ADVERTISEMENT

ഇരുപതു വർഷം നീണ്ട പരിശ്രമത്തിനൊടുവിൽ ആ അദ്ഭുതം സംഭവിച്ചു; സാക്സഫോൺ എന്ന പാശ്ചാത്യ കുഴൽവാദ്യത്തിൽനിന്നു കർണാകടസംഗീതം ഒഴുകി!

ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലേക്ക് കയ്യിലൊരു സാക്സഫോണുമായി 1994ൽ ഒരു ചരിത്രം കടന്നുചെന്നു. ബിബിസിയുടെ പ്രൗഢമായ പ്രൊമിനീഡ് കൺസേർട്ടിനു ക്ഷണിക്കപ്പെട്ട ആദ്യ കർണാടക സംഗീതജ്ഞൻ!. സാക്സഫോണിന്റെ ഇന്ത്യൻ പര്യായമായ കദ്രി ഗോപാൽനാഥായിരുന്നു ആ ചരിത്രപുരുഷൻ. തികച്ചും പാശ്ചാത്യമായ ഒരു സംഗീതോപകരണത്തിലേക്ക് കർണാടക സംഗീതം ആവഹിച്ച മാന്ത്രികൻ!

റോയൽ ആൽബർട്ട് ഹാളിന്റെ രാജകീയ പ്രൗഢി കണ്ടപ്പോൾ, താൻ പണ്ടു കണ്ട ഒരു രാജകൊട്ടാരം ഗോപാൽനാഥ് ഓർത്തുപോയി.

മംഗലാപുരത്തനടുത്ത കദ്രി എന്ന ചെറുപട്ടണത്തിലെ സ്കൂൾ വിദ്യാർഥി, നാദസ്വരവിദ്വാനായ പിതാവ് തനിയപ്പയ്ക്കൊപ്പം മൈസൂർ കൊട്ടാരം കാണാൻ പോയ ദിവസം. അവിടെ നാദസ്വരത്തോടു സാമ്യമുള്ള മറ്റൊരു സംഗീതോപകരണം ഒരാൾ വായിക്കുന്നു. തന്റെ നാദസ്വരത്തേക്കാൾ മെച്ചമായി കൊച്ചുഗോപാലിന് അത് അനുഭവപ്പെട്ടു. ഏതാണ് ആ സംഗീതോപകരണം എന്ന് അവൻ‌ അച്ഛനോടു ചോദിച്ചു. സാക്സഫോൺ എന്ന പാശ്ചാത്യ കുഴൽവാദ്യമാണ് അതെന്ന് തനിയപ്പ പറഞ്ഞുകൊടുത്തു. തനിക്ക് അതു പഠിക്കണമെന്നായി അവൻ. നാം കർണാടക സംഗീതജ്ഞരാണെന്നും ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന നാദസ്വര പഠനം തുടർന്നാൽ മതിയെന്നും തനിയപ്പ മകനോടു പറഞ്ഞു. സാക്സഫോണിൽ പാശ്ചാത്യസംഗീതമേ വായിക്കാൻ കഴിയൂ എന്നും പിതാവ് കൂട്ടിച്ചേർത്തു. എന്നാൽ, പിന്മാറാൻ ഗോപാൽ തയാറല്ലായിരുന്നു. സാക്സഫോണിൽ താൻ കർണാടക സംഗീതം വായിക്കുമെന്ന് അന്ന് ആ കുട്ടി പിതാവിനോടു പറഞ്ഞു. 

വെറുംവാക്കായിരുന്നില്ല അത്. പക്ഷ, അതീവ ക്ലേശകരമായിരുന്നു ആ തപസ്സ്. 20 വർഷത്തെ കഠിന പരിശീലനംകൊണ്ടാണു കദ്രി ഗോപാൽനാഥ് എന്ന ലോകവിസ്മയം പിറന്നത്. എത്ര സങ്കീർണമായ കർണാടകസംഗീത രാഗങ്ങളും സംഗതികളും ഗമകങ്ങളും സാക്സഫോണിൽ വായിച്ച് സായിപ്പിനെപ്പോലും അതിശയിപ്പിക്കുന്ന പദ്മശ്രീ കദ്രി ഗോപാൽനാഥ്! ഇന്നു ലോകമാകെ അറിയപ്പെടുന്ന ‘സാക്സഫോൺ ചക്രവർത്തി’. സാക്ഷാൽ ശെമ്മാങ്കുടി പോലും പറഞ്ഞു ‘കദ്രി ഒരു ജീനിയസ്സ് തന്നെ’

ജാസ് ഫെസ്റ്റിവൽ എന്ന വഴിത്തിരിവ്

1980ലെ മുംബൈ ജാസ് ഫെസ്റ്റിവൽ. അവിടെ കദ്രിക്കും ഒരവസരം കിട്ടി. ലോകപ്രശസ്ത ജാസ് വിദഗ്ധൻ കലിഫോർണിയക്കാരൻ ജോൺ ഹാൻഡി അവിടെ ഉണ്ടായിരുന്നു. കദ്രിയുടെ പരിപാടി കഴിഞ്ഞുടനെ ഹാൻഡി സ്റ്റേജിലേക്ക് കയറിച്ചെന്ന് ‘എന്റെയൊപ്പം വായിക്കാമോ?’ എന്ന് ചോദിച്ചു. ‘ശ്രമിക്കാം’ എന്നു കദ്രി മറുപടി നൽകി. ഹാൻഡി ജാസിൽ വെസ്റ്റേൺ വായിച്ചു, അതിന്റെ പൊരുത്തമായി കദ്രി സാക്സഫോണിൽ കർണാടക സംഗീതം വായിച്ചു. സദസ്സ് കോരിത്തരിച്ചുപോയി. രണ്ട് ലോകപ്രതിഭകൾ തമ്മിലുള്ള മൽസരം. എന്തായിരുന്നു അനന്തരഫലമെന്നോ? ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ നടന്ന അടുത്ത ജാസ് ഫെസ്റ്റിവലിൽ ജോൺ ഹാൻഡിയുടെ പ്രത്യേക അതിഥിയിയിരുന്നു കദ്രി! ലോകമാകെ നിറഞ്ഞൊരു സംഗീതയാത്രയുടെ തുടക്കമായിരുന്നു കദ്രിക്കു പ്രാഗ് ഫെസ്റ്റിവൽ. പിന്നെ മെക്സിക്കോയിലെ സെർവന്റീനോ ഫെസ്റ്റിവൽ, പാരിസിലെ മ്യൂസിക് ഹാൾ ഫെസ്റ്റിവൽ, ലണ്ടനിലെ ബിബിസി പ്രോമിനീഡ്, വിശ്വസംഗീതജ്ഞൻ ജെയിംസ് ന്യൂട്ടനൊപ്പം ആൽബം, ലോകമാകെ ഇന്ത്യൻ–വെസ്റ്റേൺ ഫ്യൂഷൻ ഫെസ്റ്റിവലുകൾ... തീർത്തും അപരിചിതമായ കർണാടക സംഗീതത്തിന്റെ ശാസ്ത്രീയ ചിട്ടകൾ തങ്ങളുടെ സാക്സഫോണിൽനിന്ന് ഒഴുകി വരുന്നതുകേട്ടു പാശ്ചാത്യലോകം തരിച്ചിരുന്നു, പിന്നെ തുള്ളിച്ചാടി.

സ്റ്റിക്കില്ല, നോട്സില്ല

ഞങ്ങൾ 37 രാജ്യത്തെ സാക്സഫോൺ കലാകാരന്മാർ ഒന്നിച്ച് വായിച്ചിട്ടുണ്ട്. എല്ലാ രാജ്യത്തെയും സംഗീതം അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ, ചില വ്യത്യാസങ്ങളുമുണ്ട്. പാശ്ചാത്യ ദേശത്ത് എത്ര പഠിച്ചിട്ടുള്ളയാളും ഒരു കണ്ടക്ടറുടെ സ്റ്റിക്കിന്റെ ചലനങ്ങൾക്കനുസരിച്ചാണ് വായിക്കുക. 

ലോകപ്രശസ്ത വയലിനിസ്റ്റ് യഹുദി മെനൂഹിൻ പോലും നൊട്ടേഷൻ നോക്കിയാണു വായിക്കുന്നത്. നമുക്ക് ആ സമ്പ്രദായമില്ല. നാം ഓർകളെയും അനുഭൂതികളെയുമാണു പുനരാവിഷ്കരിക്കുന്നത്. ശെമ്മാങ്കുടി എതെങ്കിലും പുസ്തകം നോക്കിയാണോ സംഗീതം ആലപിച്ചത്. കർണാടക സംഗീത പഠനം നമുക്കു വലിയ ഓർമശക്തി നൽകുന്നു. ഒരു സാഗരം തന്നെ തലച്ചോറിൽ സൂക്ഷിക്കാൻ നമുക്കു കഴിയുന്നു.

പക്ഷേ, നമ്മുടെ എല്ലാ രാഗങ്ങളും മറ്റൊരു രീതിയിൽ അവർക്കും ഉണ്ട്. ശങ്കരാഭരണത്തിനു സമാനമായ രീതിയിലാണ് പൊതുവേ അവരുടെ കംപോസിങ്. അതുപോലെ അറബി സംഗീതം നമ്മുടെ സിന്ധുഭൈരവിയോടു ചേർന്നുപോകുന്നതായി തോന്നുന്നു.

നാദസ്വരവും സാക്സഫോണും

ഒന്ന് ഒന്നിനേക്കാൾ‌ മെച്ചം എന്നു പറയാൻ ഞ​ാനില്ല. നാദസ്വരം കൂടുതൽ സ്ത്രൈണമാണ്. സാക്സഫോൺ പുരുഷശബ്ദത്തോട് അടുത്തു നിൽക്കുന്നു. നാദസ്വരത്തിൽ ഗമകം വളരെ ബുദ്ധിമുട്ടാണ്. അനുനാസികം കയറി വരും. സാക്സഫോണിൽ ആ പ്രശ്നമേയില്ല. എന്നാൽ, പഠിക്കാ‍ൻ എളുപ്പം നാദസ്വരമാണ്. 

നാദസ്വരത്തിൽ രാഗവിസ്താരം വളരെ എളുപ്പവും വോക്കൽ ബുദ്ധിമുട്ടുമാണ്. രാഗവും സംഗതിയും എപ്പോഴും ഒത്തുപോകില്ല. എന്നാൽ സാക്സിൽ ഇതു വളരെ എളുപ്പമാണ്. നൂറു ശതമാനവും വോക്കൽ സ്റ്റൈൽ സംഗീതോപകരമാണ് സാക്സഫോൺ. ഏതു സംഗതിയും ആവിഷ്ക്കരിക്കാനും ചിലപ്പോൾ വായ്പാട്ടിനേക്കാൾ മെച്ചമാക്കാനുമൊക്കെ സാക്സഫോണിനു കഴിയും. അതുകൊണ്ടാണ് സാക്സഫോണിന് മറ്റേതൊരു കുഴൽ വാദ്യത്തേക്കാൾ ജനപ്രിയത ലോകമാകെ ലഭിക്കുന്നത്.

വായിക്കാത്ത ഭാഷ

സാക്സഫോണിനു ഭാഷയില്ല എന്നു പറയാം. എന്നാൽ ഞാൻ വാതാപിയോ ഹരിവരാസനമോ വായിക്കുമ്പോൾ നിങ്ങൾ സാക്സഫോണിൽനിന്നു വരുന്ന ശബ്ദം മാത്രമാണോ ആസ്വദിക്കുന്നത്. അല്ല, ആ കൃതികൂടിയാണ്. ഓരോ കീർത്തനവും എത്രയോ വലിയ സാരാംശങ്ങളാണ് ഉൾക്കൊണ്ടിരിക്കുന്നത്. അപ്പോൾ ഭാഷ പ്രധാമാണെന്നും പറയേണ്ടി വരും. അല്ലെങ്കിൽ കേരളത്തിലെ സ്റ്റേജുകളിൽ ഹരിവരാസനവും കൃഷ്ണാ നീ ബേഗേനയും വാതാപിയുമൊക്കെ കൂടുതൽ ആസ്വദിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

അളവും ഗുണവും വേണ്ട മലയാളി

ലോകമാകെ ആരാധകരുള്ള കദ്രിയുടെ പ്രിയപ്പെട്ട ആസ്വാദകരാണു മലയാളികൾ. ഒരേ സമയം അളവും ഗുണവും വേണ്ട ആസ്വാദകരാണ് ഇവിടെയുള്ളതെന്നു കദ്രി പറയും. ‘നിറഞ്ഞ സംഗീതം സുഖമായിരുന്ന് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ. സംഗീതം ആസ്വദിക്കാനായി ഒരുപാടു കഷ്ടപ്പെടാനൊന്നും നിങ്ങൾ തയാറല്ല. എന്നുകരുതി, എന്തുകിട്ടിയാലും സ്വീകരിക്കുകയുമില്ല. പെട്ടെന്ന് അസ്വസ്ഥരാവുന്ന ആസ്വാദകരുമാണു മലയാളികൾ. അതുകൊണ്ടു രസച്ചരട് പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും’

റഹ്മാന്റെ ‘ഒകെ’ 

ഓസ്കർ ജേതാവ് എ.ആർ. റഹ്മാന്റെ പ്രിയ സാക്സഫോണിസ്റ്റാണു കദ്രി. സംവിധായകൻ കെ. ബാലചന്ദ്രന്റെ താൽപ്പര്യപ്രകാരം അദ്ദേഹത്തിന്റെ ‘ഡ്യൂയറ്റ്’ എന്ന തമിഴ്ചിത്രത്തിലായിരുന്നു ആദ്യ സംഗമം. ‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി...’ ആയിരുന്നു ആദ്യഗാനം. ‘ഞാൻ അതിനായി 30 രാഗങ്ങൾ വായിച്ചു. അതൊന്നും റഹ്മാനെ തൃപ്തിപ്പെടുത്തിയില്ല. അതുകഴിഞ്ഞാണു കല്യാണവസന്തം വായിച്ചത്. ‘ഒ.കെ. ഇതാണു വേണ്ടത്.’ റഹ്മാൻ പറഞ്ഞു. പൂർണതയിൽ കുറഞ്ഞൊന്നും റഹ്മാനു വേണ്ട. അദ്ദേഹത്തിന്റെ പത്തു സിനിമയ്ക്കു ഞാൻ വായിച്ചു. കല്യാണവസന്ത രാഗമാണെങ്കിൽ ഞാൻ തന്നെ വായിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ട്.’ 

സംഗീതം മരുന്ന്

അത, സാക്സഫോൺ തൊട്ടുപോകരുതെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഹൃദയത്തിൽ ഒൻപതു ബ്ലോക്ക് ഉണ്ടായിരുന്നു. പരിപൂർണ വിശ്രമമാണ് അവർ നിർദേശിച്ചത്. എനിക്കാണെങ്കിൽ സാക്സഫോണില്ലാതെ ഒരു നിമിഷംകൂടി ജീവിക്കാൻ വയ്യ. സംഗീതമല്ലേ ഏറ്റവും വലിയ മരുന്ന്. അതിനെ ഉപാസിക്കുമ്പോൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ‍സംഗീതയാത്രയിൽ ക്ഷീണം അറിയുന്നില്ല.

പ്രിയരാഗം

അമ്മയോട് ഇഷ്ടസന്തതി ആരെന്നു ചോദിക്കുന്നതു പോലെയാണിത്. ജനങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന രാഗം നാം കൂടുതൽ വായിക്കും. ഹിന്ദോളം, ഘരഹരപ്രിയ, കല്യാണി, ഭൈരവി...തുടങ്ങിയവ. പിന്നെ, എനിക്കൊരു വിഷമം വരുമ്പോൾ കേൾക്കാൻ ആഗ്രഹിക്കുന്നത് കല്യാണിയാണ്. അത് എന്നെ സന്തോഷവാനാക്കും.

അവർ കരയട്ടെ

ചിലരൊക്കെ പറയും കലാകാരന്റെ ആത്മസാക്ഷാത്കാരമാണ് പ്രധാനമെന്ന്. എങ്കിൽ പ്രേക്ഷകർക്കു മുന്നിൽ വരേണ്ടല്ലോ. എവിടെങ്കിലുമിരുന്ന് അങ്ങു പാടിയാൽ പോരേ. എത്രയോ സങ്കടങ്ങളുടെ നടുവിൽനിന്നാണ് ജനങ്ങൾ നമ്മെ കേൾക്കാൻ വരുന്നത്. അളരെ വീണ്ടും ക്ലേശിപ്പിക്കരുത്. ആ രണ്ടു മണിക്കൂർ അവർ പരമാവധി ആഹ്ലാദിക്കണം. 

ചിലർ കച്ചേരിക്കിടെ കരയും. അവർ കരയട്ടെ. മനസ്സിനു ശാന്തി ലഭിക്കട്ടെ. ഒരു ഡോക്ടർക്കും നൽകാൻ കഴിയാത്ത സാന്ത്വനം അവർക്കു നൽകണം. അവിടെ മ്യൂസിക്കല്ല, ഒരു മാജിക്ക് തന്നെ നടക്കണം. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ അഭിരുചി നോക്കി കച്ചേരിക്കിടെ ഞാൻ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കും.

ലോകസംഗീത വേദികളിലെ ഇന്ത്യൻ ഈണമാണു കദ്രി. രാജ്യത്തിനത്തും പുറത്തും അദ്ദേഹം നേടാത്ത അംഗീകാരങ്ങളും സമ്മാനങ്ങളും കുറവ്. തന്റെ സംഗീതം കേട്ട് ഒരാളുടെയെങ്കിലും കണ്ണൊന്നു നിറഞ്ഞാൽ, കവിളൊന്നു വിടർന്നാൽ... അതിലും വലിയ ഒരവാർഡും ഇല്ലെന്ന് അദ്ദേഹം പറയുന്നു. ‘കദ്രിയെ കേൾക്കാൻ വന്നിട്ട് ആരും നിരാശരായി പോകരുത്.’ ഈ നിർബന്ധത്തിനു മുന്നിൽ വൈദ്യശാസ്ത്രം പോലും തോറ്റുകൊടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com