ADVERTISEMENT

മലയാളിയുടെ സ്വീകരണമുറിയിലേക്ക് പാട്ടുപാടി കയറി വന്ന കൊച്ചുഗായികയാണ് ശ്രേയ ജയദീപ് എന്ന കോഴിക്കോടുകാരി. ചലച്ചിത്രലോകത്തെ പ്രതിഭാധനരായ ഗായകരുടെയും സംഗീത സംവിധായകരുടെയും സ്നേഹലാളനകളും വാത്സല്യവും ഏറ്റുവാങ്ങി വളർന്ന മറ്റൊരു ഗായികയില്ല. നിരവധി പ്രശസ്തരുടെ ഉമ്മകൾ ലഭിക്കാൻ ഭാഗ്യം കിട്ടിയ കൊച്ചുമിടുക്കിക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയിട്ടുള്ളത് ആർക്കായിരിക്കും? മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തന്റെ കുഞ്ഞു പാട്ടുജീവിതത്തിലെ കുസൃതികളും കഥകളും ശ്രേയ ജയദീപ് പങ്കുവയ്ക്കുന്നു. 

ആ കാര്യം എം.ജെ അങ്കിളിന് അറിയില്ല

എനിക്ക് പണ്ടുമുതലേ ഒരാൾക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്ന് വലിയ ആഗ്രഹമാണ്. അത് എം.ജയചന്ദ്രൻ സാറിനാണ്. എപ്പോൾ കാണുമ്പോഴും ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും. പക്ഷേ, അദ്ദേഹത്തോടുള്ള ബഹുമാനം കാരണം ഇതുവരെയും അങ്ങനെയൊരു ഉമ്മ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ കാര്യം ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല. വേറെ ആർക്കും  ഇങ്ങനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നു തോന്നിയിട്ടില്ല. 

ഇപ്പോൾ ഞാൻ പാട്ടുകുട്ടിയായി

തുടക്കത്തിൽ, അനിയൻ കളിക്കാൻ പോകുമ്പോൾ എനിക്ക് ഏതെങ്കിലുമൊക്കെ പരിപാടികളിൽ പങ്കെടുക്കാൻ ഉണ്ടാകും. ആദ്യമൊക്കെ എനിക്ക് സങ്കടമായിരുന്നു, കളിക്കാൻ പോകാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്! പരിപാടിയിൽ പങ്കെടുക്കാൻ വിഷമമുണ്ടായിട്ടല്ല. അവിടെ ചെന്നിട്ട് എന്തെങ്കിലും ഒക്കെ കണ്ടുപിടിച്ചു സന്തോഷമായിരിക്കാൻ ശ്രമിക്കും. ഇപ്പോൾ കളിക്കാൻ പോകാതെയിരുന്ന് ശീലമായി. അനിയൻ കളിക്കാൻ പോയാലും എനിക്ക് പ്രശ്നം ഇല്ലാതെയായി. 

എം.ജെ അങ്കിൾ എന്റെ സംഗീത ഗുരു

എം.ജയചന്ദ്രൻ സർ എന്റെ സംഗീത ഗുരുവാണ്. റിയാലിറ്റി ഷോയിൽ പാടിത്തുടങ്ങിയ സമയത്തു തന്നെ അദ്ദേഹം എന്നെ ശ്രദ്ധിച്ചു. എനിക്ക് നിരവധി അവസരങ്ങൾ നൽകി. എന്നെ ആദ്യമായി ദുബായിലേക്കു കൊണ്ടുപോകുന്നത് അദ്ദേഹമാണ്. 'മേലേ മാനത്തെ ഈശോയെ' എന്ന ഗാനം പാടാൻ അദ്ദേഹം അവസരം നൽകി. നിരവധി പരിപാടികളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞു. എം.ജെ അങ്കിളിൽ നിന്ന് കുറെ പഠിക്കാൻ പറ്റും. പ്രശസ്തരായ പല ഗായകരെയും അദ്ദേഹം പരിചയപ്പെടുത്തി തരും. ഇപ്പോൾ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത് ബിന്നി ആന്റിയുടെ (കർണാടക സംഗീതജ്ഞ ബിന്നി കൃഷ്ണകുമാർ) കീഴിലാണ്. ആന്റിയെ ഗുരുവായി നിർദേശിച്ചതും എം.ജെ അങ്കിളാണ്. 

ആ യുട്യൂബ് ചാനൽ എന്റേതല്ല

സമൂഹമാധ്യമങ്ങളിൽ ഞാൻ സജീവമല്ല. ഫെയ്സ്ബുക്കിൽ പേജുണ്ട്. അത് അച്ഛനാണ് കൈകാര്യം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളൊന്നും ഞാൻ വായിക്കാറില്ല. അതുകൊണ്ട്, അതൊന്നും എന്നെ ബാധിക്കാറില്ല. പിന്നെ, ഞാനിതു വരെ യുട്യൂബ് ചാനൽ തുടങ്ങിയിട്ടില്ല. എന്റെ പേരിൽ യുട്യൂബ് ചാനലുണ്ടെന്നു പറഞ്ഞു കേട്ടു. പക്ഷേ, അതെന്റെ ചാനൽ അല്ല. 

പഴയ ചില വിഡിയോ കാണുമ്പോൾ ചമ്മലാണ്

വളരെ കുഞ്ഞായിരുന്നപ്പോൾ പാടിയ പാട്ടുകളുടെ വിഡിയോ യുട്യൂബിൽ വേറെയെന്തെങ്കിലും കാണുന്നതിന്റെ ഇടയിൽ വരും. ചില പാട്ടുകളൊക്കെ കേൾക്കുമ്പോൾ ആകെ ചമ്മലാണ്. ശ്രുതിയൊന്നും ചേരാതെ പാടിയ കുറെ പാട്ടുകൾ. എങ്ങനെയാ ഞാൻ അതു പാടിയത് എന്നോർത്തു പോകും! പക്ഷേ, എനിക്ക് കൂടുതൽ കാണാനിഷ്ടമുള്ളത് 'മയങ്ങിപ്പോയി... ഞാൻ മയങ്ങിപ്പോയി' എന്ന പാട്ടാണ്. പിന്നെ ഇഷ്ടമുള്ളത് 'ലാലീ ലാലീ'. അതു പാടുമ്പോൾ വിധികർത്താവായി ഇരുന്നിരുന്നത് എം.ജെ അങ്കിൾ ആയിരുന്നു. പാടിക്കഴിഞ്ഞപ്പോൾ അങ്കിൾ വന്നു കെട്ടിപ്പിടിച്ച് എനിക്ക് ചോക്ലേറ്റ് തന്നതെല്ലാം ഓർമയുണ്ട്. ചില ലൈവ് പരിപാടികളുടെ വിഡിയോ പിന്നീടു കാണുമ്പോൾ അന്നു പാടിയത് ശരിയായില്ല എന്നൊക്കെ തോന്നും. അങ്ങനെയുള്ള വിഡിയോ വേറെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ, ഞാൻ തന്നെ പറയും... അതു കാണണ്ട, അത്ര രസമില്ല എന്ന്. 

ഉറക്കം ഇപ്പോൾ പ്രശ്നമേയല്ല

ആദ്യമൊക്കെ രാത്രി പരിപാടികൾക്കു പോകുമ്പോൾ ക്ഷീണം തോന്നാറുണ്ടായിരുന്നു. ഉറക്കം തൂങ്ങിയാകും പലപ്പോഴും ഇരിക്കുക. ഇപ്പോൾ രാത്രിയിലെ പരിപാടികൾ ശീലമായി. ഒരു മണി വരെയൊക്കെ ഞാൻ ഉഷാറായി നിൽക്കും. എന്നാൽ, അമ്മയ്ക്കാണ് ഇപ്പോൾ ക്ഷീണം. ഞാൻ ഓടിച്ചാടി ഇങ്ങനെ നടക്കുന്നുണ്ടാകും. അമ്മ ഒരു വശത്ത് ക്ഷീണിച്ച് ഇരിപ്പാകും. 

വീട്ടിലെ പുതിയ താരം കല്ലു

അവധിക്കാലം കഴിഞ്ഞ് ഒൻപതാം ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ശ്രേയക്കുട്ടിയുടെ പാട്ടുവീട്ടിലേക്ക് ഒരു പുതിയ താരം കൂടി എത്തിച്ചേർന്നിട്ടുണ്ട്. 'കല്ലു' എന്നു വിളിക്കുന്ന പട്ടിക്കുട്ടി. സംഗീതസംവിധായകൻ ഗോപിസുന്ദറിന്റെ വീട്ടിൽ നിന്നാണ് കല്ലുവിനെ കൊണ്ടു വന്നത്. "ശരിക്കും പറഞ്ഞാൽ, ഗോപി അങ്കിളിന്റെ വീട്ടിൽ നിന്ന് ഞങ്ങൾ കല്ലുവിനെ അടിച്ചു മാറ്റീതാ," പൊട്ടിച്ചിരിയോടെ ശ്രേയക്കുട്ടി പറഞ്ഞു. 

ഞാനിപ്പോഴും പഴയ ശ്രേയക്കുട്ടി തന്നെ 

 

ഉയരം വച്ചതുകൊണ്ട് പുറത്തിറങ്ങുമ്പോൾ ആളുകൾക്ക് എന്നെ പെട്ടെന്ന് മനസിലാകില്ല. തിരിച്ചറിയുമ്പോൾ, മോള് വലുതായിപ്പോയല്ലോ... മെലിഞ്ഞു പോയല്ലോ എന്നൊക്കെ കുറെ പേർ വന്നു പറയും. എല്ലാവരുടെ മനസിലും ഞാൻ ഇപ്പോഴും ആ പഴയ എട്ടുവയസുള്ള കുട്ടിയാണ്. ശ്രേയക്കുട്ടി വലുതായി പോകണ്ട എന്നൊക്കെ ചിലർ പറയും. എന്തായാലും വലുതാകാതെ പറ്റില്ലല്ലോ! എന്നാലും എന്നെ ശ്രേയക്കുട്ടി എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം. ഞാനിപ്പോഴും ആ പഴയ കുട്ടി തന്നെയാണ്, ശ്രേയ പറഞ്ഞു നിറുത്തി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com