ADVERTISEMENT

പാട്ടുകൾ നിറഞ്ഞതായിരുന്നു പോയവാരം. ഒരു അഡാർ ലൗ, കുമ്പളങ്ങി നൈറ്റ്സ്, ജൂൺ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നിങ്ങനെ കുറച്ചധികം ചിത്രങ്ങൾ എത്തിയിരുന്നു. അതിൽ പലതും കടുത്ത വിമർശനം നേരിട്ടു. എന്നാൽ വിമർശനങ്ങള്‍ക്കിടയിലും ഈ ചിത്രങ്ങളിലെ എല്ലാം ഗാനങ്ങളെല്ലാം തന്നെ ഏറെ കയ്യടിനേടിയിരുന്നു. അതിൽ എടുത്തു പറയേണ്ടതും ഒരു അഡാർ ലൗവിലെ ഗാനങ്ങളെ കുറിച്ചു തന്നെയാണ്. തീയറ്ററിലെത്തുന്നതിനു മുൻപും ശേഷവും ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടി വന്ന മലയാള ചിത്രം അടുത്ത കാലത്തുണ്ടായിട്ടില്ല. എന്നു തന്നെ വേണം വിലയിരുത്താൻ. 

ചിത്രത്തിലെ ഗാനങ്ങളിലേക്കു വന്നാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ‘മാണിക്യ മലരായ പൂവി’യിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനങ്ങളിലൊന്നായി മാറിയിരിക്കുന്നു മാണിക്യമലരായ പൂവി. പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലാണ് ഗാനത്തെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാക്കിയത്. ഏഴുഗാനങ്ങളുണ്ട് ചിത്രത്തിൽ. എല്ലാ ഗാനങ്ങളും യൂട്യൂബിൽ തരംഗമായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയപ്പോഴും ഗാനങ്ങൾക്കു കാഴ്ചക്കാർ ഏറെയായിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനം ലൈക്കുകൾ കൊണ്ട് ഏറെ ശ്രദ്ധേയമായപ്പോൾ ഫ്രീക്ക് പെണ്ണേ ശ്രദ്ധേയമായതു ഡിസ്‌ലൈക്കുകൾ കൊണ്ടായിരുന്നു. എന്നാൽ ഇതിനു ശേഷം ഇറങ്ങിയ ആരും കാണാതിന്നെൻ എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമായി. ഈ ഗാനത്തിലൂടെ നൂറിൻ ഷരീഫ് എന്ന നായികയെ മലയാളി അക്ഷരാർഥത്തിൽ സ്വീകരിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കലാഭവൻമണിക്കുള്ള ആദരവോടെ പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധനേടി. ഷാൻ റഹ്മാന്റെതാണു സംഗീതം. ചുരുക്കി പറഞ്ഞാൽ ചിത്രത്തിന്റെ വിമർശനങ്ങൾക്കുള്ള കൃത്യമായ തിരിച്ചടിയായിരുന്നു അഡാർ ലൗവിലെ ഗാനങ്ങൾ നൽകിയത്. 

 

കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം തീയറ്ററിലെത്തിയെങ്കിലും ചിത്രത്തിലേതായി ഇതുവരെ രണ്ടു ഗാനങ്ങളുടെ വിഡിയോയാണ് എത്തിയത്. തേൻ പനിമതിയേ, ബാബ്വേട്ടാ എന്നിവയായിരുന്നു ഗാനങ്ങൾ.  തികച്ചും വ്യത്യസ്തയുള്ള രണ്ടു ഗാനങ്ങൾ. നാടിന്റെയും നന്മയും മനോഹാരിതയും കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളുമായി എത്തുന്ന ഗാനമാണ് ‘തേൻ പനിമതിയേ’. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ‘ബാബ്വേട്ടാ’ എന്ന ഗാനം എത്തിയത്. കൃത്യമായി പറഞ്ഞാൽ ‘ന്യൂജെൻ’ ഗാനം. നേഹ അയ്യരുടെ ഐറ്റം ഡാൻസ് ആയിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. ഒന്നും മിണ്ടാതെ, തനിയേ ഇതാ എന്നീ ഗാനങ്ങളുടെ ഓഡിയോ നേരത്തെ തന്നെ ജൂക്ക് ബോക്സിൽ എത്തിയിരുന്നു. വിഡിയോ ഗാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ഈ ഗാനങ്ങൾക്കു ആരാധകരുടെ പ്രതികരണം. ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണു സംഗീതം. സിത്താര കൃഷ്ണകുമാർ, പ്രണവം ശശി, ഹരിശങ്കർ, സാക്ഷ ത്രിപാഠി എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെതാണു വരികൾ. 

 

ജൂണിലെ ഗാനങ്ങളിലൂടെ ആസ്വാദകം മനം കവര്‍ന്നിരിക്കുകയാണ് ഇഫ്ത്തി എന്ന നവാഗത സംഗീത സംവിധായകൻ. ഇതുവരെ കേട്ടു തഴകിയ താളത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇഫ്ത്തിയുടെ സംഗീതമെന്ന് ജൂണിലെ ഗാനങ്ങൾ ഒറ്റത്തവണ കേട്ടാൽ തന്നെ നമുക്കുതോന്നും. അത്രമേൽ ആസ്വാദക ഹൃദയത്തിലേക്കെത്തി ഗാനങ്ങൾ. സിനിമാ സന്ദർഭങ്ങളോടും വരികളോടും നീതിപുലർത്താൻ സംഗീതത്തിനു സാധിച്ചു എന്നു നിസ്സംശയം പറയാം. ചിത്രത്തിലേതായി ആറുഗാനങ്ങൾ ജൂക്ക് ബോക്സിൽ എത്തിയിരുന്നു. നാലുഗാനങ്ങളുടെ വിഡിയോയും എത്തി. ഗാനങ്ങളെല്ലാം തന്നെ ട്രന്റിങ്ങിൽ ഇടംനേടിയിരുന്നു. മിന്നി മിന്നി എന്നു തുടങ്ങുന്ന ഗാനമാണ് ഏറെ ശ്രദ്ധേയമായത്. അമൃത സുരേഷിന്റെ ആലാപന ശൈലിയും രജിഷ വിജയന്റെ ഭാവങ്ങളും ഗാനത്തെ കൂടുതൽ മനോഹരമാക്കിയിരുന്നു. 

 

തീയറ്റർ വിട്ടിട്ടും വരികളില്ലാത്ത ആ സംഗീതം മനസ്സിനെ കീഴടക്കിയിരുന്നു. കുമ്പളങ്ങി നൈറ്റ്സിലൂട നീളം നിൽക്കുന്ന ബിറ്റ്സ് ആയിരുന്നു അത്. മലയാള സിനിമ എല്ലാ മേഖലയിലും അതിന്റെ യാഥാസ്ഥിതിക ചട്ടക്കൂടു തകർത്തു പുറത്തു വരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. സൈലന്റ് നൈറ്റ്, എഴുതാക്കഥ, ഉയിരിൽ തൊടും, ചിരാതുകൾ എന്നിങ്ങനെ നാലുഗാനങ്ങളുണ്ട് ചിത്രത്തിലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ളത് ചിരാതുകൾക്കും ഉയിരിൽ തൊടും എന്നഗാനത്തിനുമാണ്. എടുത്തു പറയേണ്ടത് സംഗീതം തന്നെയാണ്. കൃത്യമായും ഒരു റിയലിസ്റ്റിക് സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ഈ ബിറ്റ്സ് നൽകുന്നു. സുഷിൻ ശ്യാം ആണ് കുമ്പളങ്ങി നൈറ്റ്സിനായി സംഗീതമൊരുക്കിയത്. ഉയിരിൽ തൊടും എന്ന ഗാനം പ്രണയത്തിന്റെ വേറിട്ടഭാവം സമ്മാനിച്ചപ്പോൾ ചിരാതുകൾ കാണിച്ചത് പച്ചയായ ജീവിതങ്ങളാണ്. ഇങ്ങനെ എല്ലാതലത്തിലും ജീവിതത്തെ സ്പർശിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിലേത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com