ADVERTISEMENT

‘കഭീ കഭീ മരെ ദിൽമേം...’ ഖയാം എന്ന സംഗീതജ്ഞനെ ഓർക്കാൻ ഈ ഒറ്റഗാനം മതി. ബോളിവുഡ് സംഗീതത്തിന്റെ സുവർണ കാലഘട്ടത്തിൽ തിളങ്ങിയ സംഗീത സംവിധായകനായിരുന്നു മുഹമ്മദ് സാഹുർ ഖയാം. ഖയാമും കുഞ്ചാക്കോ ബോബൻ ചിത്രം ‘പ്രേം പുജാരി’യും തമ്മിലൊരു ബന്ധമുണ്ടെന്നു പറയുകയാണ് സംവിധായകൻ ഹരിഹരൻ. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരിഹരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

 

ഹരിഹരന്റെ വാക്കുകൾ ഇങ്ങനെ

 

‘ഫൂട്ട്പാത്ത്, കഭീ കഭീ എന്നീ ചിത്രങ്ങളിലെ ഖയാം മെലഡികളുടെ വലിയ ആരാധകനാണ് ഞാൻ. അങ്ങനെയാണ് 1999ൽ പ്രേം പൂജാരി എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നതിനായി ഖയാമിനെ സമീപിച്ചത്. ഇരുപതു വർഷങ്ങൾക്കു മുൻപ് മുംബൈയിൽ വച്ചായിരുന്നു ആ കുടിക്കാഴ്ച. മലയാള സിനിമാ സംഗീത രംഗത്തേക്ക് വരുന്നതിൽ വലിയ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ ആ കാലയളവിൽ ഒരു ഹിന്ദി സീരിയലിനായി അദ്ദേഹം സംഗീതം നൽകിയിരുന്നു. ഒരേസമയം രണ്ടു പ്രൊജക്ടുകൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് എനിക്കു മനസ്സിലായി. അധികനാൾ കാത്തിരിക്കാൻ എനിക്കും സമയമില്ലായിരുന്നു. തുടർന്നാണ് ഖയാമിനു പകരം ദിൽതോ പാഗൽ ഹേയുടെ സംഗീത സംവിധായകൻ ഉദ്ദംസിങ്ങിനെ സമീപിച്ചത്. ചിത്രത്തിലെ ദേവരാഗമേ, പനിനീരു പെയ്യും നിലാവിൽ എന്നീ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഏറെ ആഗ്രഹിച്ചിട്ടും എന്റെ ക്ഷണം സ്വീകരിച്ച് മലയാളത്തിലേക്ക് വരാൻ ഖയാമിനു കഴിയാത്തതിൽ എനിക്കു വലിയ നിരാശയുണ്ട്.’ ഹരിഹരൻ പറഞ്ഞു. 

 

ഖയാമിന്റെ അതേ കാലഘട്ടത്തിൽ ബോളിവുഡിൽ സജീവമായിരുന്ന രവി എന്ന സംഗീത സംവിധായകനെ മലയാളത്തിലെത്തിച്ചതും ഹരിഹരനാണ്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ എന്നീ ചിത്രത്തിലൂടെ രവിയുടെ സംഗീതം നമ്മൾ ആസ്വദിച്ചു. മലയാളിക്ക് അദ്ദേഹം ബോംബെ രവിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com