ADVERTISEMENT

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനമെത്തി. ‘ഇനി വന്ദിപ്പിൻ മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാദിർഷ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മുതിർന്ന സംഗീതസംവിധായകനായ വിദ്യാധരൻ മാസ്റ്ററാണ്. സന്തോഷ് വർമയുടെതാണ് വരികൾ.  

 

പണ്ട് കേരളത്തിലെ ക്രിസ്ത്യൻ മതവിഭാഗക്കാരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന പരിചമുട്ടുകളിയുടെ ചൊൽപ്പാട്ടിന്റെ ശൈലിയാണ് ഗാനം. അന്തോണീസ് പുണ്യാളനെ പ്രകീർത്തിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുണ്യാളൻ മിന്നിച്ചു എന്നാണ് ഗാനം കേട്ട ആസ്വാദകരുടെ കമന്റ്. 

 

സംഗീതസംവിധായകന്റെ റോളിൽ നിന്നു മാറി ഗായകനായി വിദ്യാധരൻ മാസ്റ്ററെത്തുന്നതിന്റെ സന്തോഷവും ആരാധകർ പങ്കു വച്ചു. വിദ്യാധരൻ മാസ്റ്ററിന്റെ മാന്ത്രികശബ്ദമാണ് ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഒരു ഇടവേളയ്ക്കു ശേഷമാണ് മാസ്റ്റർ ഗായകനായി മലയാള സിനിമയിലെത്തുന്നത്. ഇരുപതോളം ഗാനങ്ങൾക്ക് വിദ്യാധരൻ മാസ്റ്റർ ശബ്ദം നൽകിയിട്ടുണ്ട്.  കഥാവശേഷനിലെ 'കണ്ണു നട്ട് കാത്തിരുന്നിട്ടും', പ്രേമസൂത്രം എന്ന ചിത്രത്തിലെ പൊൻകണിയെ, ആളൊരുക്കം എന്ന ചിത്രത്തിലെ ഒരിടത്തൊരു പുഴയുണ്ടേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ വിദ്യാധരൻ മാസ്റ്ററിന്റെ മറ്റൊരു സൂപ്പർ ഹിറ്റാകും പുതിയ ഗാനമെന്നാണ് പ്രേക്ഷക പക്ഷം. 

 

ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ബിപിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 25ന് ചിത്രം പ്രദർശനത്തിനെത്തും. ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം സോളോ ആയിരുന്നു. 2017ലാ‌ണ് ആ ചിത്രം റിലീസായത്. മലയാളത്തിൽ ചെറിയൊരു ഇടവേളയ്ക്കു ശേഷമെത്തുന്ന ദുൽഖർ ചിത്രത്തെ ഒരുപാടു പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com