ADVERTISEMENT

അമ്മ ബോംബെ ജയശ്രീയുടെ പാട്ടുകളിൽ അമൃത് രാമനാഥിന് ഏറ്റവും പ്രിയങ്കരം ഒരേ കടലിലെ ‘പ്രണയസന്ധ്യയൊരു വെൺസൂര്യനുടെ വിരഹമറിയുന്നുവോ.....’ എന്ന ഉൾച്ചൂടുള്ള പ്രണയഗാനമാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചന്റെ സംഗീതത്തിൽ പിറന്ന പാട്ടിൽ ജയശ്രീയുടെ ആലാപനം വിരഹരാഗങ്ങളുടെ വിഷാദമഴയാണ് ആസ്വാദകർക്ക്. ‘വസീഗര.... ’ പാടിയ ജയശ്രീ മലയാളിയെ വശീകരിച്ചത് പ്രണയസന്ധ്യയിലൂടെയായിരുന്നു. അമ്മയോട് മലയാളികൾക്കുള്ള സ്നേഹം അമൃത് അടുത്തറിഞ്ഞത് വിനീത് ശ്രീനിവാസന്റെ  വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ സംഗീതസംവിധായകനായി കേരളത്തിലെത്തുമ്പോഴാണ്. ബോംബെ ജയശ്രീയുടെ മകനെന്നറിയുമ്പോൾ ആദ്യചോദ്യം അമ്മയുടെ പാട്ടിനെക്കാൾ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചാണ്. അത്രയുണ്ട് ആ കരുതൽ. ഇംഗ്ലണ്ടിൽ കച്ചേരിക്കിടെ മസ്തിഷ്കാഘാതം സംഭവിച്ച ജയശ്രീ ജീവിതത്തിന്റെ സ്നേഹരാഗങ്ങളുടെ കൈപിടിച്ചു മടങ്ങിയെത്തിയിരിക്കുന്നു. അമ്മ ജീവിതത്തിലേക്കു മടങ്ങി വന്നപ്പോൾ അരികിലിരുന്ന് ശുശ്രൂഷിച്ച മകൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചതും ഇംഗ്ലണ്ടിലെ  ആശുപത്രിക്കാലത്ത്.

‘‘വിനീതിന്റെ ഭാര്യ ദിവ്യയും ഞാനും സുഹൃത്തുക്കളാണ്. ദിവ്യയാണ് എന്റെ പാട്ടുകൾ ആദ്യം വിനീതിനെ കേൾപ്പിക്കുന്നത്. അദ്ദേഹത്തിന് അതിഷ്ടമായി. അതിനുശേഷം ഞങ്ങൾ തമ്മിൽ കണ്ടു. പല ചർച്ചകൾക്കൊടുവിലാണ് വിനീതേട്ടൻ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ പാട്ടുകൾ ചെയ്യണമെന്നു പറയുന്നത്. കൃത്യമായി ഞാനാ ദിവസം ഓർക്കുന്നുണ്ട്. മാർച്ച് 23. ഞങ്ങൾ ഒരുപാടു സംസാരിച്ച് ഭക്ഷണം കഴിച്ചു പിരിഞ്ഞു. എന്റെ മനസ്സ് സന്തോഷം കൊണ്ടു തുളുമ്പി. ഈ വാർത്ത ആദ്യം അമ്മയോടു പറയണം. അമ്മ അന്ന് യുകെയിൽ ഒരു കച്ചേരിക്കു പോയിരിക്കുകയാണ്. വൈകിട്ട് വിവരം അമ്മയോടു പറഞ്ഞു. രാത്രിയായപ്പോൾ എനിക്കു ഫോൺ വന്നു. അമ്മയ്ക്കു മസ്തിഷ്കാഘാതം സംഭവിച്ചു. അബോധാവസ്ഥയിലാണ്. സംഗതി സീരിയസാണ്. ഉടനെ യുകെയിലെത്താൻ ഡോക്ടറും ആവശ്യപ്പെട്ടു. ഞാൻ തളർന്നുപോയി’’ – അമൃതിന്റെ വാക്കുകൾ ഇടറി.

‘‘അമ്മ ശരിക്കും ഒരു ഫൈറ്ററാണ്. ജീവിതത്തിൽ പല കയറ്റിറക്കങ്ങളിലൂടെ കടന്നു പോയതാണ് അമ്മയുടെ ജീവിതം. ഒരുപാടു കഷ്ടപ്പാടുകൾ കണ്ട ജീവിതം.ഈ പ്രതിസന്ധിയും മറികടക്കുമെന്ന് എനിക്കുറപ്പായിരുന്നു. ലിവർപൂളിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടർമാരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. സത്യത്തിൽ അമ്മയ്ക്ക് ഇത്തരമൊരു പ്രതിസന്ധി ലിവർപൂളിൽ വച്ച് സംഭവിച്ചതുകൊണ്ട് മികച്ച ചികിത്സ കിട്ടിയെന്നു പലരും പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച ന്യൂറോ ഡോക്ടർമാരുള്ള ഇംഗ്ലിഷ് നഗരമാണ് ലിവർപൂൾ. ഐസിയുവിൽ അമ്മയ്ക്കു പാട്ടു പാടി കൊടുത്തിട്ടുണ്ട്. ഡോക്ടർമാർ പറഞ്ഞതനുസരിച്ചാണത്. സംഗീതം കേട്ടാൽ അമ്മ തിരികെ വരുമെന്നു ഞങ്ങൾക്കുറപ്പായിരുന്നു....’’

വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനു വേണ്ടി ബോംബെ ജയശ്രീ ഒരുപാട്ട് എഴുതിയിട്ടുമുണ്ട്. അമൃത് തന്നെയാണ് ആ പാട്ട് പാടിയിരിക്കുന്നത്. ഓർമകളുടെ നൂൽപ്പാലത്തിലൂടെ തിരിച്ചുകയറി ജീവിതത്തിലേക്കു കൺതുറന്ന നാളുകളിൽ ആശുപത്രിയിൽ വച്ചാണ് ജയശ്രീ പാട്ടെഴുതിയത്. 14 പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതിൽ 9 എണ്ണം പ്രധാന പാട്ടുകളാണ്. 

.

യുകെയിൽ ബോംബെ ജയശ്രീയെ പരിചരിച്ചു കഴിയുമ്പോഴാണ് ഈ ചിത്രത്തിലെ മിക്ക പാട്ടുകളും അമൃത് ചിട്ടപ്പെടുത്തിയത്. സ്വന്തം സിനിമയിലെ പാട്ട് ചിട്ടപ്പെടുത്തുമ്പോൾ പൂർണസമയവും ഒപ്പമിരിക്കുന്നയാളാണ് വിനീത്. എന്നാൽ അമൃതിന്റെ സാഹചര്യവും ആവശ്യവും മനസ്സിലാക്കി വിനീത് സംഗീതസംവിധായകന്റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുകയായിരുന്നു. പാട്ടിനെക്കുറിച്ചുള്ള ‍അറിവും സംഗീതസംവിധായകന്റെ മനസ്സ് നന്നായി മനസ്സിലാക്കുന്ന സഹൃദയത്വവുമുള്ളതുകൊണ്ടാണ് വിനീത് അത്തരമൊരു തീരുമാനമെടുത്തതെന്നും അമൃത് വിശ്വസിക്കുന്നു.

‘‘എന്റെ അവസ്ഥ ഞാൻ വിനീതേട്ടനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനതു മനസ്സിലായി. ജീവിതത്തിലെ ഹൃദയം നുറുങ്ങുന്ന വൈകാരിക നിമിഷങ്ങളിലൂടെയാണ് ‍ഞാൻ അന്ന് കടന്നുപോന്നത്. അതു പലതും പാട്ടിൽ പ്രതിഫലിപ്പിച്ചിട്ടുമുണ്ടാകാം. തീവ്രമായ സങ്കടങ്ങളും മികച്ച സൃഷ്ടികൾക്ക് വഴിയൊരുക്കിയിട്ടുണ്ടല്ലോ. സംഗീതത്തിന്റെ അന്തരീക്ഷം മാത്രമുണ്ടായിരുന്ന വീട്ടിലാണ് ഞാൻ വളർന്നത് . സംഗീതോപകരണങ്ങളായിരുന്നു എന്റെ കളിപ്പാട്ടങ്ങൾ. ക്ലാസിക്കലിലും വെസ്റ്റേണിലും എനിക്കു കൃത്യമായ പരിശീലനം ഉണ്ടായിരുന്നു. സംഗീതോപകരണങ്ങൾ പലതും തനിച്ചു വായിച്ചു പഠിച്ചതാണ്. പ്ലസ് ടു കഴിഞ്ഞു പൂർണമായും പാട്ടിലേക്കു തിരിയുകയായിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു പകരം പാട്ട് തന്നെ തിരഞ്ഞെടുത്തു. അമ്മയ്ക്കൊപ്പം പലയിടത്തും കച്ചേരിക്കു പോയിട്ടുണ്ട്. എങ്കിലും ഞാൻ സംഗീതം കരിയറായി തിരഞ്ഞെടുക്കുന്നതിൽ വീട്ടിൽ ഒരു ആശങ്കയുണ്ടായിരുന്നു. അമ്മയ്ക്ക് പല ഉന്നതമായ അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. എന്നാൽ അമ്മയുടെ കരിയറിന്റെ അനിശ്ചിതത്വം പലതവണ ഞങ്ങൾ കണ്ടതുകൊണ്ടാണ് എന്റെ കാര്യത്തിൽ അങ്ങനെ ഒരാശങ്ക ഉണ്ടായത്. പിന്നീടത് മാറി.ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ് ’’– അമൃത് പറഞ്ഞു.

‘‘ബോംബെ ജയശ്രീയുടെ മകൻ എന്നതു വലിയ ദൈവാനുഗ്രഹം. അമ്മ അതുപോലെ പ്രശസ്തയാണ്. എന്നാൽ പാട്ടിൽ എന്റേതായ ഇടം കണ്ടെത്തണമെന്നും എന്റെ പേരിൽ അറിയപ്പെടണമെന്നുമാണ് ആഗ്രഹം. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ മധു പകരൂ എന്ന പാട്ട് റിലീസ് ചെയ്ത ശേഷം പലരും ശ്രദ്ധിച്ചു. തമിഴിൽ നിന്നും മറ്റും ഓഫറുകൾ വരുന്നുണ്ട്.’’– അമൃതിന്റെ വാക്കുകളിൽ പുതിയ പ്രകാശം.

അമ്മയുടെ മലയാളം ‘ഫന്റാസ്റ്റിക് ’എന്നു പറയുന്ന അമൃതിന് മലയാളം ഇപ്പോഴും കടുകട്ടിയാണ്. പിതാവ് രാംനാഥിനും മലയാളം നിശ്ചയമില്ല. വിനീതിനും തനിക്കും ചെന്നൈ നഗരത്തോടുള്ള അടുപ്പമാണ് തങ്ങളുടെ സൗഹൃദത്തിന്റെ ഈണവും ഇമ്പവുമെന്ന് അമൃത് കരുതുന്നു.

English Summary:

Interview with musician Amrit Ramnath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com