ADVERTISEMENT

ഒരു സിനിമയ്ക്കുവേണ്ടി ഈണമിട്ട ഗാനങ്ങളെല്ലാം തന്നെ യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഇടംനേടുക എന്ന ഭാഗ്യം അപൂർവമായി മാത്രമേ സംഗീത സംവിധായകരെ തേടി എത്താറുള്ളൂ. ഇത്തവണ അങ്ങനെ ഒരു ഭാഗ്യം സിദ്ധിച്ചത് പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ്. ‘ഒടിയൻ’ സിനിമയ്ക്കായി ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളെല്ലാം തന്നെ യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. വനിത ഫിലിം അവാർഡിൽ ഇത്തവണ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനു തന്നെ. പുരസ്കാരം സ്വീകരിക്കാനായി എം. ജയചന്ദ്രനും, പുരസ്കാരം നൽകാനായി മലയാളിയുടെ പ്രിയതാരം മനോജ് കെ. ജയനും വേദിയിലെത്തിയപ്പോൾ പുരസ്കാര സമർപണ വേദി അക്ഷരാർഥത്തിൽ സംഗീത വേദിയാകുകയായിരുന്നു. 

 

എം.ജയചന്ദ്രന് ഒരു പുരസ്കാരം നൽകാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മനോജ് കെ. ജയൻ പറഞ്ഞു. ഇത് തനിക്കു കിട്ടുന്ന ആദരവാണെന്നും മനോജ് കെ. ജയൻ കൂട്ടിച്ചേർത്തു. പുരസ്കാരം സ്വീകരിച്ചു കൊണ്ട് ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ: ‘ആദ്യമായിട്ട് വനിതയുടെ അവാർഡ് ലഭിക്കുന്നത് ബാലേട്ടൻ എന്ന ചിത്രത്തിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിനാണ്. കോലക്കുഴൽ വിളികേട്ടോ എന്ന പാട്ടിനു ശേഷം, ഏകദേശം പതിമൂന്നു വർഷത്തിനു ശേഷമാണ് ഈ വേദിയിൽ വീണ്ടും നിൽക്കാനുള്ള ഭാഗ്യമുണ്ടായത്. അതിൽ പ്രത്യേകം നന്ദി പറയുകയാണ്.’ 

 

തുടർച്ചയായി വർഷങ്ങളായി വനിതകൾക്കു മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടികൊടുത്ത സംഗീത സംവിധായകനാണ് എം. ജയചന്ദ്രനെന്നു രമേഷ് പിഷാരടിയും പറഞ്ഞു. ജയേട്ടന്റെ പാട്ടിൽ തൊട്ടുകളിക്കുന്നത് അത്രയും സുഖമുള്ള ഏർപ്പാടല്ലെന്നു പറഞ്ഞ മനോജ് കെ. ജയൻ ജയചന്ദ്രന്റെ എക്കാലത്തെയും ഹിറ്റായ പെരുമഴക്കാലത്തിലെ രാക്കിളിതൻ എന്ന ഗാനത്തിന്റെ പല്ലവി പാടി. തുടർന്ന് ഗാനത്തിന്റെ അനുപല്ലവി പാടി ജയചന്ദ്രനും വേദിയെ സംഗീത സാന്ദ്രമാക്കി. ഇതുകേൾക്കുമ്പോൾ ഈ പാട്ടുപാടേണ്ടിയിരുന്നത് മനോജ് ആയിരുന്നു എന്നാണ് തനിക്കു തോന്നുന്നതെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com