ADVERTISEMENT

അജയ് ദേവ്ഗൺ, സിദ്ധാർഥ് മൽഹോത്ര, രാകുൽ പ്രീത് സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ‘താങ്ക് ഗോഡ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. സിംഹള ഭാഷയിലുള്ള ‘മനികെ മാഗേ ഹിതേ’ എന്ന പാട്ടിന്റെ ഹിന്ദി റീമേക്ക് ആണിത്. പാട്ടിന്റെ യഥാർഥ ഗായികയായ യൊഹാനി ഡിലോക ഡിസിൽവയാണ് ഹിന്ദി പതിപ്പും ആലപിച്ചിരിക്കുന്നത്. ജുബിന്‍ നൗടിയാല്‍, സൂര്യ രഗുനാഥന്‍ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. 

 

നോറ ഫത്തേഹിയും സിദ്ധാർഥ് മൽഹോത്രയുമാണ് വിഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. നോറയുടെ ത്രസിപ്പിക്കും ചുവടുകളും ഹോട്ട് രംഗങ്ങളും പാട്ടിന്റെ മുഖ്യാകർഷണമാണ്. ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധിക്കപ്പെട്ട ഗാനം 2 മില്യനിലധികം ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. 

 

‘മനികെ മാഗേ ഹിതേ’ എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ ശ്രീലങ്കൻ ഗായികയാണ് യൊഹാനി ഡിലോക ഡിസിൽവ. ശ്രീലങ്കൻ കരസേനാ ഓഫിസർ പ്രസന്ന ഡി സിൽവയുടെയും ശ്രീലങ്കൻ എയർലൈൻസിലെ മുൻ എയർഹോസ്റ്റസ് ദിനിതിയുടെയും മകളായ യൊഹാനി, യുകെയിൽനിന്ന് അക്കൗണ്ട്സിൽ മാസ്റ്റേഴ്സ് എടുത്ത് ഓസ്ട്രേലിയയിൽ ഉപരിപഠനം പൂർത്തിയാക്കി 2019 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഗീതം ഗൗരവമായെടുക്കുന്നത്. 

 

കോവിഡ് കാലത്ത് 30 സെക്കൻഡ് വരുന്ന ചെറിയ ടിക്ടോക് വിഡിയോകളിലൂടെ കവർ സോങ്ങുകൾ പാടിയായിരുന്നു തുടക്കം. ‘ദേവിയാങ്കെ ബാരെ’ എന്ന റാപ്പ് പാട്ടാണ് ആദ്യം ഹിറ്റാകുന്നത്. തുടർന്ന് ശ്രീലങ്കയിലെ ‘റാപ്പ് രാജകുമാരി’ എന്ന വിളിപ്പേരു നേടി. ‘മനികെ മാഗേ ഹിതേ’ യുട്യൂബിൽ 2.5 കോടി വരിക്കാരെ നേടുന്ന ആദ്യ ശ്രീലങ്കൻ വനിതാ ഗായിക എന്ന ബഹുമതി നേടിക്കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com