ADVERTISEMENT

കൈത്തുടി താളം തട്ടി മലയാളികളുടെ കരളിൽ ഇടം നേടിയ ഗായകനാണ് അഫ്സൽ. ഒരു കാലത്ത് മലയാളത്തിലിറങ്ങിയ ഫാസ്റ്റ് നമ്പർ പാട്ടുകൾക്ക് ഒരു ശബ്ദമേ ഉണ്ടായിരുന്നുള്ളൂ. രാക്ഷസിയും ഇഷ്ടമല്ലെടായും പാടി നടന്ന തലമുറയോട് പാട്ടിലെ ശുദ്ധവാദികൾ അൽപമൊന്ന് ഇടഞ്ഞു നിന്നെങ്കിലും, ആ പാട്ടുകൾ ഇന്നും ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിക്കുന്ന ഓളത്തിന് കുറവൊന്നുമില്ല. പാടിയ പാട്ടുകളിൽ ഏറെയും ഫാസ്റ്റ് നമ്പറുകൾ ആയിരുന്നെങ്കിലും രാപ്പക‌ൽ, വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മെലഡിയും തന്റെ ശബ്ദത്തിന് ഇണങ്ങുമെന്ന് അഫ്സൽ തെളിയിച്ചു. പതിനേഴാം വയസിൽ ഗാനമേളകൾക്ക് പാടിത്തുടങ്ങിയ അഫ്സൽ, പിന്നീട് സിനിമയിലേക്കും അവിടെ നിന്ന് വമ്പൻ സംഗീതവേദികളിലേക്കും പാടിക്കയറി. ഇന്നും ഹൈ ലെവൽ എനർജി പാക്ക്ഡ് മ്യൂസിക് ഷോകളുടെ അമരത്തുണ്ട് അഫ്സൽ. യൂത്തിന്റെ ശബ്ദമായി ആഘോഷിക്കപ്പെട്ട അഫ്സലിന് ഈ വിഷുനാളിൽ 50 തികയുകയാണ്. ഈ വിഷുക്കാലത്ത് മലയാളത്തിലെ യുവതാരങ്ങൾ ഒന്നിച്ചെത്തുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലും അഫ്സലിന്റെ ശബ്ദസാന്നിധ്യമുണ്ടെന്നത് ഈ പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമാവുകയാണ്. മൂന്നു പതിറ്റാണ്ടു പിന്നിടുന്ന സംഗീതജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സു തുറന്ന് അഫ്സൽ.  

വിവാദങ്ങളിൽ ക്ഷമയാണ് തുണ

ഞാൻ എങ്ങനെയാണോ ജീവിച്ചിരുന്നത് അതുപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്. അതിലൊരു എക്സ്ട്രാ ഫിറ്റിങ്സ് ഞാൻ കൊണ്ടു വന്നിട്ടില്ല. എനിക്കു കിട്ടിയ ഭാഗ്യങ്ങളും അനുഗ്രഹങ്ങളും ദൈവം തന്നതാണ്. അത് എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാം. ആ ചിന്തയോടു കൂടി ജീവിച്ചാൽ പിന്നെ അഹങ്കാരമൊന്നും ഉണ്ടാവില്ല. ലളിതമായി ജീവിക്കുക, ഉയർന്ന രീതിയിൽ ചിന്തിക്കുക എന്നതാണ് എന്റെ രീതി. വിവാദമാകാൻ സാധ്യതയുള്ള വിഷയങ്ങളിൽ ചെറിയൊരു ക്ഷമ കാണിച്ചാൽ ഒരുപക്ഷേ, അത് ഇല്ലാതായിപ്പോകും. അങ്ങനെ കുറെ സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. നമ്മൾ ഉണ്ടാക്കാൻ ശ്രമിച്ചാലല്ലേ ഉണ്ടാവുള്ളൂ. ഞാൻ ആ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. 

കേട്ടു വളർന്ന വാപ്പച്ചിയുടെ സംഗീതം

വാപ്പച്ചിയുടെ സംഗീതം കേട്ടാണ് ഞങ്ങൾ വളർന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് ഹാർമോണിയം വായിച്ച് വാപ്പച്ചി പാടുന്നതാണ്. എന്റെ സഹോദരിയെ വിളിച്ചിരുത്തി പാടിക്കും. വാപ്പച്ചി പാട്ടുകൾ കംപോസ് ചെയ്യും. ഞങ്ങളെക്കൊണ്ട് പാടിക്കും. സംഗീതം വാപ്പച്ചിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. കഷ്ടപ്പാടും പട്ടിണിയും ഉണ്ടെങ്കിലും സംഗീതത്തെ സന്തോഷത്തോടെ ചേർത്തു പിടിച്ചിരുന്നു. എന്റെ കാരണവന്മാർക്കു കിട്ടാതെ പോയതാണ് എന്റെ തലമുറ ഇപ്പോൾ അനുഭവിക്കുന്നത്. ആ ഓർമ എപ്പോഴും എന്നിലുണ്ട്. 

afsal3
അഫ്സൽ (ഫെയ്സ്ബുക്)

ഗോഡ്ഫാദർ ഷക്കീർ ഇക്ക

സംഗീതരംഗത്ത് എന്റെ ഗോഡ്ഫാദറായിരുന്നു ഷക്കീർ ഇക്ക. എനിക്ക് 19 വയസ്സുള്ളപ്പോൾ ചിത്ര ചേച്ചിക്കൊപ്പം പാടാൻ അവസരം ഒരുക്കിത്തന്നത് അദ്ദേഹമായിരുന്നു. ജഴ്സൺ (ജഴ്സൺ ആന്റണി) ചേട്ടന്റെ നേതൃത്വത്തിലായിരുന്നു അന്ന് ചിത്ര ചേച്ചിയുടെ ഓർക്കസ്ട്ര. അദ്ദേഹവും ഷക്കീർ ഇക്കയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞാൻ തമിഴ് പാട്ടുകളൊക്കെ നന്നായി പാടുമെന്ന് ഷക്കീർ ഇക്കയാണ് ജഴ്സൺ ചേട്ടനോടു പറയുന്നത്. അതുകൊണ്ടാണ് അന്നു ചിത്ര ചേച്ചിയുടെ കൂടെ സ്റ്റേജിൽ പാടാൻ കഴിഞ്ഞത്. ചിത്ര ചേച്ചിയുമായി അന്നു തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു. എന്റെ വീട്ടിലെ തന്നെ ആരൊക്കെയോ ആണ് ചേച്ചിയെന്ന് തോന്നും. പെർഫോം ചെയ്യുമ്പോൾ മാത്രം സെലിബ്രിറ്റിയാവുക, അല്ലാത്തപ്പോൾ സാധാരണക്കാരനായിരിക്കുക എന്നതാണ് എന്റെ കാഴ്ചപ്പാട്. അതിനു പ്രചോദനം ചേച്ചിയാണ്. 

അവരായിരുന്നു എന്റെ സർവകലാശാലകൾ

കുടുംബത്തിൽ ആദ്യമായി സംഗീതം പ്രഫഷനാക്കുന്നത് എന്റെ സഹോദരൻ ഷക്കീർ ആണ്. കോംഗ ഡ്രമ്മറായിരുന്നു അദ്ദേഹം. ദാസ് സാറിന്റെ ഓർക്കസ്ട്രയിലൊക്കെ അദ്ദേഹം വായിച്ചിട്ടുണ്ട്. അദ്ദേഹമാണ് എന്നെ റിഥം പ്രോഗ്രാമിങ് പഠിപ്പിക്കുന്നത്. ഒരു കാലത്ത് ഞാനും ഷക്കീർ ഇക്കയുമായിരുന്നു കൊച്ചിയിൽ റിഥം പ്രോഗ്രാമിങ് ചെയ്തിരുന്നത്. ആ സമയത്ത് ചെയ്ത ആൽബം ഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും കയ്യും കണക്കുമില്ല. അതൊരു ജോലി പോലെയായിരുന്നു അന്ന്. വലിയ അനുഭവങ്ങളാണ് അതിലൂടെ ലഭിച്ചത്. രവീന്ദ്രൻ മാഷ്, അർജുനൻ മാസ്റ്റർ, മോഹൻ സിത്താര, ബേണി ഇഗ്നേഷ്യസ്, വൈപ്പിൻ സുരേന്ദ്രൻ, ഫ്രാൻസിസ് വലപ്പാട്, കുമരകം രാജപ്പൻ, ആലപ്പുഴ ഋഷികേശ്, സെബി നായരമ്പലം, കലവൂർ ബാലൻ, ജഴ്സൺ ആന്റണി, ജയവിജയൻമാർ തുടങ്ങി പ്രശസ്തരും പ്രഗൽഭരുമായ നിരവധി സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. എല്ലാ തരം സംഗീതത്തിലൂടെയും കടന്നുപോകാൻ കഴിഞ്ഞു. ഒരു മ്യൂസിക് കോളജിൽ പോയി പഠിക്കുന്ന ഫീലായിരുന്നു ഇവരുടെയൊക്കെ കൂടെയുള്ള കാലം. അന്ന് അതിന്റെ ഗൗരവം അത്രയ്ക്ക് തിരിച്ചറി​ഞ്ഞിരുന്നില്ല. ഇപ്പോൾ ഓർക്കുമ്പോൾ, എന്തൊരു അനുഭവങ്ങളായിരുന്നു അവയെല്ലാം എന്നാണ് തോന്നുന്നത്. 

afsal6
അഫ്സൽ (ഫെയ്സ്ബുക്)

ഗാനമേളപ്പാട്ടു പാടാൻ ഇത്രയ്ക്കു പഠിക്കണോ?

വീടിനോടു ചേർ‌ന്ന് ഷക്കീർ ഇക്കയ്ക്ക് ഒരു കസെറ്റ് ഷോപ്പ് ഉണ്ടായിരുന്നു. അന്ന് സ്കൂൾ വിട്ടു വന്നാൽ കസെറ്റ് ഷോപ്പിൽ ഇരിക്കലാണ് പരിപാടി. എന്നിട്ട് പാട്ടുകൾ വച്ചു കേൾക്കും. ജ്യേഷ്ഠൻ അൻസാറും കൂടെയുണ്ടാകും. അദ്ദേഹം ദാസ് സാറിന്റെ പാട്ടുകൾ വയ്ക്കും. ഞാൻ എസ്പിബി സാറിന്റെയും ഇളയരാജ സാറിന്റെയും കസെറ്റുകൾ ഇടും. രാത്രി ഒൻപതു വരെ ഇതായിരുന്നു ഞങ്ങളുടെ കലാപരിപാടി. അന്നു വെറുതെ പാട്ടു കേൾക്കലായിരുന്നു. പിന്നീട്, അതൊരു പഠനമായി. പിന്നണിഗാനരംഗത്തേക്കു വന്നപ്പോൾ ദാസ് സാറിനെയും എസ്പിബി സാറിനെയും പരിചയപ്പെടാൻ പറ്റി. അവർ പിന്തുടരുന്നത് റഫി സാബിന്റെ പാട്ടുകളാണ്. അപ്പോൾ, അതു കേൾക്കാൻ തുടങ്ങി. ഒരു ജന്മം മുഴുവനെടുത്താലും പഠിച്ചു തീരാത്തത്രയുണ്ട് അതെല്ലാം. ദാസ് സർ എപ്പോഴും പറയും, പഠിക്ക് പഠിക്ക് എന്ന്! വളരെ കൃത്യമാണ് അത്. സർ അതു നേരത്തെ മനസ്സിലാക്കി. അദ്ദേഹം ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ഗാനമേളപ്പാട്ടു പാടാൻ ഇത്രയും പഠിക്കണോ എന്ന് ആദ്യമൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അങ്ങനല്ല. അതു ഞാൻ തിരിച്ചറിഞ്ഞത് വൈകിയാണ്.

afsal2
അഫ്സൽ (ഫെയ്സ്ബുക്)

കൈത്തൊഴിൽ പഠിക്കാൻ വെൽഡിങ് ഷോപ്പിൽ

കൊച്ചിൻ കോളജിൽ പ്രീഡിഗ്രി കഴി​ഞ്ഞതിനു ശേഷം കുറച്ചു കാലം പാടാൻ നടന്നു. അതിനൊന്നും വാപ്പച്ചി എന്നെ ചീത്ത പറഞ്ഞിട്ടില്ല. ഞാൻ പാടുന്നത് വാപ്പച്ചിക്ക് ഇഷ്ടമായിരുന്നു. എങ്കിലും, ഗാനമേളയ്ക്ക് പാടി നടന്നിട്ട് കാര്യമില്ലല്ലോ. ജീവിക്കാൻ ജോലി വേണം. ആ സമയത്ത് ഗൾഫിൽ എന്റെ നാലു സഹോദരന്മാരുണ്ട്. വെൽഡിങ് പഠിച്ചാൽ ഗൾഫിൽ നല്ല സാധ്യതയാണെന്ന് അവർ പറഞ്ഞു. അങ്ങനെ ഞാൻ തോമസ് ആശാനു കീഴിൽ വെൽഡിങ് പഠിക്കാൻ പോയി. സത്യത്തിൽ എന്റെ ഒരുപാട് ടേക്ക് ഓഫുകൾ ഉണ്ടായത് അവിടെ നിൽക്കുമ്പോഴാണ്. അവിടെ പോകുന്ന സമയത്തും ഗാനമേളകളിൽ ഞാൻ സജീവമായി പാടുന്നുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ ആദ്യമായി ചിത്ര ചേച്ചിക്കൊപ്പം പാടുന്നത്. റിഥം കംപോസിങ് പഠിക്കുന്നതും അവിടെ നിൽക്കുമ്പോഴാണ്. ദൈവത്തിന്റെ തീരുമാനങ്ങളാണ് എല്ലാം. ചേട്ടന്മാർ പറഞ്ഞു, കൈത്തൊഴിൽ പഠിക്കാൻ! വെൽഡിങ് ആകും എന്റെ കൈത്തൊഴിലെന്നു കരുതി പോയപ്പോൾ, മ്യൂസിക് ആണ് എന്റെ മേഖലയെന്ന് തിരിച്ചറിയുകയായിരുന്നു. വെൽഡ‍ിങ് വർക്ക് ഷോപ്പിൽ നിൽക്കുമ്പോഴാണ് ഒരുപാട് നല്ല അവസരങ്ങൾ എനിക്ക് ലഭിച്ചത്. ആ കാലഘട്ടം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. അക്കാര്യം ഞാൻ എല്ലായിടത്തും പറയും. 

afsal4
അഫ്സൽ (ഫെയ്സ്ബുക്)

എസ്പിബി– മുത്തു പോലൊരു മനുഷ്യൻ

എസ്പിബി സാറിന്റെ സ്വാധീനം എന്റെ പാട്ടുകളിൽ നന്നായി ഉണ്ട്. നമ്മൾ സിനിമയിലെ രാക്ഷസി എന്ന പാട്ടു പാടുമ്പോൾ, സാറിന്റെ 'റമ്പമ്പം ആരംഭം' എന്ന പാട്ടിലെ ടെക്നിക്കുകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. സംഗീതസംവിധായകൻ മോഹൻ ചേട്ടൻ (മോഹൻ സിത്താര) അക്കാര്യത്തിൽ എനിക്ക് നല്ല പ്രോത്സാഹനം തന്നിരുന്നു. ആ പാട്ടു കേൾക്കുമ്പോൾ ഇപ്പോഴും പലരും പറയും, ഞാൻ അതു പാടിയിരിക്കുന്നത് എസ്പിബി സാറിനെ പിടിച്ചാണെന്ന്! അതു സത്യമാണ്. ഒരിക്കൽ എസ്പിബി സർ എറണാകുളത്തു വന്നപ്പോൾ അദ്ദേഹത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ആരോ ഒരാൾ സാറിനോടു പറഞ്ഞു, ‘‘ബാലു സാറിന്റെ പാട്ട് അഫ്സൽ നന്നായി പാടാറുണ്ട്. അതേ ടോണിൽ തന്നെ പാടും’’ എന്ന്. അതു കേട്ടതും സർ ഉടനെ എന്നോട് പാടാൻ ആവശ്യപ്പെട്ടു. ഞാൻ 'പച്ചമലർ പൂവ്' എന്ന പാട്ടു പാടി. അതു കേട്ടിട്ട് സർ പറഞ്ഞു, 'അഫ്സലിന് എന്റെ വോയ്സ് അല്ല. പക്ഷേ, അവൻ നന്നായി പാടി' എന്ന്. ആ മറുപടി എനിക്കിഷ്ടമായി. ആ രാത്രി ഞങ്ങൾ ഒരുപാടു സംസാരിച്ചു. സാറും ഞാനും സംഗീത വിദ്യാർഥികൾ എന്ന നിലയിലായിരുന്നു വർത്തമാനങ്ങൾ. അദ്ദേഹം റഫി സാബിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു. പാട്ടുകൾ പാടി. ഒരു നിമിഷം ഞാൻ ചിന്തിച്ചു– ഇദ്ദേഹം എസ്പിബി അല്ലേ! ഇദ്ദേഹം എവിടെ നിൽക്കുന്നു? ഞാൻ എവിടെ നിൽക്കുന്നു?! അതാണ് എസ്പിബി. നല്ലൊരു ഗായകൻ എന്നതിലുപരി മുത്തു പോലൊരു മനുഷ്യനായിരുന്നു അദ്ദേഹം. 

afsal5

ഉള്ളിലുണ്ട് മെലഡി

ലോക്കൽ പരിപാടികളിൽ ഫാസ്റ്റ് നമ്പറുകൾ പാടുമ്പോൾ ചെറുതായി ചുവടു വച്ചാണ് പാടാറുണ്ടായിരുന്നത്. എനിക്കു മുൻപും ഗാനമേളകളിൽ അങ്ങനെ പാടുന്നവരുണ്ടായിരുന്നു. സിനിമയിൽ വന്നപ്പോൾ എനിക്കു കിട്ടിയതും അടിപൊളി പാട്ടുകളായി. പക്ഷേ, എന്റെ മനസ്സിൽ എപ്പോഴും മെലഡിയുണ്ട്. ചെറുപ്പം മുതൽ വാപ്പച്ചിയുടെ സംഗീതമാണ് ഞാൻ കേട്ടു വളർന്നത്. ഹിന്ദുസ്ഥാനി ശൈലിയായിരുന്നു വാപ്പച്ചി പിന്തുടർന്നിരുന്നത്. അന്നു കേട്ട സംഗീതമാണ് എന്റെ അടിസ്ഥാനം. 17 വയസ്സു മുതൽ ഗാനമേളയ്ക്ക് പാടിയത് എസ്പിബി സാറിന്റെ അടിപൊളി പാട്ടുകളായിരുന്നു. അതു പാടുമ്പോഴും ഉള്ളിന്റെയുള്ളിൽ മെലഡിയുണ്ട്. ഇപ്പോൾ പോലും അഫ്സൽ എന്ന ഗായകനെ വിളിക്കുന്നത് ഗസൽ പാടാനോ ഗാനമേളയ്ക്ക് മെലഡി പാടാനോ അല്ല. അടിപൊളി പാട്ടുകളാണ് എന്നിൽ നിന്നു പൊതുവെ എല്ലാവരും പ്രതീക്ഷിക്കുന്നത്. മോഹൻ സിത്താര മാത്രമേ സിനിമയിൽ മെലഡിക്കു വേണ്ടി എന്നെ വിളിച്ചിട്ടുള്ളൂ. കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്ന ചിത്രത്തിലെ 'പോകാതെ കരിയിലക്കാറ്റേ' എന്ന പാട്ട് അങ്ങനെ സംഭവിച്ചതാണ്. ഈ പാട്ട് ദാസ് സാറിനെക്കൊണ്ടു പാടിക്കാൻ ഇരിക്കുകയായിരുന്നു. അഫ്സലിനെ ട്രൈ ചെയ്താലോ എന്ന് മോഹൻ ചേട്ടൻ ചോദിച്ചു. ഞാൻ മെലഡി പാടുമെന്ന് അദ്ദേഹത്തിന് അറിയാം. ദാദാ സാഹിബ് മുതൽ ഞാൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നതാണ്. മോഹൻ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് എനിക്ക് ആ പാട്ടു കിട്ടുന്നത്. 

afsal7
അഫ്സൽ (മനോരമ)

ഇനി കിട്ടുന്നതെല്ലാം ബോണസ്

നാലു മക്കളുണ്ട്. രണ്ടു പേരക്കുട്ടികളും. കുട്ടികൾ വളരുന്ന പ്രായത്തിൽ അവർക്കൊപ്പം വളരെ കുറച്ചു സമയം മാത്രമാണ് ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതു വലിയൊരു മിസിങ് ആണ്. പേരക്കുട്ടികൾ ആയിട്ടും അതൊന്നും തിരിച്ചു പിടിക്കാൻ സാധിച്ചിട്ടില്ല. അവരും കേരളത്തിന് പുറത്താണ്. എങ്കിലും പണ്ടത്തെ അത്ര തിരക്കുകൾ ഇപ്പോഴില്ല. കാലത്തിനനുസരിച്ച് സിനിമകൾ മാറി. പാട്ടുകൾ കുറഞ്ഞു. ഇപ്പോൾ കിട്ടുന്ന പാട്ടുകൾ ബോണസുകളായിട്ടാണ് ഞാൻ കരുതുന്നത്. ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയിട്ടല്ല ഞാൻ കരിയർ തുടങ്ങിയത്. ഇതുപോലെ തുടരണം എന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്രയൊക്കെ എനിക്ക് മലയാളം ഇൻഡസ്ട്രിയിൽ ചെയ്യാൻ കഴിഞ്ഞില്ലേ? മലയാളികൾ അറിയുന്ന ഗായകനായി മാറി. കുറെ നല്ല പാട്ടുകളും കിട്ടി. ആ പാട്ടുകൾ പാടാൻ ഇനിയും വേദികൾ കിട്ടിയാൽ വലിയ സന്തോഷം. സിനിമയിൽ എനിക്കു പാടാൻ കഴിയാത്ത തരത്തിലുള്ള പാട്ടുകൾ സ്വതന്ത്രമായി ചെയ്യണമെന്നുണ്ട്. മരിക്കുന്നതു വരെ നന്നായി പാടണമെന്ന ആഗ്രഹമേ എനിക്കുള്ളൂ. അതാണ് ഏറ്റവും വലിയ ആഗ്രഹം.

English Summary:

Playback singer Afsal Ismail celebrates 50th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com