ADVERTISEMENT

ദുരെ ഒരു മഴവില്ലു കാണുന്നതു പോലെയാണു പലപ്പോഴും പ്രണയം. വർണശബളം. പക്ഷേ, കയ്യെത്തിപ്പിടിക്കാനോ അതിനരികിലെത്താനോ കഴിയില്ല. എങ്കിലും ഇങ്ങുദൂരെ നിന്ന് പലപ്പോഴും നമ്മളതിന്റെ മനോഹരിത അറിയാറുണ്ട്. അനുഭവിക്കാറുണ്ട്. മഴവില്ലിന്റെ മനോഹാരിത പോലൊരു പ്രണയവുമായി എത്തുകയാണ് ഫഹദും സായ് പല്ലവിയും. 

 

ദൂരെ ഒരു മഴവില്ലിൻ ഏഴാംവർണം പോൽ

തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ഇന്നെന്‍ ഇടവഴിയിൽ നിന്നോമൽ കാൽതാളം

നീയാം സ്വരജതിയിൽ ഈ മൗനം വാചാലം.

സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും

സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമമേഘങ്ങളും

പവിഴമഴയേ...നീപെയ്യുമോ...? ഇന്നിവളേ...നീമുടുമോ?

വെൺപനിമതി ഇവളിലെ മലരോളിയഴകിലെ നാളങ്ങളിൽ

എൻ കനവുകൾ വിതറിയ താരകങ്ങളെ, കാണുവാൻ കാത്തുഞാൻ’

 

നീയങ്ങനെ എന്നിൽ നിറയുകയാണ്. നിന്റെ മൗനം പോലും എന്നിൽ തീവ്രപ്രണയത്തെ ജനിപ്പിക്കുന്നു. ഭൂമിയും വാനവും ആശംസകളേകുന്നു. അങ്ങനെ പ്രണയത്തിലെ പലതലങ്ങളെ സ്പർശിക്കുന്ന വരികൾ വിനായക് ശശികുമാറിന്റെതാണ്. പി.എസ് ജയഹരിയുടെതാണു സംഗീതം. ആത്മാവു തൊടുന്നതാണ് കെ.എസ്. ഹരിശങ്കറിന്റെ ആലാപനം. കവിത തുളുമ്പുന്ന വരികൾ തനിമ ചോരാതെ ആസ്വാദകരിലെത്തിക്കുകയാണ്. 

നിഗുഢത നിറച്ചെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. മനോരോഗ വിദഗ്ധന്റെ വേഷത്തിലാണ് ഫഹദ്. കാലിൽ ചങ്ങലയിട്ട് ഭ്രാന്തിയായ യുവതിയായി സായ്പല്ലവി. മലഞ്ചെരുവിൽ ഒറ്റപ്പെട്ടു കിടക്കുന്ന ബംഗ്ലാവിൽ കുറച്ചു ജീവിതങ്ങള്‍. അങ്ങനെ ആകാംക്ഷയേറ്റുന്നതാണ് ട്രെയിലർ.

ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എഫ്. മാത്യൂസാണ്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തുമണിക്കൂറുകൾക്കം രണ്ടുലക്ഷത്തോളംപേർ കണ്ട ഗാനം ട്രന്റിങ്ങിൽ ഇടംനേടി. പ്രകാശ് രാജ്, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, സുരഭി ലക്ഷ്മി, ലെന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നാളെ തീയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com