ADVERTISEMENT

തീയറ്ററിൽ എത്തും മുൻപ് തന്നെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലൗ'. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഒടുവിൽ എത്തിയ 'ആരും കാണതിന്നെൻ' എന്ന ഗാനവും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ഗാനം മാത്രമല്ല, ഗാനത്തിൽ എത്തുന്ന പുതുമുഖം നൂറിനെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. 

 

വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാന്റെ സംഗീതം. ഗാനം യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം കണ്ടത് ഏഴുലക്ഷത്തോളം ആളുകളാണ്. ചിത്രത്തിലെ തന്നെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിനു ശേഷം, മണിക്കൂറുകൾക്കകം ഇത്രയധികം ആളുകൾ കണ്ടത് ഈ ഗാനമാണ്. ട്രന്റിങ്ങിൽ നിലവിൽ ഏഴാമതാണു ഗാനം

ഏഴുഗാനങ്ങളുണ്ട് ചിത്രത്തിൽ. ഇവയെല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ബി.കെ. ഹരിനാരായണൻ, പേളിമാണി, സത്യജിത്ത് എന്നിവരാണു വരികൾ എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ഹരിചരൺ, നീതു നടുവത്തേറ്റ്, സൂരജ് സന്തോഷ്, ഹിഷാം അബ്ദുൾ വഹാബ്, ജീനു നസീർ, ശ്രുതി ശിവദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

നല്ലസിനിമയാണെന്നും, ചിലരോടുള്ള പ്രത്യേക വൈരാഗ്യം കാരണം സിനിമ കാണാതിരിക്കരുതെന്നുമാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. നുറിന്റെ അഭിനയ മികവിനെ പ്രശംസിക്കുന്നവരും കുറവല്ല. 'നൂറിനുള്ളതു കൊണ്ടാണ് ഈ സിനിമ കാണുന്നത്' എന്നു വരെ എത്തി ആരാധകരുടെ കമന്റുകൾ. ഗാനത്തിന് എത്തുന്നതു ഭൂരിഭാഗവും പോസിറ്റീവ് കമന്റുകളാണെന്നതു ശ്രദ്ധേയം. മുൻപ് ഡിസ്‌ലൈക്കുകൾ കൊണ്ട് ചിത്രത്തിലെ ഗാനങ്ങളെ തകർക്കാൻ ശ്രമിച്ചവർ ലൈക്കുകൾ നൽകാൻ തുടങ്ങിയിരിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതു ഡിസ്‌ലൈക്കുകൾ കൊണ്ടായിരുന്നു. നല്ല സിനിമയെ ഇങ്ങനെ ഡിഗ്രേഡ് ചെയ്യരുതെന്ന അഭിപ്രായവും ശക്തമാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com