ADVERTISEMENT

തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തുറന്നടിച്ച് റസൂൽ പൂക്കുട്ടി. ചിലരുടെ അപക്വമായ നിലപാട് മാത്രമാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഇതിലേക്ക് എന്തിനാണ് തന്റെ മതം വലിച്ചിഴയ്ക്കുന്നതെന്നും, അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം കാര്യങ്ങളെ തള്ളണമെന്നും അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു. 

 

റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ: 

 

‘ഈ പറയുന്ന കാര്യങ്ങളിൽ യാതൊരു വസ്തുതയുമില്ല. ആർക്കും പേറ്റന്റ് എടുക്കാവുന്ന വസ്തുവല്ല പൂരം. അത് ഞാൻ ഉണ്ടാക്കിയ ഒന്നല്ല. നമ്മൾ നിർമിക്കുന്ന ഒന്നിനാണ് പേറ്റന്റ് നൽകുന്നത്. പൂരം കേരളത്തിന്റെ പൈതൃകമാണ്. എനിക്ക് തൂക്കി വിൽക്കാവുന്ന ഒരു വസ്തുവല്ല. സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിനായി തയ്യാറാക്കിയ ഒരു മ്യൂസിക് ആൽബം ഉണ്ട്. അതിനായി പൂരത്തിലെ എല്ലാമേളങ്ങളും ഞാൻ അർക്കൈവിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും അഞ്ചു മിനിട്ടും ഏഴുമിനിട്ടുമുള്ള ഏതാനും ഭാഗങ്ങൾ ഈ ആൽബത്തിൽ ഞങ്ങൾ ഉൾപ്പെടുത്തി. ആ ആൽബത്തിനു മാത്രമേ സോണി മ്യൂസിക്കിന് പകർപ്പാവകാശം ഉള്ളു. ആ ആൽബത്തിലെ ഒരു ട്രാക്കെടുത്ത് ഇത് നിങ്ങൾ കണ്ട തൃശൂർപൂരമാണെന്നു പറഞ്ഞ് അപ്‌ലോഡ് ചെയ്യുമ്പോഴാണ് ഈ കോപ്പി റൈറ്റ് പ്രശ്നം വരുന്നത്. അല്ലാതെ നിങ്ങൾ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനു യാതൊരു ബ്ലോക്കും സോണി മ്യൂസിക് ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോഴുള്ളത്  സ്വാഭാവിക നടപടി ക്രമം മാത്രമാണ്. കാരണം നമ്മുടേതായുള്ള ഒരു സൃഷ്ടി മറ്റൊരാൾ അപ്‌ലോഡ് ചെയ്യുമ്പോൾ സ്വാഭാവികമായും ബ്ലോക് ചെയ്യപ്പെടും. ഇനി ബ്ലോക് എന്നു പറയുന്നത് ഏതാനും ദിവസം മാത്രമാണുള്ളത്. ഞങ്ങൾ ആൽബം മാത്രമാണ് സോണി മ്യൂസിക്കിന് വിറ്റത്. അവർ പറയുന്നത് ഫിങ്കർ പ്രിന്റ് ടെക്നോളജി പ്രകാരം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നു എന്നാണ്. 

 

ഈ ചിത്രത്തിന്റെ വിതരണാവകാശം മാത്രമാണ് സോണി പിക്ചേഴ്സിനു നൽകിയിട്ടുള്ളത്. അതിൽ എനിക്ക് യാതൊരു പങ്കും ഇല്ല. പ്രശാന്ത് പ്രഭാകരും സാംസ്റ്റൺ മീഡിയയുമാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. മേളം റെക്കോർഡ് ചെയ്യുന്നതിനു വന്ന ആളുകൾക്ക് പ്രതിഫലം നൽകിയാണ് അത് റെക്കോർഡ് ചെയ്തത്. ഈ സിനിമയുടെ ഒരു ഐപിആറും കോപ്പി റൈറ്റും എന്റെ പേരിൽ ഇല്ല. അങ്ങനെ ആവശ്യമില്ലാതെ ഇപ്പോൾ എന്റെ പേര് വലിച്ചിഴച്ച് വിവാദം ഉണ്ടാക്കുകയാണ്. നമ്മൾ സാധാരണ നോർത്ത് ഇന്ത്യയിലൊക്കെയാണ് ഇത്തരം സംഭവങ്ങൾ കാണുന്നത്. ഇതിൽ എന്റെ മതം പറയേണ്ട ആവശ്യമെന്താണ്. അത്തരത്തിൽ ഒരു വിവാദം കേരളത്തിന്റെ സ്വീകരണ മുറിയിൽ എത്തിയതു തന്നെ നമുക്ക് അപമാനകരമാണ്. പ്രബുദ്ധ കേരളം ഒരിക്കലും ഇത്തരം കാര്യങ്ങൾ വകവെച്ചു കൊടുക്കരുത്. ഞാൻ തൃശൂർ പൂരത്തിനു പോകുമ്പോൾ ആ അമ്പലത്തിലെ ഭാരവാഹികളോ പൂരപ്രേമികളോ എന്റെ മതം കണ്ടിട്ടില്ല. ഇപ്പോൾ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കുന്നതിൽ എന്തോ ഹിഡൻ അജണ്ടയുണ്ട്. റസൂൽ പൂക്കുട്ടി പൂരം വിറ്റേയ്...എന്നു പറയുന്നതിലേക്ക് ഈ സംഭവം മാറ്റരുത്. ഇത് വളരെ മോശമായ പ്രവണതയാണ്. സാക്ഷരതയുണ്ടെന്നു കരുതി വിവേകമാണ്ടാകണമെന്നില്ല. വിവേകമില്ലാത്ത ചിലരുടെ അപക്വമായ നിലപാടാണ് വിവാദമുണ്ടാക്കുന്നത്. അങ്ങനെ മാത്രമേ പ്രബുദ്ധ കേരളം ഇതിനെ കാണാവൂ. ഇതിനപ്പുറത്തേക്ക് ഈ ചർച്ചയെ കൊണ്ടു പോകരുത്. ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം.’

 

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഓഡിയോ പകർപ്പാവകാശം ‘സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക് സ്വന്തമാക്കിയതോടെ പൂരവുമായി ബന്ധപ്പെട്ട വിഡിയോകളും ഓഡിയോകളും വിലക്കുന്നു എന്നാണ് ആരോപണം. പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, പഞ്ചാരിമേളം എന്നിവയ്ക്കെല്ലാം വിലക്കുനേരിടുന്നതായാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com