ADVERTISEMENT

നോവിന്റെ ഈണം ബാക്കി വെച്ച് ബാലഭാസ്കർ മടങ്ങി. എന്നാൽ കൂടെ കൈചേർത്ത് നടന്ന പലർക്കും ഇതുവരെ ആ വിയോഗം ഉൾക്കൊള്ളാൻ ആയിട്ടില്ല. വയലിൻ തന്ത്രികളാൽ വേദികൾ കീഴടക്കിയ ഈ കലാകാരന്‍ സൗഹൃദങ്ങളും അമൂല്യമായി കണക്കാക്കിയിരുന്നു. എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കാൻ ബാലഭാസ്കർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇന്നലെ ബാലുവിന്റെ ഓർമ്മകൾ പുതുക്കാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം യൂണിവേഴ്സിറ്റി കോളജിൽ ഒരുമിച്ച് കൂടി. കുടുംബസുഹൃത്തുകൂടിയായ ഇഷാൻ ദേവ് ‘തിരികെ വരൂ’ എന്ന പേരിൽ ബാലഭാസ്കറിന് വേണ്ടി ഒരു ഗാനവും ഒരുക്കിയിരുന്നു. ഇപ്പോഴും തങ്ങളുടെ പ്രിയ സുഹൃത്ത് മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അവർ. ബാലഭാസ്കറിന്റെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ മനോരമ ഓൺലൈനിനോട് പങ്കു വെക്കുന്നു. 

 

സംസാരിച്ചിരുന്നതൊക്കെയും സംഗീതം: രാജലക്ഷ്മി

എന്റെയൊക്കെ സ്കൂൾ സമയത്ത് തന്നെ ബാലു ചേട്ടന്റെ ഒരുപാട് ആൽബങ്ങൾ പുറത്തിറങ്ങിയിരുന്നു. അന്ന് തന്നെ അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയായിരുന്നു. എങ്കിലും ബാലു ചേട്ടനുമായി ഇത്രയേറെ അടുപ്പത്തിലാകും എന്ന് വിചാരിച്ചതേയല്ല. എന്റെ ഭര്‍ത്താവും ബാലു ചേട്ടനും തമ്മിൽ സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ബാലഭാസ്കർ എന്ന ‘കലാകാരൻ’ ജനിച്ചത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലാണ്. അദ്ദേഹത്തെ കണ്ടുകൊണ്ട് മാത്രം വയലിൻ സംഗീത മേഖലയിലേക്ക് കടന്നു വന്ന നിരവധിയാളുകൾ ഉണ്ട്. തിരുവനന്തപുരത്ത് വന്നപ്പോഴാണ് ഞാൻ ബാലു ചേട്ടനുമായി ഇത്രയേറെ പരിചയം സ്ഥാപിച്ചത്. പിന്നെ ഞങ്ങൾ ഒരുമിച്ച് കെനിയയിലേക്ക് ഒരു യാത്ര പോയിരുന്നു. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. ബാലു ചേട്ടൻ എപ്പോഴും സംഗീതത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. പാട്ട് പഠിക്കാനും പരിശീലിക്കാനുമൊക്കെയായി ബാലു ചേട്ടൻ ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ സ്റ്റുഡിയോ ഒക്കെ ‌ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ സമയം കിട്ടുമ്പോൾ അവിടെ ഇരുന്ന് പരിശീലിക്കാനുള്ള അവസരവും ബാലു ചേട്ടൻ തന്നു. എന്റെ മകനുമായി അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങളെയൊക്കെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് ബാലു ചേട്ടൻ. 

വിവാദങ്ങൾ ആ പേരിന് കളങ്കമുണ്ടാക്കുന്നു: ഇഷാൻ ദേവ്

എന്റെ പതിനേഴാം വയസിലാണ് ഞാൻ ബാലു ചേട്ടനെ പരിചയപ്പെടുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ അദ്ദേഹത്തിന്റെ ജൂനിയർ ആയിരുന്നു. അക്കാലത്തു കലാപ്രവർത്തനം ഉണ്ടായിരുന്ന ഞങ്ങൾ എല്ലാവരും ഒരുമിച്ചു കുറെ സമയം ചിലവഴിക്കുമായിരുന്നു. ഫോൺ  ഇല്ലാത്ത കാലഘട്ടമായിരുന്നതിനാൽ സഹൃത്തുക്കള്‍ക്കൊപ്പം ഏറെ നേരം ചിലവഴിക്കാൻ സാധിച്ചിരുന്നു. ഞാൻ എന്നും എന്റെ മാതൃകയായി കണ്ട ആളാണ് ബാലു ചേട്ടൻ. അതിലുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തും കുടുംബാംഗവും ഒക്കെ ആയിരുന്നു. എന്റെ  വീട്ടിൽ എന്ത് ആഘോഷം നടന്നാലും അതിലെല്ലാം  ബാലു ചേട്ടന്റെ സാന്നിധ്യം  ഉണ്ടായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. അവരുടെ വിവാഹസദ്യ എന്റെ വീട്ടിൽ വെച്ചായിരുന്നു നടത്തിയത്. എന്റെ പതിനേഴാം വയസ് മുതൽ കഴിഞ്ഞ വർഷം വരെ ഞങ്ങളുടെ  സൗഹൃദം തുടർന്നു. പിന്നെ ഞങ്ങളുടെ എല്ലാ വിഷമങ്ങളും മറക്കാനുള്ള ഒരിടമായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. ഇരുപത്  വർഷങ്ങൾക്ക് ശേഷവും ബാലു ചേട്ടനും ഞങ്ങൾക്ക് ഓരോരുത്തർക്കും ആ കലാലയത്തോട്  വല്ലാത്ത പ്രണയമായിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ യഥാർത്ഥ ജീവിതം തുടങ്ങിയത്. അത് പ്രണയമായാലും പ്രഫഷണൽ ആയാലും എല്ലാം തുടങ്ങിയത് അവിടെ നിന്നാണ്. ബാലു  ചേട്ടന്റെ  മരണ  ശേഷമുണ്ടായ പല  വിവാദങ്ങളും അദ്ദേഹത്തിന്റെ പേരിനെ  കളങ്കപ്പെടുത്തുന്നു. അത്രയ്ക്ക് അടുപ്പം ഉണ്ടായിരുന്ന ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുന്നത് വളരെ സങ്കടമുണ്ടാക്കുന്നു. 

വീട്ടിൽ വരാമെന്നു പറഞ്ഞ ബാലു പിന്നീട് വന്നില്ല: ജാസി ഗിഫ്റ്റ്

കോളജിന്റെ ‘സംസ്കാര’ എന്ന ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് ഞാൻ ആദ്യമായി ബാലുവിനെ കാണുന്നത്. അന്ന് ബാലു ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ഞാനാണ് ബാലുവിന് യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി ഒരു വേദി കൊടുക്കുന്നത്. ചെറിയ ചെറിയ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. ആ സമയത്ത് ബാലു വൈകുന്നേരങ്ങളിൽ കോവളത്ത് ഒരു സ്ഥലത്ത് വയലിൻ വായിക്കാൻ പോകുമായിരുന്നു. അപ്പോൾ ഞാൻ ഒരു ബാൻഡുമായിട്ട് മുന്നോട്ട് പോകുകയായിരുന്നു. അങ്ങനെ സൗഹൃദം വീണ്ടും ദൃഢപ്പെട്ടു. ആ സമയത്താണ് കോളജിൽ ബാലുവിന്റെ നേതൃത്വത്തിലുള്ള ‘കണ്‍ഫ്യൂഷൻ’ എന്ന ബാൻഡ് തുടങ്ങിയത്. ആ ബാൻഡിലെ ഗാനങ്ങളൊക്കൊ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ബാലുവിന്റെ റെക്കോർഡിങ് ആണ് ഞാൻ ആദ്യമായി റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി കാണുന്നത്. ബാലു എപ്പോഴും ഭയങ്കര പോസിറ്റീവ് ആയിരുന്നു. റെക്കോഡിങിന്റെ വിശേഷങ്ങളൊക്കെ ഞങ്ങളോട് പങ്കു വെയ്ക്കുമായിരുന്നു. കോളജ് കാലം ഒക്കെ കഴിഞ്ഞെങ്കിലും സൗഹൃദം എന്നും നിലനിന്നിരുന്നു. ഗോൾഡൻ പാലസ് എന്ന ഒരു ഗ്രൂപ്പിൽ ഞങ്ങളുണ്ടായിരുന്നു. ബാലുവിന് അപകടം ഉണ്ടാകുന്നതിന്റെ ഒരാഴ്ച മുൻപ് വരെ ആ ഗ്രൂപ്പിൽ മെസേജ് അയച്ചിരുന്നു. അടുത്ത തവണ കാണുമ്പോൾ വീട്ടിൽ വരണമെന്നും പറഞ്ഞതാണ്. ആ ബാലുവാണ് നമുക്കാർക്കും കാണാൻ പറ്റാത്ത വിധം മറഞ്ഞു പോയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com