ADVERTISEMENT

ക്യാംപസ് അക്രമങ്ങള്‍ക്കെതിരെ പാട്ടിലൂടെ പ്രതിരോധം തീര്‍ത്ത് ഊരാളി ബാന്‍ഡ്. അറിവാണായുധം എന്നു  തുടങ്ങുന്ന സംഗീത ആവിഷ്കാരമാണ് വിദ്യാര്‍ഥികള്‍ക്കുള്ള ആഹ്വാനമായി ഊരാളി ബാന്‍‍‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഷാജി ഊരാളിയുടെ വരികളില്‍ മാര്‍ട്ടിന്‍ ഊരാളി, സജി ഊരാളി, സുധീഷ് ഊരാളി എന്നിവര്‍ ചേര്‍ന്നൊരുക്കിയ പാട്ട് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. യൂണിവേഴ്സിറ്റി കോളജിലേതടക്കമുള്ള അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണു ഊരാളി ബാന്‍ഡിന്റെ സര്‍ഗാത്മക പ്രതികരണം. പഠിക്കാന്‍ വന്നിട്ടു കൊലക്കത്തി കയറ്റുന്നതിനെതിരെയാണ് പാട്ട്. അക്രമമരുതെന്ന് അലമുറയിട്ടിട്ട് അതിക്രമം കാട്ടുന്നത് ഇരട്ടത്താപ്പാണ്. കൂട്ടത്തിലുള്ളോനെ കുത്താനും ചവിട്ടാനും ശ്രമിക്കുന്നവരെയും പാട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. തിരുത്താന്‍ കഴിവുള്ള യുവാക്കളില്‍ പ്രതീക്ഷയുള്ളതുകൊണ്ടാണു ചില കാര്യങ്ങള്‍ അവരോടു പറയുന്നതെന്നും രാഷ്ട്രീയം പാടിയും പ്രവര്‍ത്തിച്ചുമാണ് അരാഷ്ട്രീയതയെ മറികടക്കേണ്ടതെന്നു മാര്‍ട്ടിന്‍ പറയുന്നു. 

 

വരികള്‍ ഇങ്ങനെ: 

 

പഠിക്കാന്‍ വന്നിട്ടു കൊലക്കത്തി കേറ്റുമ്പോ

നാടിനെ മറക്കല്ലേ കൂട്ടുകാരെ

പഠിക്കാന്‍ കൊതിച്ചിട്ട് വളരാന്‍ തുടിച്ചിട്ട്

പറ്റാണ്ടു പോയോരെ അറിയുന്നുണ്ടോ 

ജീവന്‍ കൊടുത്തിട്ടും അവനോനെ മറന്നിട്ടും

പലരും പിടിച്ചതാണീ കൊടികള്‍

അക്രമരുതെന്ന് അലമുറയിട്ടിട്ട്

അതിക്രമം കാട്ടുന്നതിരട്ടത്താപ്പ് 

കൂട്ടത്തിലുള്ളോനെ കുത്താനും ചവിട്ടാനും

കുത്തിനു പിടിച്ചിട്ടു കൂവിത്തുരത്താനും

പകരുന്ന കരുത്താണോ കൊടിക്കൂറ്

പക പകരുന്ന കരുത്താണോ കൊടിക്കൂറ് 

നാടിനെ നയിച്ചിട്ട് നേര്‍വഴി നടത്തീട്ട്

നന്മയ്ക്കു നാമ്പായി നമ്മളെ വളര്‍ത്തീ

നനവ് പടര്‍ത്തേണ്ട കാലമല്ലേ

ഇതു നനവ് പടര്‍ത്തേണ്ട കാലമല്ലേ

ചോരചിന്തിയ ചാലുകള്‍ 

നീന്തിയേറി വന്നവര്‍ 

പുതുമുറയ്ക്കു പകര്‍ന്നൊരാ

ദീപനാളം കാക്കണേ

യുവതയോടു പറഞ്ഞവര്‍ 

സഹനചരിത രചനകള്‍ 

മറന്നുപോകാതോര്‍ക്കണേ 

 

അറിവാണായുധം, അതിനലകും പിടിയും 

പതിയെ പണിതിട്ടിരുളിനെ അരിയണം 

 

അലിവാണാശ്രയം 

അതകമേ ഉരുവായി പുറമേ മുളയായ് തണലായ് പടരണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com