ADVERTISEMENT

തിരഞ്ഞെടുപ്പ് ചൂടിൽ കത്തി നിൽക്കുന്ന രാജ്യം. ഇതിനോടകം തന്നെ ഒട്ടേറെ പുതുമ നിറഞ്ഞ പ്രചാരണ രീതികൾക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. അതിൽ ഏറ്റവും വേറിട്ട പ്രചാരണ രീതിയുമായി താരമായിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ മകൾ ആറ് വയസ്സുകാരി ക്ലാര അന്ന ഈഡൻ. പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കുന്ന അച്ഛന് പിന്തുണ തേടി കൊണ്ടുള്ള പ്രചരണ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫ് ആണ്. ഇന്നലെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. 

 

ഇലക്ഷൻ പ്രചാരണത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടായിരിക്കും ഒരു കൊച്ചുകുട്ടി തന്റെ അച്ഛന് വേണ്ടി ഒരു ഗാനത്തിലൂടെ പിന്തുണ തേടുന്നത്. കൊച്ചു ക്ലാരയുടെ ഓമനത്വവും തന്റെ അച്ഛനോടുള്ള സ്നേഹവും മറ്റുള്ള പ്രചരണ ഗാനങ്ങളിൽ നിന്ന് ഈ ഗാനത്തെ വേറിട്ടതാക്കുന്നു.

 

ക്ലാരയുടെ ഈ കൊച്ചു പ്രായത്തിലും അവൾക്കുള്ള അനായാസമായ പാടവം എല്ലാവരെയും അത്ഭുതപെടുത്തിയെന്ന്  സംഗീത സംവിധായകൻ മെജോ ജോസഫ് പറഞ്ഞു. ക്ലാരക്ക് ഒരു മികച്ച ഭാവിയുണ്ടെന്നും, അതിലുപരി ക്ലാരയുടെ മുഖഭാവങ്ങളും പ്രായത്തിന്റേതായ കുസൃതികളും  ഗാനത്തെ മികച്ചതാക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

 

അച്ഛന് വേണ്ടി പാടുക എന്നതിലുപരി ക്ലാരയെ ഉത്തേജിപ്പിച്ചത് ആ പാട്ടിന്റെ സംഗീതമാണെന്നും, മെജോ അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളിൽ നിന്ന് ക്ലാര തന്നെയാണ് ഇഷ്ടപെട്ട ട്യൂൺ തിരഞ്ഞെടുത്തതെന്നും ഹൈബിയുടെ ഭാര്യ അന്ന ഈഡൻ വിവരിക്കുന്നു. 

 

ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുന്നേ കൊച്ചു ക്ലാര പാടിയ "പറയൂ പറയൂ തത്തമ്മേ" എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. വിനായക് ശശികുമാറിന്റെ വരികളിലൂടെ തന്റേതായ ഭാവങ്ങളും കുട്ടിത്തം നിറഞ്ഞ ശബ്‍ദം കൊണ്ടും  എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. 

 

ഈ ഗാനത്തിന്റെ ശബ്‍ദവും വിഡിയോയും ചിത്രിയ്കരിക്കാൻ  ഒന്നര മണിക്കൂറിൽ താഴെ മാത്രേ വേണ്ടിവന്നുള്ളൂവെന്നും  ക്ലാരയുടെ കൂടെ ഈ ഗാനം ചെയ്തത് മറക്കാനാവാത്ത ഒരനുഭവം ആയിരുന്നുവെന്നും സംഗീത സംവിധായകൻ മെജോ ജോസഫും സംഘവും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com