ADVERTISEMENT

യുവതാരം സണ്ണിവെയ്നിന്റെ വിവാഹമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം. പെട്ടെന്നുള്ള വിവാഹത്തേക്കാൾ ചർച്ചയായത്, ആരെയാണ് സണ്ണി വെയ്ൻ വിവാഹം ചെയ്തത് എന്നതാണ്. മഴവിൽ മനോരമയിലെ ഡി–ഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ മാറ്റുരച്ച ചട്ടമ്പീസിലെ രഞ്ജിനിയാണെന്നു സണ്ണി വിവാഹം ചെയ്തതെന്നു അറിഞ്ഞതോടെ ചെറുപ്പക്കാർ യുട്യൂബിൽ പരതിയത് രഞ്ജിനിയുടെ ഡാൻസ് വിഡിയോകളായിരുന്നു. അത്തരം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും പങ്കു വയ്ക്കപ്പെടുകയാണ്. 

 

കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജ് പഠനകാലത്തെ സുഹൃത്തുക്കൾക്കൊപ്പം രഞ്ജിനി നൃത്തം ചെയ്യുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. വരത്തൻ എന്ന സിനിമയിൽ നസ്രിയ ആലപിച്ച 'പുതിയൊരു പാതയിൽ' എന്നു തുടങ്ങുന്ന ഗാനത്തിന് രഞ്ജിനിയും സുഹൃത്തുക്കളായ മിഥിലയും ആതിരയും ചുവടു വച്ച വിഡിയോക്കാണ് കൂടുതൽ ആരാധകർ. പ്രഭുദേവ അനശ്വരമാക്കിയ 'ഊർവസി' ഗാനത്തിനും രഞ്ജിനി ഡാൻസ് കവർ ചെയ്തിട്ടുണ്ട്. വിവാഹ ഫോട്ടോകളിൽ സണ്ണിക്കും രഞ്ജിനിക്കും ഒപ്പം പോസ് ചെയ്ത പട്ടിക്കുട്ടിയും ഊർവസി ഡാൻസ് കവറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

 

ക്ലാസിക്കലും ഹിപ്ഹോപും ബോളിവുഡും എന്നു വേണ്ട വൈവിധ്യമാർന്ന നൃത്തശൈലികളിൽ രഞ്ജിനിയെയും സുഹൃത്തുക്കളെയും ഈ വിഡിയോകളിൽ കാണാം. ഇവരുടെ ഡാൻസ് ഗ്രൂപ്പായ 'ക്ഷേത്ര'യുടെ ഉദ്ഘാടന ദിനത്തലെ വിശിഷ്ടാതിഥി സണ്ണി വെയ്ൻ ആയിരുന്നു. രണ്ടു വർഷം മുൻപ് പോസ്റ്റ് ചെയ്ത വിഡിയോയും ആരാധകർ കണ്ടെത്തി വീണ്ടും ഷെയർ ചെയ്യുന്നുണ്ട്. 'ക്ഷേത്ര' പങ്കു വച്ച വിഡിയോകളിൽ ഭൂരിഭാഗവും എഡിറ്റ് ചെയ്തിരിക്കുന്നതും രഞ്ജിനി തന്നെയാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം. 

 

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വിവാഹ വിരുന്ന് ആഘോഷമാക്കാൻ രഞ്ജിനിയുടെ സുഹൃത്തുക്കൾ നൃത്തവുമായി എത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സണ്ണി വെയ്നും രഞ്ജിനിയും ചുവടുകൾ വയ്ക്കാനും മറന്നില്ല. വാ വാ മനോരഞ്ജിനി എന്ന ഗാനമാണ് രഞ്ജിനിക്കായി സുഹൃത്തുക്കൾ ഒരുക്കിയത്. പോക്കരി സൈമണിലെ ഗാനമായിരുന്നു സണ്ണി വെയ്നിനായി സുഹൃത്തുക്കൾ ഒരുക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com