ADVERTISEMENT

അക്കിക്കാവിലെ വീടിന്റെ മതിലിൽ കൈപ്പടയിൽ റഫീഖ് അമ്മദ് എന്ന് എഴുതിയിരിക്കുന്നു. അതിനപ്പുറം പൊള്ളുന്ന വെയിലിലും തണുത്ത ഇലച്ചാർത്ത്.  മുറ്റത്തു വിരിച്ച പച്ചപ്പിൽ കവി വന്നു നിന്നു. പാട്ടെഴുത്തുകാരനോ കവിയോ? തരംതിരിക്കാനാകാത്ത വിധം കലർന്ന വാക്പ്രപഞ്ചത്തിന്റെ ഉടമ ചിരിച്ചു. തീ പോലെ ചുവന്ന വാകമരം കണ്ടപ്പോൾ 

'ഏതോ വിഷാദം നിന്നിൽ നിറഞ്ഞു

ഏകാന്തമാം നിൻ മൗനം കവിഞ്ഞു

ആപാദമരുണാഭമായ്‌..' 

എന്നാണ് റഫീഖ് അഹമ്മദിനു തോന്നിയത്. ആ തരം എഴുത്തും ചിന്തയുമാണ് കവിയെ വ്യത്യസ്തനാക്കുന്നതും. മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോരത്തിൽ' റഫീഖ് അഹമ്മദ് സംസാരിക്കുന്നു. 

മുഴുവൻസമയ പാട്ടെഴുത്തുകാരനായ കഥ 

അതിന് രണ്ടു മൂന്നു കാര്യങ്ങളുണ്ട്. ജോലി രാജിവച്ചു പാട്ടെഴുതാൻ തുടങ്ങിയപ്പോൾ സോഷ്യൽ സെക്യൂരിറ്റിയുടെ വിഷയം പലരും ഉന്നയിച്ചു. സിനിമയിൽ നിന്നും എപ്പോഴാണ് ഫീൽഡ് ഔട്ട് ആവുക എന്നു പറയാൻ പറ്റില്ല. പക്ഷേ എനിക്ക് ജോലി ചെയ്ത് വല്ലാതെ മടുത്തുപോയി. വളരെ ദൂരത്തേക്ക് ഇടയ്ക്കിടെ ട്രാൻസ്ഫറുകൾ വരും. അതൊക്കെ വളരെ ബുദ്ധിമുട്ടായി. ആ സമയത്ത് സിനിമയിലെ തിരക്കും കൂടി. അപ്പോൾ വരുന്നതു വരട്ടെ എന്നു കരുതിയാണ് ജോലി രാജി വച്ചത്. അതിനെപ്പറ്റി അധികമൊന്നും ആലോചിച്ചില്ല. 

എല്ലാവരും ഒരുപോലെ എഴുതില്ലല്ലോ 

വയലാറിന്റെയും ഭാസ്കരൻമാഷിന്റെയും ശ്രീകുമാരൻ തമ്പിയുടെയുമൊക്കെ പാട്ടുകൾ ഒറ്റ കേൾവിയിൽ എനിക്കു വേർതിരിച്ചറിയാൻ പറ്റും. കൃത്യമായി പാട്ടുകളെ നിരീക്ഷിക്കുന്ന ആളുകൾക്ക് അത് സാധിക്കും. ഭാസ്കരൻ മാഷ് 'ഒരു കൊച്ചു പന്തലിൽ ഒരു കൊച്ചു മണ്ഡപം', 'പുളിയിലക്കരമുണ്ട്' എന്നൊക്കെയാണ് പറയുക. വയലാറ് പറയുന്നത് 'പരാഗനിറപറ പോരാഞ്ഞോ പന്തലിട്ടത് പോരാഞ്ഞോ' എന്നൊക്കെയാണ്. ഒഎൻവിയുടേത് വേറൊരു തരത്തിലുള്ള കവിതയാണ്. അത് നിരന്തരമായിട്ട് കേൾക്കുമ്പോൾ ഐഡന്റിറ്റി മനസ്സിലാക്കാൻ പറ്റും. എന്റെ കാര്യം എനിക്കു തന്നെ പറയാൻ പറ്റില്ല. കേൾക്കുന്നവരാണ് അത് തീരുമാനിക്കുന്നത്. 

ആൾക്കൂട്ടങ്ങൾ ഇഷ്ടമില്ല

ഈണം കിട്ടിയാൽ വീട്ടിൽ ഇരുന്നും എഴുതാം. സിനിമാസെറ്റുകളിൽ ഞാൻ പോകാറില്ല. പൊതുവേ ആൾക്കൂട്ടങ്ങളോട് എനിക്ക് ഇഷ്ടമില്ല. നിവൃത്തികേടു കൊണ്ടു മാത്രം പോകുന്നതാണ്. എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അത്യാവശ്യ കാര്യങ്ങൾക്കൊക്കെ പോകും. അല്ലാതെ ഷൂട്ടിങ്ങിന്റെ പിന്നാലെ നടക്കുന്ന പരിപാടി ഒന്നുമില്ല. എം.ജയചന്ദ്രനെ പോലുള്ള സംഗീത സംവിധായകർക്ക് ഒരുമിച്ചിരുന്ന് പാട്ടു ചെയ്യണമെന്നു നിർബന്ധമുണ്ട്. അങ്ങനെയുള്ളപ്പോൾ അവരുടെ കൂടെ ഒരുമിച്ചിരുന്ന് ചെയ്യും. ഒരാൾക്ക് ഒരു കത്തെഴുതുമ്പോൾ പോലും തോന്നും, വിചാരിച്ചതുപോലെ എല്ലാം എഴുതാൻ പറ്റിയില്ല എന്ന്. അല്ലെങ്കിൽ പറയേണ്ടപോലെ പറയാൻ പറ്റിയില്ല എന്ന്. ക്രിയേറ്റീവ് റൈറ്റിങ്ങിൽ അത് കൂടുതലാണ്. അങ്ങനെ ഉണ്ടാവുകയും വേണം. എന്നാലേ അടുത്ത എഴുത്തിലേക്കുള്ള ഒരു ഉന്മേഷം തോന്നൂ. 

rafeeq4
റഫീഖ് അഹമ്മദ് (മനോരമ)

മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ 

ആ വരികൾ എഴുതാൻ കാരണമുണ്ട്. എന്റെ വീട്ടിൽ ഉതിർമുല്ല മരം ഉണ്ട്. അതിനു എത്ര വെള്ളം ഒഴിച്ചു കൊടുത്താലും അത് പൂക്കില്ല. ആദ്യത്തെ പുതുമഴ വരുമ്പോൾ മാത്രം അത് വല്ലാതെ പൂത്ത് നിറഞ്ഞ് നിൽക്കും. രണ്ടു ദിവസം കൊണ്ട് പൂവ് മുഴുവൻ കൊഴിഞ്ഞു പോവുകയും ചെയ്യും. പണ്ടൊക്കെ വളരെ അപൂർവമായേ മരുഭൂമിയിൽ മഴ പെയ്യുമായിരുന്നുള്ളു. ആ മഴ പെയ്തു കഴിഞ്ഞാൽ ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പല തരത്തിലുള്ള ചെടികൾ മുളച്ചു വരുന്നത്, പല ജീവികൾ പുറത്തേക്കു വരുന്നത് തുടങ്ങിയവയെല്ലാം പ്രകൃതിയുടെ നൃത്തമായാണ് തോന്നിയിട്ടുള്ളത്. അങ്ങനെ ഒരു നിമിഷത്തിലാണ് 'മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ' എന്ന വരികൾ എഴുതിയത്. 

rafeeq9
റഫീഖ് അഹമ്മദ് (ഫെയ്സ്ബുക്)

ഭക്തി ഗാനങ്ങൾ എഴുതാറില്ല

കവിതയെക്കാളും കഥയെക്കാളും നോവലിനെക്കാളും പാട്ടിനെക്കാളും ഏറ്റവും പ്രധാനം സയന്റിഫിക് ടെമ്പറാണ്. ഞാൻ സയന്റിസ്റ്റോ ശാസ്ത്രം പഠിച്ച ആളോ അല്ലെങ്കിൽ കൂടി എല്ലാ കാര്യങ്ങളും അടിസ്ഥാനപരമായി ശാസ്ത്രീയമായ രീതിയിൽ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആഗ്രഹിക്കുന്നുണ്ട്. മഹാമോശമായ രീതിയിൽ അന്ധകാരയുഗങ്ങളിലേക്കു നാടിനെ നയിച്ചുകൊണ്ടിരിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇവിടെ കുട്ടികൾക്കൊക്കെ ശാസ്ത്രബോധവും യുക്തിയും പകർന്നു കൊടുക്കുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

rafeeq7
റഫീഖ് അഹമ്മദ് (ഫെയ്സ്ബുക്)

ബോധപൂർവമായല്ലെങ്കിലും അങ്ങനെ നിലപാടുള്ളതുകൊണ്ട് സ്വാഭാവികമായിട്ടും എന്റെ കവിതയിൽ അത് വരും. നാളെ മുതൽ ഞാൻ എല്ലാവരെയും ശാസ്ത്രവൽക്കരിക്കാം എന്നുവച്ച് കവിതകളെഴുതുകയില്ല. എനിക്കങ്ങനയേ പറ്റൂ. ഞാൻ പാട്ടെഴുതും സിനിമയ്ക്കുവേണ്ടി. അല്ലാതെ ഭക്തി ഗാനങ്ങളൊന്നും എഴുതാറില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യില്ല. അതാണ് എന്റെ നേരായ സ്വഭാവം. 

വിശ്വാസം ആശ്വാസമാണ് 

വിശ്വാസം ആശ്വാസമായിട്ടു തന്നെ നിൽക്കണം. അതിനപ്പുറത്തേക്ക് പോകരുത്. മറ്റുള്ളവരുെട ആശ്വാസം നഷ്ടപ്പെടുത്തരുത്. പിന്നെ യുക്തിയും നഷ്ടപ്പെടുത്തരുത്. മനസ്സിനു ശക്തിയില്ലാത്ത മനുഷ്യർക്ക് അഭയം ഉണ്ടാകുന്നത് നല്ലതാണ്. അപൂർവമായി ചിലപ്പോൾ ധാർമികബോധം ഉണ്ടാകാൻ ഈ വിശ്വാസം സഹായിക്കും. എങ്കിലും 'ഭയങ്കര' മതവിശ്വാസികളാണ് എല്ലാ തെമ്മാടിത്തരവും ചെയ്യുന്നത്. ഇവിടുത്തെ മതമെന്നു പറഞ്ഞാൽ പൊളിറ്റിക്സ് ആണ്. ഇതിനെല്ലാം അപ്പുറത്ത് ആത്മീയതയുണ്ട്. ഈ ഭൂമിയില്‍ കുറച്ചു കാലമല്ലേ ഉണ്ടാവൂ. കണ്ണെത്താത്ത പ്രപഞ്ചത്തിൽ കോടാനുകോടി മനുഷ്യർ വന്നു പോയി. അതിനുമുന്നിൽ നിൽക്കുമ്പോൾ നമുക്കുണ്ടാകുന്ന വിനയവും വിസ്മയവും സ്നേഹവും സന്തോഷവും കലർന്നതാണ് ആത്മീയത. അല്ലാതെ മണിയടിച്ചിട്ട് അമ്പലത്തിൽ പോയി ഇരിക്കുന്നതല്ല.

rafeeq2
റഫീഖ് അഹമ്മദ് (മനോരമ)

എന്റെ പേരിനോടാണ് ആ ചോദ്യം 

ഞാൻ മുൻപ് ഇറോം ശർമിളയെക്കുറിച്ച് എഴുതിയപ്പോൾ അതിനു താഴെ വന്ന കമന്റ് താങ്കൾ എന്തുകൊണ്ടാണ് മലാലയെപ്പറ്റി സംസാരിക്കുന്നില്ല എന്നാണ്. ആ ചോദ്യത്തിന്റെ കാരണം എന്റെ പേരാണെന്ന് എനിക്കറിയാം. അത്തരം അൽപബുദ്ധികളുടെയും സങ്കുചിത ബുദ്ധികളുടെയും എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. അതിനെതിരെ സംസാരിച്ചുകൊണ്ടിരിക്കാം. പുതിയ കുട്ടികളോടു സംസാരിച്ചുകൊണ്ടിരിക്കാനേ പറ്റൂ. 

rafeeq6
റഫീഖ് അഹമ്മദ് (ഫെയ്സ്ബുക്)

തട്ടം പിടിച്ചു വലിക്കല്ലേ... 

പെൺകുട്ടിയുടെ കല്യാണം കഴിയുമ്പോൾ അസ്ഥിത്വം തന്നെ മാറിപ്പോകാറുണ്ട്. അവളുടെ വീട്ടുപേര്, നാട് അങ്ങനെ എല്ലാം മാറുന്നു. എങ്ങനെയാണ് പെൺകുട്ടികൾ അതുമായി പൊരുത്തപ്പെടുന്നതെന്നു ഞാൻ ആലോചിക്കാറുണ്ട്. വേറെ ഏതോ ഒരു അജ്ഞാതമായ നാട്ടിലേക്കാണ് അവർ പോകുന്നത്. അപ്പോൾ എന്റെ നാട്ടിലെ വെള്ളവും മണ്ണും നിലാവും ഒക്കെ ഞാൻ കൊണ്ടു പൊയ്ക്കോട്ടെ എന്ന് ചോദിക്കുന്നതാണ് ആ പാട്ട്.

rafeeq8
റഫീഖ് അഹമ്മദ് (ഫെയ്സ്ബുക്)

തെക്കിനി കോലായിലെ പാട്ട് 

രചയിതാവിനും സംഗീതസംവിധായകനും നാഷനൽ അവാർഡ് കിട്ടിയ പാട്ടാണ് സൂഫി പറഞ്ഞ കഥയിലെ ''തെക്കിനി കോലായ ചുമരിൽ ഞാൻ''. അങ്ങനെ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ട്യൂൺ ഇട്ടു തരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള വരികൾ എഴുതാൻ പറ്റില്ല. പാട്ട് ഹിറ്റാകണം എന്നു മാത്രം വിചാരിക്കുന്ന ആളുകളും ഇങ്ങനെയുള്ള എഴുത്തിനെ അംഗീകരിച്ചു തരില്ല. വരികൾ എഴുതി കൊടുത്തപ്പോൾ മോഹൻസിതാര പല ട്യൂണുകൾ ചെയ്തു. കുറേ ട്യൂണുകൾ ചെയ്തതിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ട്യൂൺ തിരഞ്ഞെടുത്തു. ഒരു മാപ്പിളപ്പാട്ടും അതിൽ വരുന്നുണ്ട്. അതിൽ കാമുകനും കാമുകിയും രണ്ടു കമ്യൂണിറ്റിയിൽപ്പെട്ട ആളുകളാണ്. രണ്ടുപേരുടെയും കൾച്ചർ ഒറ്റപ്പാട്ടിൽ വരുന്നു. അത്തരത്തിലുള്ള പാട്ട് മലയാളത്തിൽ വേറെയില്ല. 

പാട്ടും വരികളും 

'എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി, നിന്നെയും തേടി' എന്ന വരികൾ ആ രീതിയിൽ സംഗീതം ചേർന്നു വരുമ്പോൾ നല്ലൊരു സിനിമാഗാനമാകും. അതുപോലെ 'എന്തൊരു തൊന്തരവ് അയ്യയ്യോ എന്തൊരു തൊന്തരവ്. ഒരു സുന്ദരി പെണ്ണിനെ സ്വന്തമായി കിട്ടുവാൻ എന്തൊരു തൊന്തരവ്' എന്ന പാട്ടിനു വേറെ ഒരു തരം ഭംഗിയുമുണ്ട്. അതിൽ വലിയ കവിതയൊന്നുമില്ല. ഒരു നാട്ടുവർത്തമാനമാണ്. അതും പാട്ടു തന്നെയാണ്. ഏത് നല്ലത്, ഏത് മോശം എന്നല്ല ഞാൻ പറഞ്ഞത്. എനിക്ക് പാട്ടിലെ വരികൾ ശ്രദ്ധിക്കാനാണ് കൂടുതൽ ഇഷ്ടം.

rafeeq7
റഫീഖ് അഹമ്മദ് (ഫെയ്സ്ബുക്)

പറ്റില്ലെങ്കിൽ മാറിനിൽക്കുക 

ഇൻസ്റ്റഗ്രാമില്‍ റീലിൽ ഹിറ്റാവാൻ ഹൂക് ലൈനുകൾ ആവശ്യപ്പെടുന്നവർ ഉണ്ട്. അതൊന്നും സമ്മർദമായി തോന്നിയിട്ടില്ല. പരമാവധി പറ്റുന്നതുപോലെ ചെയ്യാറുമുണ്ട്. സിനിമാ പാട്ട് സ്വതന്ത്രമായ സർഗാത്മക ആവിഷ്കാരമൊന്നുമല്ല. ഒരുപാടു പണം മുടക്കിയുള്ള പരിപാടിയാണല്ലോ. പറ്റുന്നില്ലെങ്കിൽ മാറി നിൽക്കുക എന്നേയുള്ളു. അതിനെ എതിർത്തിട്ടൊന്നും കാര്യമില്ല. 

ഞാൻ ഗൗരവക്കാരനല്ല

ഞാൻ ഗൗരവക്കാരൻ ആണെന്നായിരുന്നു ആദ്യ ചിന്ത. പക്ഷേ പിന്നീടു മനസ്സിലായി, അങ്ങനെയല്ലെന്ന്. എന്റെയുള്ളിലും ഒരു കുട്ടിയുണ്ട്, യുവാവുണ്ട്, സ്ത്രീയുണ്ട്. സിനിമാ പാട്ട് എഴുതുമ്പോഴാണ് ആ എന്നെ ഞാൻ കണ്ടെത്തിയത്. മദ്യപൻ പാടുന്ന പാട്ട്, ഒരു മഹാഭക്തന്റെ പാട്ട് എഴുതൂ എന്നെല്ലാം പറയുമ്പോൾ എഴുതണം. കവിതയിൽ എനിക്കു അതൊന്നും നേരിടേണ്ടി വരുന്ന കാര്യങ്ങളേയല്ല. 

സിനിമാപ്പാട്ടെഴുതുമ്പോൾ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്

ചിലർക്ക് സംഗീതത്തിൽ മാത്രമായിരിക്കും അറിവ്. പക്ഷേ അതിനകത്തു വാക്കുകൾ വരണമല്ലോ എന്ന ചിന്ത അവർക്കുണ്ടാവില്ല. ആ സംഗീതം മിനുക്കി മിനുക്കി നമുക്കു തരും. അതിനകത്തു ചില ഭയങ്കര വളവുകളും തിരിവുകളും മറവുകളും ഒക്കെയുണ്ടാകും. അവിടെ എങ്ങനെയാണ് വാക്കുകൾ കൊണ്ട് വയ്ക്കാൻ പറ്റുന്നത്. അർഥം കൂടി വേണമല്ലോ. അല്ലാതെ വെറുതെ 'കിണ്ടാണ്ടം' എന്നൊക്കെ എഴുതാം. അതുകൊണ്ടു കാര്യമില്ലല്ലോ. അങ്ങനെ വരുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വളരെയധികം ഹിറ്റായ ഒരു പാട്ടുണ്ട്. 'മേൽ മേൽ മേൽ വിണ്ണിലെ' അതിന്റെ ട്യൂൺ തന്നു കഴിഞ്ഞപ്പോൾ എനിക്കുതോന്നി ഇത് വളരെ ബുദ്ധിമുട്ടുള്ള ട്യൂണാണെന്ന്. വാക്കുകൾ ചേരുമ്പോൾ തീം വേണം, അർഥം വേണം, കേൾവിക്കാരെ ആകർഷിക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടല്ലോ. 

rafeeq3
റഫീഖ് അഹമ്മദ് (മനോരമ)

വരികളുടെ ഭാവി 

വരികളുടെ ഭാവിയെക്കുറിച്ചു ഞാൻ ആലോചിക്കാറുണ്ട്. പക്ഷേ ഞാൻ അല്ല അത് ആലോചിക്കേണ്ടത്. 'ഈശ്വരൻ ഹിന്ദുവല്ല, ഇസ്‌ലാം അല്ല, ക്രിസ്ത്യാനിയല്ല' എന്ന പാട്ട് 'പോസ്റ്റ്മാനെ കാണാനില്ല' എന്ന ചിത്രത്തിലേതാണ്. ഒരു സിഐഡി പടമാണത്. പ്രേംനസീർ സിഐഡി ആയിട്ട് അഭിനയിക്കുന്ന സിനിമ. നസീർ സൈക്കിളിൽ പോകുമ്പോൾ പാടുന്ന പാട്ടാണ്. അയാൾക്ക് എന്തു പാട്ടു വേണമെങ്കിലും പാടാം. ഏതു പാട്ടും പാടാം. പക്ഷേ അയാൾ പാടിയത് ഈ പാട്ടാണ്.  അതുപോലെ മധു സര്‍ അഭിനയിക്കുന്ന 'ചുക്ക്' എന്ന സിനിമയിൽ അദ്ദേഹം വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതെ, തൊഴിൽ തേടി നടക്കുന്ന കഥാപാത്രമാണ്. അഞ്ചാം ക്ലാസു വരെയെ പഠിച്ചിട്ടുള്ളു. ആ പുള്ളിയാണ് 'വെൺചന്ദ്രലേഖ ഒരപ്സരസ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും

അപ്സരസ്ത്രീ' എന്നു പാടുന്നത്. ''അതെന്താ ഇങ്ങനെ? ഇതു ശരിയല്ല'' എന്നൊക്കെ പറയുകയാണെങ്കിൽ അങ്ങനെ ഒരു പാട്ടുണ്ടാകില്ലായിരുന്നു. എന്നുമാത്രമല്ല ആ പാട്ടുള്ളതുകൊണ്ടാണ് നമ്മൾ ഇന്നും ആ സിനിമയൊക്കെ ഓർക്കുന്നത്. സിനിമ രണ്ടര മണിക്കൂർ കാണുമ്പോൾ അതിനുള്ളിൽ കൂടി കടന്നു പോകുന്ന ഒരു സാധനം മാത്രമായാൽ മതി പാട്ട് എന്നാണ് സിനിമാക്കാർ ചിന്തിക്കുന്നത് എങ്കിൽ എന്ത് പറയാനാകും. പത്തു കൊല്ലം കഴിഞ്ഞിട്ടും പാട്ടു കേൾക്കുമ്പോൾ ആ സിനിമ ഓർക്കുന്ന തരത്തിലുള്ള പാട്ടു വേണം എന്നു സംവിധായകനോ പ്രൊഡ്യൂസറോ ഒക്കെയാണ് പറയേണ്ടത്. ഞാനല്ല.  

'ജാലകം' എന്ന വാക്ക് ഒരിക്കൽ എഴുതിയപ്പോൾ ഒരു സംവിധായകന്‍ ''ജാലകം എന്നൊക്കെ പറയുന്നത് ഭയങ്കര സാഹിത്യമായിട്ടുള്ള വാക്കല്ലേ, അത് മാറ്റണം'' എന്നു പറഞ്ഞു. സാധാരണ മലയാളം വാക്കുകൾ പോലും അത്ര പരിചിതമല്ലാത്ത ഒരുപാടു പേര് നമ്മുടെ ചുറ്റും ഉണ്ട് എന്നത് വളരെ ദുഃഖകരമായ കാര്യമാണ്.

rafeeq5
റഫീഖ് അഹമ്മദ് (മനോരമ)

പൊന്നാടയിൽ പൊന്നുണ്ടെങ്കിൽ കൊള്ളാം

പൊന്നാട തരുന്നവർ ബഹുമാനത്തോടെ തരുന്നതാണ്. പക്ഷേ പൊന്നാടയിൽ പൊന്നുണ്ടെങ്കിൽ കൊള്ളാം. ചെറിയ കുട്ടികൾക്ക് പട്ടുപാവാട തയ്ച്ചാൽ നല്ല രസമുണ്ടാകും. ഞാൻ അതിനു കൊടുക്കും. 

English Summary:

Lyricist Rafeeq Ahammed opens up about his musical journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com