ADVERTISEMENT

പ്ലസ്ടു കഴിഞ്ഞപ്പോൾ അമൃത് രാംനാഥ് എന്ന പതിനേഴുകാരൻ അമ്മയും ഗായികയുമായ ബോംബെ ജയശ്രീയോടു പറഞ്ഞു: ‘‘എനിക്കൊരു ഗ്യാപ് ഇയർ എടുക്കണം. ഉന്നതപഠനം അതു കഴിഞ്ഞു മതി.’’ ഒരു വർഷം പഠനത്തിൽനിന്ന് ഇടവേളയെടുക്കാമെന്നു കരുതിയ അമൃത് പിന്നീട് കോളജിൽ പോയില്ല. സംഗീതമെന്ന സർവകലാശാലയിൽ ബോംബെ ജയശ്രീയെന്ന ഗൈഡിനു കീഴിൽ ഒരിക്കലും അവസാനിക്കാത്ത പഠനയാത്രയുടെ തുടക്കമായിരുന്നു അത്. കച്ചേരികളിലും യാത്രകളിലും അമ്മയ്ക്കൊപ്പം നിഴലു പോലെ കൂടെ നടന്ന അമൃത് അതിലൂടെ സ്വയം കണ്ടെത്തുകയായിരുന്നു. അമൃത് പാടി കേൾക്കുമ്പോഴൊക്കെ പലരും പറയും, ‘‘അപ്പടിയേ അമ്മാ പാട്ടു മാതിരി ഇര്ക്ക്!’’ ആ അഭിനന്ദനം ആദ്യമൊക്കെ അമൃത് എന്ന കൗമാരക്കാരനിൽ സൃഷ്ടിച്ചത് ഐഡന്റിറ്റി ക്രൈസിസ് ആയിരുന്നു. പതിയെ, ആ കമന്റിനു പിന്നിലുള്ള സ്നേഹവും കരുതലും അമൃത് തിരിച്ചറിഞ്ഞുതുടങ്ങി. സിനിമ വലിയൊരു സ്വപ്നമായി മനസ്സിൽ സൂക്ഷിച്ചെങ്കിലും സ്വതന്ത്ര സംഗീത പരീക്ഷണങ്ങളിലൂടെയാണ് അമൃത് സ്വന്തം സംഗീതത്തിന് ആരാധകരെ കണ്ടെത്തിയത്. ആ ആരാധകരാണ് സത്യത്തിൽ അമൃതിന് സിനിമയിലേക്ക് വഴി തുറന്നതും. ആ കഥ പറഞ്ഞ് അമൃത് രാംനാഥ് മനോരമ ഓൺലൈനിൽ. 

amrit7
അമൃത് രാംനാഥും ബോംബെ ജയശ്രീയും (പഴയകാലചിത്രം)

ദിവ്യ വഴി വിനീതേട്ടനിലേക്ക്

വിനീതേട്ടന്റെ ഭാര്യ ദിവ്യയും ഞാനും ഒരേ ജിമ്മിലാണു പോകുന്നത്. അവിടെ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. കൂടാതെ ദിവ്യയുടെ സുഹൃത്ത് വർഷ എന്റെയും നല്ല സുഹൃത്താണ്. അവർ വഴി എന്റെ പാട്ടുകൾ ദിവ്യ കേട്ടിട്ടുണ്ട്. അങ്ങനെയാണ് ദിവ്യ എന്റെ കാര്യം വിനീതേട്ടനോടു പറയുന്നത്. അദ്ദേഹത്തിന് എന്റെ പാട്ടുകൾ ഇഷ്ടമായി. ഒരിക്കൽ അവർ എന്റെ വീട്ടിലേക്കു വന്നിരുന്നു. പക്ഷേ, ആ ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നില്ല. പിന്നീടൊരു ദിവസം ഞാൻ അവരുടെ വീട്ടിൽ പോയി കാണുകയായിരുന്നു. അന്നു കണ്ടു പിരിഞ്ഞതിനു ശേഷവും ഒരു മാസത്തോളം ഞങ്ങളുടെ സംസാരം തുടർന്നു. അങ്ങനെയൊരു ദിവസമാണ് എന്നോട് ‘വർഷങ്ങൾക്കു ശേഷം’ സിനിമയ്ക്കു വേണ്ടി മ്യൂസിക് ചെയ്യാമോ എന്നു വിനീതേട്ടൻ ചോദിക്കുന്നത്. മലയാളം സിനിമയിൽ തുടങ്ങണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഇത്ര വലിയൊരു സിനിമയിലൂടെ അതു സാധ്യമാകുമെന്ന് കരുതിയില്ല. എം.എസ്.ബാബുരാജിന്റെ പാട്ടുകളൊക്കെ ചെറുപ്പം മുതൽ വീട്ടിൽ സ്ഥിരമായി കേൾക്കുന്നതാണ്. അതുകൊണ്ട് ഈ സിനിമ പറയുന്ന കാലഘട്ടത്തിലെ സംഗീതം എനിക്കു പരിചിതമായിരുന്നു. 

അപ്രതീക്ഷിതമായെത്തിയ ആശുപത്രിക്കാലം

ഈ സിനിമയുടെ പാട്ടുകൾ ഞാനാകും ചെയ്യുകയെന്ന് വിനീതേട്ടൻ പറഞ്ഞത് കഴിഞ്ഞ വർഷം മാർച്ച് 23 നാണ്. ആ ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. സിനിമ കിട്ടിയെന്ന സന്തോഷം അമ്മയോടു പറയാൻ കാത്തിരുന്ന എന്നെ തേടിയെത്തിയത് യുകെയിൽ നിന്നൊരു ഫോൺ കോളായിരുന്നു. അവിടെ കച്ചേരിക്കു പോയ അമ്മയ്ക്ക് മസ്തിഷ്കാഘാതം സംഭവിച്ചുവെന്ന വാർത്ത എന്നെ ഉലച്ചു കളഞ്ഞു. ഉടനെ ഞാൻ യുകെയിലേക്കു പോയി. ഇക്കാര്യം വിനീതേട്ടനോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, ഈ പ്രൊജക്ട് ഞാൻ തന്നെ ചെയ്താൽ മതിയെന്നാണ്. അങ്ങനെയാണ് അമ്മയുടെ ഐസിയു ബെഡിന് അരികിലിരുന്ന് ഞാൻ പാട്ടുകളൊരുക്കാൻ തുടങ്ങിയത്. ആദ്യമായി ചെയ്തത് മധു പകരൂ എന്ന ഗാനമായിരുന്നു. പിന്നീട് ഓരോ പാട്ടായി സംഭവിച്ചുകൊണ്ടിരുന്നു. 

അമ്മ തിരിച്ചു വരും

അമ്മയ്ക്കിപ്പോൾ പൂർണമായും ഭേദമായി. പാടിത്തുടങ്ങുന്നതേയുള്ളൂ. അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പതിയെ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഈ ഇടവേള അമ്മ ആസ്വദിക്കുന്നുണ്ട്. എപ്പോഴാണോ അമ്മയ്ക്ക് റെഡി എന്നു തോന്നുന്നത്, അപ്പോൾ അമ്മ കച്ചേരികളിലേക്കു തിരികെയെത്തും. അമ്മയുടെ അവസ്ഥ ശരിക്കും ഗുരുതരമായിരുന്നു. അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ശരിക്കും വലിയൊരു അദ്ഭുതമാണ്. മരുന്നുകൾ കൊണ്ടു മാത്രമാണ് അതു സാധ്യമായതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മസ്തിഷ്കാഘാതത്തെ അമ്മ അതിജീവിക്കുമെന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷേ, ആരോഗ്യത്തിനോ ശബ്ദത്തിനോ യാതൊരു കുഴപ്പവുമില്ലാതെ തന്നെ അമ്മ തിരിച്ചെത്തി. ‘വർഷങ്ങൾക്കു ശേഷ’മെന്ന സിനിമയുടെ മ്യൂസിക് എനിക്ക് വ്യക്തിപരമായി വലിയ ആശ്വാസം നൽകിയ ഒന്നായിരുന്നു. 

'ന്യാപകം' ഇമോഷനലാണ്

ഈ സിനിമയിൽ അമ്മ എഴുതിയ തമിഴ് പാട്ടുണ്ട്. ന്യാപകം എന്നു തുടങ്ങുന്നൊരു ഗാനം. ആ പാട്ടിന് സിനിമയിൽ വലിയൊരു റോളുണ്ട്. അതുപോലെ എനിക്കും അമ്മയ്ക്കും ആ പാട്ട് ഇമോഷനൽ ആണ്. സർജറി കഴിഞ്ഞ് അമ്മ തിരികെ ഐസിയുവിൽ എത്തിയ സമയത്താണ് ആ പാട്ട് സംഭവിക്കുന്നത്. വിനീതേട്ടൻ യുകെയിൽ വന്ന് എന്നെ കണ്ടു. സിനിമയിൽ ഒരു തമിഴ് പാട്ടുണ്ട്. അത് അമ്മയെഴുതുമോ എന്നു വിനീതേട്ടൻ ചോദിച്ചു. അമ്മയ്ക്ക് എഴുത്തിനോടു ചെറിയൊരു ഇഷ്ടമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ സംഗീതത്തിൽ രണ്ടു പാട്ടുകൾക്ക് അമ്മ വരികളെഴുതിയിട്ടുണ്ട്. ഐസിയുവിൽ ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നത് എഴുത്തിലൂടെയായിരുന്നു. കാരണം, ലൈഫ് സപ്പോർട്ട് സിസ്റ്റം ഘടിപ്പിച്ചിരുന്നതുകൊണ്ട് അമ്മയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. പറയാനുള്ളത് അമ്മ എഴുതി നൽകും. മറുപടി ഞാനും എഴുതി നൽകും. ആ ഡയറി ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിൽ അമ്മ എഴുതിയ ഒരുപാടു വരികളുണ്ട്. അതിലൊന്നാണ് 'ന്യാപകം'! അതുകൊണ്ട് ആ പാട്ട് ഇമോഷനലാണ്. അമ്മ അന്ന് എഴുതിയ മറ്റൊരു പാട്ട് സ്വതന്ത്ര മ്യൂസിക് ആൽബമായി പുറത്തിറക്കാൻ പ്ലാനുണ്ട്. 

amrit4
അമൃത് രാംനാഥും ബോംബെ ജയശ്രീയും

'അപ്പടിയേ അമ്മാ പാട്ടു മാതിരി ഇര്ക്ക്'

കഠിനാധ്വാനം കൂടാതെ ഒന്നും നേടാൻ കഴിയില്ലെന്ന് അമ്മ എപ്പോഴും പറയും. അമ്മ അതു ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്. ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്നു. അതു വലിയൊരു പ്രചോദനമാണ്. ഞാൻ കോളജിൽ പോകാത്തതുകൊണ്ട് അമ്മയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ പറ്റി. ഒരുമിച്ചു പെർഫോം ചെയ്തു. എപ്പോഴും അമ്മയ്ക്കൊപ്പം നടന്നു പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. എന്റെ അധ്യാപികയും ഗുരുവും സുഹൃത്തുമൊക്കെയാണ് അമ്മ. എന്റെ എല്ലാ തീരുമാനങ്ങൾക്കും തിര‍ഞ്ഞെടുപ്പുകൾക്കും സപ്പോർട്ടായി അച്ഛനുമുണ്ട്. ഇടയ്ക്ക് ഞാൻ ആലോചിക്കും, സംഗീതത്തിൽ അമ്മ എല്ലാം ചെയ്തു കഴിഞ്ഞു. അതിനു മുകളിൽ എനിക്കെന്തു ചെയ്യാൻ പറ്റും? ഇക്കാര്യം ഞാൻ അമ്മയോടാണ് ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത്. കാലം മാറി. സാങ്കേതിക വിദ്യ മാറി. അമ്മയുടെ സംഗീതയാത്ര പോലെയല്ല എന്റേത്. മാറ്റമില്ലാതെ തുടരുന്ന ഏക ഘടകം കഠിനാധ്വാനം ആണ്. അതിലൊരിക്കലും കുറവുണ്ടാകരുതെന്ന് അമ്മ പറയും. ആർടിസ്റ്റ് എന്ന നിലയിൽ അരക്ഷിതാവസ്ഥ തോന്നുമ്പോൾ ഏതു കമന്റും സമ്മർദമാകും. ചിലർ പറയും, പാട്ടു കൊള്ളില്ലെന്ന്! ചിലർ പറയും, 'അപ്പടിയേ അമ്മാ പാട്ടു മാതിരി ഇര്ക്ക്' എന്ന്! ബോംബെ ജയശ്രീയുടെ മെയിൽ വേർഷൻ പോലെ തോന്നുന്നുവെന്നു പറയുന്നവരുമുണ്ട്. അത്തരം കമന്റുകൾ ഒരിക്കലും മാറാൻ പോകുന്നില്ല. അവ നേരിടാൻ പഠിക്കുക എന്നതു മാത്രമാണ് ഏക പോംവഴി. ഇപ്പോൾ അമ്മയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഒരു ബഹുമതിയായിട്ടാണ് അനുഭവപ്പെടുന്നത്. അമ്മയുടെ പേരു നിലനിർത്താൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. എനിക്കുറപ്പുണ്ട്, പതിയെ എനിക്ക് കേൾവിക്കാരെ കണ്ടെത്താൻ കഴിയും. 

amrit2
അമൃത് രാംനാഥ്
English Summary:

Amrit Ramnath talks on new movie songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com