ADVERTISEMENT

അടുത്തൊന്നും ഒരുപാട്ടിന്റെ വിഡിയോ കാണാനായി മലയാളി ഇത്രയധികം കാത്തിരുന്നു കാണില്ല. ലിറിക് വിഡിയോ എത്തിയപ്പോൾ തുടങ്ങിയ കാത്തിരിപ്പ്. ആ കാത്തിരിപ്പിന് വിരാമമിട്ട് എത്തുകയാണ് ‘ഇഷ്കി’ലെ ‘പറയുവാൻ’ എന്ന ഗാനത്തിന്റെ വിഡിയോ. സിദ് ശ്രീറാമും നേഹ എസ്. നായരും ചേർന്നാണു പ്രണയാർദ്രമായ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികൾക്ക് ജെയ്ക്സ് ബിജോയ്‌യാണ് സംഗീതം. 

 

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം അഞ്ചുലക്ഷത്തോളം പേർ കണ്ട ഗാനം യൂട്യൂബ് ട്രൻഡിങ്ങിൽ ഒന്നാമതെത്തി. ഷെയ്നിന്റെ റൊമാൻസിനെയും സിദ് ശ്രീറാമിന്റെ ആലാപനത്തെയും വാനോളം പുകഴ്ത്തുകയാണ് ആരാധകർ. ‘ഈ ഗാനത്തിന്റെ ലിറിക് വിഡിയോ എത്തിയപ്പോൾ തുടങ്ങിയ കാത്തിരിപ്പാണ്, ഷെയ്നിന്റെ റൊമാൻസും, സിദിന്റെ ആലാപനവും ഒരു രക്ഷയുമില്ല’ എന്നിങ്ങനെയാണ് ആസ്വാദകരുടെ പ്രതികരണം. 

 

സിദ് ശ്രീറാം, എംബാർ കണ്ണൻ, കമലാകർ എന്നിവർക്കൊപ്പം ജെയ്ക്സ് ബിജോയ് സൃഷ്ടിച്ച മാജിക്കാണ് ഈ ഗാനം. സിദ് ശ്രീറാമിന് മലയാളം വെല്ലുവിളിയായതിനെ കുറിച്ച് ഗാനത്തിന്റെ സംഗീത സംവിധായകൻ ജെയ്ക് ബിജോയ് പറയുന്നത് ഇങ്ങനെ: ‘പാട്ടുപാടാമോ എന്നു ചോദിച്ച സമയത്ത് സിദ് ശ്രീറാം അമേരിക്കയിലായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു. മലയാളത്തിൽ അദ്ദേഹം പാടിയിട്ടില്ല. 'ര'യും 'ന'യും എല്ലാം പ്രശ്നമാണ്. മലയാളത്തിൽ ഉച്ചാരണം ശരിയായില്ലെങ്കിൽ നല്ലോണം ചീത്ത വിളി കേൾക്കേണ്ടി വരും. ഈ പാട്ടെഴുതിയ ജോപോളും അമേരിക്കയിലാണ്. അദ്ദേഹവും ഒപ്പം നിന്നു. സിദ് ഒരു തവണ ഈ പാട്ട് പാടി അയച്ചു തന്നു. നല്ല ഫീലുണ്ടായിരുന്നു, പക്ഷേ ഉച്ചാരണം മുഴുവൻ പ്രശ്നം! പിന്നെ, ഒരു വട്ടം കൂടി അഭ്യർഥിച്ചു. കാരണം, റെക്കോർഡ് സെഷനിൽ കൂടെ ഇരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അങ്ങനെ വാട്ട്സ്ആപ്പിൽ ഒരു കോൺഫറൻസ് കോൾ ഇട്ടു. ഓരോ വരിയും പാടിപ്പാടി ഉച്ചാരണം ശരിയാക്കി എടുത്തു. ഒരു നാലഞ്ച് മണിക്കൂർ നല്ലോണം കഷ്ടപ്പെട്ടു. സിദ് ശ്രീറാം അതിനു തയ്യാറായിരുന്നു.’

 

ഈ പാട്ടിന് വേണ്ടിയിരുന്നത് പാശ്ചാത്യ ശൈലിയും ഇന്ത്യൻ ക്ലാസിക്കൽ ശൈലിയും ഒരു പോലെ കൈകാര്യം ചെയ്യാനറിയുന്ന ഗായകനെ ആയിരുന്നു. അതുകൊണ്ടാണ് സിദ് ശ്രീറാമിനെ തിരഞ്ഞെടുത്തതെന്നും ജെയ്ക്സ് ബിജോയ് കൂട്ടിച്ചേർത്തു. ആൻ ശീതളാണ് ചിത്രത്തിലെ നായിക. അനുരാജ് മനോഹരൻ സംവിധാനം ചെയ്ത ഇഷ്ക് തീയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com