ADVERTISEMENT

ജാതിമത വിവേചനങ്ങളുടെ വേലികൾ തകർത്തെറിഞ്ഞ് മാനവീകതയുടെ മൂല്യം കൊണ്ടുവരാനുള്ള കഴിവുണ്ട് പലപ്പോഴും സംഗീതത്തിന്. ശിലപോലും അലിയും സംഗീതത്തിന്റെ മാസ്മരികതയിൽ. അപ്പോൾ മനുഷ്യമനസ്സിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ചില പാട്ടുകൾ ഹൃദയങ്ങളെ അലിയിച്ചുകളയും. അത്തരമൊരു ഗാനമായിരുന്നു നന്ദനം എന്ന ചിത്രത്തിനായി രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’. ചിത്രയുടെ അതിമനോഹരമായ ആലാപന മാധുരിയിൽ ഈ ഗാനം എത്രയോ നമ്മള്‍ കേട്ടുകഴിഞ്ഞു. ഇപ്പോൾ മിൻഹ ഫാത്തിമ്മ എന്നൊരു മിടുക്കിക്കുട്ടി ഈ പാട്ടുപാടിയപ്പോൾ അത് കേട്ടു തരിച്ചിരിക്കുകയാണ് സദസ്സ്. 

 

മഴവിൽ മനോരമയുടെ ‘പാടാം നമുക്കു പാടാം’ എന്ന റിയാലിറ്റി ഷോയിലാണ് മത്സരാർഥിയായ മിൻഹ ഫാത്തിമ്മ കാർമുകിൽ വർണന്റെ ചുണ്ടില്‍ എന്ന ഗാനം പാടിയത്. എന്നാല്‍ മിൻഹയുടെ ആലാപനം അക്ഷരാർഥത്തിൽ സദസ്സിനെയും വിധികർത്താക്കളെയും അതിശയിപ്പിച്ചു. ഗാനത്തിന്റെ അവസാനം മിൻഹ വേദിയിൽ പൊട്ടിക്കരഞ്ഞതു കാണികളുടെയും കണ്ണു നനച്ചു. ഈ ചെറുപ്രായത്തില്‍ ഇത്രയും മനോഹരമായി പാട്ട് ഉൾക്കൊണ്ടു പാടാൻ സാധിച്ചതിനാലാണ് കണ്ണു നിറഞ്ഞതെന്നായിരുന്നു ചിത്രയുടെ പ്രതികരണം.  രവീന്ദ്രൻ മാസ്റ്റർ അനുഗ്രഹിച്ചു നൽകിയ ഗാനമാണെന്നു വിശ്വസിക്കുന്ന പാട്ടാണ് കാർമുകിൽ വർണന്റെ ചുണ്ടിൽ എന്നും ചിത്ര കൂട്ടിച്ചേർത്തു. 

 

മിൻഹയുടെ ഈ കൃഷ്ണാ വിളി കേൾക്കുമ്പോൾ ജാതിക്കും മതത്തിനും അതീതമാണ് ദൈവമെന്ന് ബോധ്യപ്പെടുമെന്നായിരുന്നു റിമി ടോമിയുടെ പ്രതികരണം. ജാതിയും മതവുമെല്ലാം മനുഷ്യ സൃഷ്ടിയാണ്, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നുമായിരുന്നു സംഗീത സംവിധായകൻ ശരത് പറഞ്ഞത്. വിധികർത്താക്കളുടെയും സദസ്സിന്റെയും കയ്യടി ഒരുപോലെ നേടിയാണ് മിൻഹ വേദിവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com