിങ് ഓഫ് പൂമുത്തോളെ?'' എന്ന്. എനിക്കത് ഭയങ്കര വിസ്മയമായി. എങ്ങനെ ഞാൻ പറഞ്ഞു കൊടുക്കും?. ഒടുവിൽ ഗിരിക്കുട്ടൻ പറഞ്ഞു ''ഫൂൽ കി പ്യാരി ബേട്ടി''. അല്ലാതെ എന്തു പറയും. എല്ലാവർക്ക് അത്രയും ഇഷ്ടമാണ് ആ വാക്ക്.

പൂമരത്തില്‍ ഒരു വാക്കുണ്ട് ‘ഇനിയോരു കാലത്തേക്ക്’ എന്ന പാട്ടിലെ ‘വിരഹജനാലകൾ’. ഗിരീഷിന് ഇഷ്ടമാണ് അത്തരം കാവ്യാത്മകമായ വാക്കുകൾ. അങ്ങനത്തെ മ്യുസീഷ്യൻസിന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഇങ്ങനെ മുത്തു മുത്തു പോലെയുള്ള വാക്കുകൾ കൊണ്ടു വരാൻ പറ്റും. 

ഇത്തിരി വാക്കുകളേയുള്ളു 

ചില വാക്കുകൾ അറിയാതെ വന്നു കയറുന്നതാണ്. ചിലപ്പോൾ നമ്മുടെ കയ്യിൽ ഒന്നുമില്ലാത്തതു കൊണ്ടായിരിക്കാം പുതിയതു സൃഷ്ടിക്കേണ്ടി വരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെ വേദികളിലേക്ക് സംസാരിക്കാൻ വിളിക്കുമ്പോൾ അദ്ദേഹം പറയും ''ഞാൻ വരില്ല. എനിക്കാകെ ഇത്തിരി വാക്കുകളെ അറിയൂ. അത് നിങ്ങൾക്ക് പറഞ്ഞു തരാനുള്ളതല്ല. എനിക്ക് എഴുതാനുള്ളതാണ്'' എന്ന്. അതേ എനിക്കും പറയാനുള്ളു. ഇത്തിരി ഉള്ളതിൽനിന്നും ബാക്കി സൃഷ്ടിക്കണം. 

'കായലേ കായലേ...'

ഫ്രാൻസിസ് നൊറോണയുെട കഥയാണ് തൊട്ടപ്പൻ. പി.എസ്.റഫീഖിന്റെ സ്ക്രിപ്റ്റ്. രണ്ടു പേരോടും എനിക്ക് ആരാധനയാണ്. സ്ക്രിപ്റ്റ് എനിക്ക് വായിക്കാൻ തന്നു. ഷാനവാസ് ബാവുക്കുട്ടിയും ഞങ്ങളും ഒരുമിച്ചായിരുന്നു എറണാകുളത്ത് താമസിച്ചിരുന്നത്. കായലേ കായലേ നീ തനിച്ചല്ലേ പാടിയ സിതാരയ്ക്ക് ആ വർഷം സ്റ്റേറ്റ് അവാർഡ് കിട്ടി. 

'പൈസ തരാൻ മടിയാ' 

എങ്ങനെയൊക്കെ ശ്രദ്ധിക്കപ്പെട്ടാലും നിർമാതാക്കൾ ഇടയ്‌ക്കൊക്കെ പറ്റിക്കാറുണ്ട്. പ്രൊഡ്യൂസേഴ്സ് എപ്പോഴും അവരുടെ കയ്യിൽ പണം ഇല്ല എന്നാണ് പറയാറ്. നമ്മളൊക്കെ കോടികൾ ചോദിക്കുന്നു എന്നതാണ് അവരുടെ ധാരണ. ചെറിയ പൈസയല്ലേ ഉള്ളൂ പാട്ടെഴുത്തുകാർക്ക്. അതു തന്നെ തരാൻ മടിയാ. 

'കടവത്തൊരു തോണിയിരിപ്പൂ

പുഴയില്ലാതെ...'

ആ പാട്ട് ഇറങ്ങിക്കഴിഞ്ഞപ്പോൾ കൂടല്ലൂരു നിന്നും ഒരാൾ വിളിച്ചു. പുള്ളി മണൽ വണ്ടി ഓടിക്കുന്ന ഡ്രൈവർ ആയിരുന്നു. അയാൾക്ക് വരികൾ കേട്ടിട്ട് വലിയ സങ്കടമായി.അതു കേട്ടപ്പോൾ സന്തോഷമായി. ഒരാളുടെ ചിന്തയെ സ്വാധീനിക്കാൻ സാധിച്ചല്ലോ. 

 

എന്നെ അവർ മറന്നുപോയി 

പാട്ടെഴുത്തുകാർക്ക് സിനിമയിൽ യാതൊരു റോളുമില്ല. ട്യൂണും സിറ്റുവേഷനും അവർ അയച്ചു തരും. എവിടെയെങ്കിലും ഇരുന്ന് പാട്ടെഴുത്തുകാരൻ കേൾക്കും. എവിടെയെങ്കിലും ഇരുന്നെഴുതും. അത് അയച്ചു കൊടുക്കും. അയച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നെ നമ്മളെ വേണ്ട. പണം തന്നാൽ പിന്നെ തീർന്നു. നമ്മളെ ഒന്നിലും പങ്കെടുപ്പിക്കില്ല.ഈ അടുത്തു വലിയ സിനിമയുടെ ഓഡിയോ ലോഞ്ചിന് എന്നെ വിളിക്കാൻ അവർ മറന്നു പോയി. പിന്നീട് വൈകിയാണെങ്കിലും വിളിച്ചു. പക്ഷേ എനിക്കു സങ്കടം തോന്നി. എഴുത്തുകാരോട് അങ്ങനെ പരിഗണന ഇല്ല. 

പാട്ട് മാത്രമേ ഉള്ളൂ 

ഉണ്ടായിരുന്ന ജോലി പൂമരത്തിന്റെ സമയത്ത് രാജിവച്ചു. രണ്ടും കൂടി ഒരുമിച്ചു കൊണ്ടു പോകാന്‍ പറ്റില്ലല്ലോ. അപ്പോൾ എന്റെ ഏറ്റവും ഇഷ്ടമുള്ള അഭിലാഷത്തിന്റെ പുറകെ ഞാൻ പോയി. ഭാര്യ മീനു അന്നും ഒന്നും പറഞ്ഞില്ല. അവളൊന്നും പറയില്ല പാവം. ചിലപ്പോൾ നമ്മുടെ തീരുമാനം തെറ്റായിരിക്കാം. പക്ഷേ എന്റെ അന്നത്തെ ശരിയായിരുന്നു അത്. കാലങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും അത് തെളിയിക്കാൻ. 

''നിങ്ങൾ മോഷ്ടാവാണോ?'' അയാൾ ചോദിച്ചു

പൂമുത്തോളെ എന്ന പാട്ട് എഴുതുന്നതിനും മുൻപുള്ള കാലം. വീട്ടിൽ ഒത്തിരി ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ജോലി ഇല്ല. സിനിമ ഇല്ല. പൂമരം കഴിഞ്ഞിട്ട് ആ വർഷം ഒരു സിനിമയാണ് കിട്ടിയത്. ആ സമയത്ത് വീട്ടിലെ കുറച്ച് സാധനങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ പോയി. അന്ന് കടക്കാരൻ ചോദിച്ചു, ''നിങ്ങൾ മോഷ്ടാവാണോ? എങ്ങനെ വിശ്വസിക്കും?'' എന്ന്. അപ്പോൾ ഞാൻ വീട്ടിലേക്കു തിരിച്ചുപോയി. മോൾക്ക് അന്ന് മൂന്നു വയസ്സേ ഉള്ളൂ. അവളെ സൈക്കിളിന്റെ മുൻപിൽ ഇരുത്തി. ഭാര്യയെയും കൂട്ടി പോയപ്പോഴാണ് ചാക്കുകെട്ടു വിറ്റു പണം കിട്ടിയത്. ഇപ്പോള്‍ അത് തമാശയായി തോന്നാം. ഭാര്യ അതുപറഞ്ഞ് കളിയാക്കും ഇപ്പോൾ. 

പക്ഷേ അന്ന് രാത്രിയാണ് ജ്യോതി ചേട്ടൻ വിളിക്കുന്നത്. ആ രാത്രി 'പൂമുത്തോളെ എഴുതി'. ഒരുപാട് പൈസ കിട്ടി. പാട്ടിന് സ്റ്റേറ്റ് അവാർഡ് കിട്ടി. ഒരുപാട് പ്രശസ്തി കിട്ടി. ആ ദിവസങ്ങൾ ഇത്തിരി കണ്ണുനീര് നനഞ്ഞെങ്കിലും ദൈവം വലിയൊരു സമ്മാനം തന്നില്ലേ. ആ നിമിഷങ്ങൾ ഇല്ലായിരുന്നില്ലെങ്കിൽ ആ പാട്ട് പിറക്കില്ലായിരിക്കും. എനിക്ക് ആ പാട്ട് എഴുതുമ്പോൾ വരികളല്ല കണ്ണുനീരാണ് വന്നത്. കണ്ണുനീര് കുത്തിയൊലിക്കുകയായിരുന്നു, ഭാവിയെ ഓർത്തിട്ട്. പേടിച്ചിട്ട്. 

ഉറുമാൽ അമ്പിളി 

ഉറുമാൽ അമ്പിളി, ലാൽബാഗിനുവേണ്ടി എഴുതിയ സിനിമയിലെ പാട്ടാണ്. ഞാൻ രാഹുൽരാജുമായി ചേർന്ന് ജോലി ചെയ്യുന്ന ആദ്യ സിനിമയാണ്. മംമ്താ മോഹൻദാസിനു വേണ്ടി എഴുതിയ പാട്ടാണ്. ഞാനിവിടെ വൈക്കത്തെ മുറിയിലിരുന്ന് ഒരു രാത്രി മുഴുവൻ വെളുപ്പിനെ വരെ എഴുതിയ പാട്ടാണ്. ഇതേ സമയത്തു തന്നെ രാഹുൽരാജ് അദ്ദേഹത്തിന്റെ എറണാകുളത്തെ സ്റ്റുഡിയോയിൽ ഉണർന്നിരിക്കുകയായിരുന്നു. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച് എഴുതിയെഴുതി മാറ്റിക്കൊണ്ടിരിക്കുമ്പോൾ അമേരിക്കയിലെ സ്റ്റുഡിയോയിൽ മംമ്ത പാടാൻ വന്നു. മൂന്നിടങ്ങളിലിരുന്ന് ഒരു ഒറ്റ രാത്രി കൊണ്ട് എഴുതി ഉണ്ടാക്കിയ പാട്ടാണ് ‘ഉറുമാൽ അമ്പിളി’. പുലർച്ചെയാണ് പാട്ട് എഴുതി തീർന്നത്. എനിക്ക് അപ്പോൾ തന്നെ അദ്ദേഹം അത് അയച്ചു തന്നു. ഞാൻ പുലർച്ചെ നാലരമണിക്ക് ആ പാട്ടു കേട്ടുകൊണ്ടാണ് ഉറങ്ങുന്നത്. അപ്പോഴാണ് ഉറക്കം വന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് ഉറുമാൽ അമ്പിളി. 

ഹാല് ഹാല്... 

ഷാഫിസാർ എന്നെ ഒരു പാട്ടെഴുതാൻ വിളിച്ചിരിക്കുകയാണ്. ഞാൻ ഞെട്ടി. എറണാകുളത്ത് പ്രൊ‍ഡ്യൂസറുടെ അടുത്താണ് എഴുതാനിരുന്നത്. എനിക്കു ഭയങ്കര ടെൻഷനായിരുന്നു. ''പാട്ടു നന്നായാൽ പടം പാതി നന്നായി'' എന്നു സർ പറഞ്ഞു. ഹരിനാരായണനെ ആദ്യമായി കാണുന്നത് ആ മുറിയിൽ വച്ചാണ്. ഞങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ ഹരിച്ചേട്ടൻ വരുന്നു. 'പട പട പട എഴുത്ത്'. എന്റെ കണ്ണു തള്ളിപ്പോയി. ഈ മനുഷ്യൻ ഓരോ പേപ്പർ എടുക്കുന്നു മാറ്റുന്നു, എഴുതി െവട്ടുന്നു. വിസ്മയം. ഭയങ്കരം. എനിക്ക് എഴുതാൻ പറ്റില്ല എന്ന് എനിക്ക് അപ്പോൾ തോന്നി. ഞാനവിടെ നിന്ന് ഇറങ്ങി. ''ഞാൻ എഴുതിയിട്ട് നാളെ വരട്ടെ?'' എന്ന് സാറിനോടു ചോദിച്ചു. ''വരണ്ട, അയച്ചാല്‍ മതി'' എന്നു സർ പറഞ്ഞു. മിക്കവാറും ഞാൻ അത് എഴുതാൻ സാധ്യതയില്ല എന്ന് ഷാഫിസാറിനു തോന്നിയിരിക്കാം. പക്ഷേ ഞാൻ സാറിനൊപ്പം നിന്നൊരു ഫോട്ടോ എടുത്തില്ല. എനിക്കത് ഭയങ്കര നിരാശയായിരുന്നു. അപ്പോൾ എനിക്കു തോന്നി ഈ പാട്ടെഴുതിയാൽ എനിക്കു വീണ്ടും കണ്ടുമുട്ടാം, സെൽഫി എടുക്കാലോ. രാത്രിയിൽ ഇരുന്ന് ആ പാട്ടെഴുതി. ''ഹാല് ഹാല്'' എന്നു സാറിനോടു പറഞ്ഞപ്പോൾ ''നീ രാവിലെ തന്നെ കേറി വാ" എന്ന് പറഞ്ഞു. സർ എന്നെ കെട്ടിപ്പിടിച്ചിട്ടാണ് െസൽഫി എടുത്തത്. ഞാനത് സൂക്ഷിച്ചു വച്ചിരിക്കുന്നു.

English Summary:

Interview with lyricist Ajeesh Dasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com