ADVERTISEMENT

പത്തു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ‘എന്നും വരും വഴിവക്കിൽ...’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ഈ ഗാനം ഒരിക്കൽ പോലും കേൾക്കാത്തവരായി അധികമാരും ഉണ്ടാകില്ല; പ്രത്യേകിച്ച് യുവാക്കൾ. എന്നാൽ ഇതിന്റെ വിഡിയോ പുറത്തിറങ്ങാതിരുന്നത് സംഗീത പ്രേമികളിൽ നിരാശ സൃഷ്ടിച്ചിരുന്നു. കാത്തിരുന്നവർക്ക് ഇനി ആശ്വസിക്കാമെന്നു മാത്രമല്ല, ആഘോഷിക്കുകയും ചെയ്യാം. 

പുതുമയിലേക്ക്

ആലാപന ശൈലിയും വരികളും കൊണ്ട്, വിരഹഗാനമാണിതെന്നു പലരും വിധിയെഴുതിയിരുന്നു. എന്നാൽ വിഡിയോ പുറത്തിറങ്ങിയതോടെ ഇത്തരം മുൻധാരണകൾ തെറ്റി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിൽ പ്രണയമാണ് പ്രമേയം. ശ്രീദേവി ഉണ്ണികൃഷ്ണൻ, വിനീത് രാമചന്ദ്രൻ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിരൻ ഘോഷ് ആണ് സംവിധാനം. ഗ്രാമീണ സൗന്ദര്യത്തിന്റെ തനിമ ചോരാതെ ചിത്രീകരിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. ദീർഘ കാലത്തെ കാത്തിരിപ്പിന് ശേഷം ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയതിന്റെ ആനന്ദത്തിലാണ് ആരാധകർ. അന്യം നിന്നുപോയ ഇത്തരം ഗ്രാമീണ പ്രണയരംഗങ്ങൾ ഗാനത്തിലൂടെ തിരികെ കൊണ്ടുവന്നതിന്റെ സന്തോഷവും പ്രേക്ഷകരിൽ ചിലർ വ്യക്തമാക്കി. 

ആരാധകരെ ആകർഷിച്ച ഗാനം

ഹൃദയം തൊടുന്ന ഈ മെലഡി ആസ്വാദകർ ആവർത്തിച്ചു കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. വിരഹവും പ്രണയവുമൊക്കെ തുളുമ്പുന്ന വരികളും ആലാപനവുമൊക്കെ ആരാധകരുടെ എണ്ണം വർധിപ്പിച്ചു. വിഡിയോ ഇല്ലാതിരുന്നതിനാൽ പ്രമേയം പ്രണയമാണോ വിരഹമാണോ എന്നു വ്യക്തമായിരുന്നുമില്ല. ഓരോ ആസ്വാദകനും അയാളുടെ മനസ്സിൽ തോന്നുന്ന ചിത്രം ഈ ഗാനത്തിനു പശ്ചാത്തലമായി സങ്കല്‍പ്പിച്ചിട്ടുണ്ടാകാം. ബസിലും ഓട്ടോ സ്റ്റാഡുകളിലും ലോട്ടറി കടകളിലും ചായക്കടകളിലുമൊക്കെ ഈ ഗാനം പതിവായി മുഴങ്ങിയിരുന്നു. പലരും മൊബൈൽ ഫോണുകളിൽ റിങ് ടോണുകളും ഡയലർ ടോണുകളുമാക്കി. എങ്കിലും വിഡിയോ പുറത്തിറങ്ങാതിരുന്നത് ഗാനപ്രേമികളെ നിരാശപ്പെടുത്തി.

അവർ ഇപ്പോഴും ‘ജീവിക്കുന്നു’

ഈ ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ പലരും ഇതിന്റെ ശിൽപികളെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ആ ഗാനം എഴുതിയത് ഒരു വിദ്യാർഥിയായിരുന്നു എന്നും എഴുതിക്കഴിഞ്ഞയുടൻ അയാൾ ആത്മഹത്യ ചെയ്തു എന്നുമൊക്കെ പലതരം വാർത്തകൾ പ്രചരിച്ചു. പ്രണയനൈരാശ്യമാണ് ആത്മഹത്യാ കാരണമെന്നു വരെ വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് പിന്നീടു തെളിഞ്ഞു. പെയിന്റിങ് തൊഴിൽ ചെയ്ത് ജീവിതത്തിനു നിറം പകരാൻ ശ്രമിക്കുന്ന രണ്ടു കലാകാരൻമാരാണ് ഈ ഗാനം മലയാളികൾക്ക് സമ്മാനിച്ചത്.  ഇരിങ്ങാലക്കുടക്കാരൻ അനിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഈണം പകർന്ന് ഹൃദ്യമായി ആലപിച്ചത് സജീഷ് നിസരിയാണ്. ‘എഴുത്തുകാരന്റെ മരണവാർത്ത’ എങ്ങനെ പ്രചരിച്ചു എന്ന് ഇപ്പോഴും ഇരുവർക്കുമറിയില്ല.

പാട്ട് വന്ന വഴി

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ ചില ഭാഗങ്ങളിൽ ഓണക്കാലത്തു നടക്കാറുള്ള കലാരൂപമാണ് ഓണംകളി. പലപ്പോഴും ഇത് മത്സരമായിട്ടാണ് നടത്തുക. സ്വന്തമായി പാട്ടെഴുതി ചിട്ടപ്പെടുത്തി പല സംഘങ്ങളും മത്സരിക്കാനെത്തും. അങ്ങനെയൊരിക്കൽ അനി എഴുതിയ വരികളാണ് ‘എന്നും വരും വഴിവക്കിൽ....’ എന്നുള്ളത്. പണ്ടുമുൽ പാടിവന്നിരുന്ന ഒരു ഓണംകളിപ്പാട്ടിന്റെ വരികളായിരുന്നു അത്. അതിനൊപ്പം മറ്റു വരികളും അനി എഴുതിച്ചേർത്തു. അത് സജീഷ് പാടി ഒരു ഫോണിൽ റെക്കോർഡ് ചെയ്തു. കേട്ടുനോക്കിയപ്പോൾ കൊള്ളാമെന്ന് തോന്നിയാണ് അവർ ആ പാട്ട് ചെയ്യാൻ തീരുമാനിച്ചത്. ആ വരികള്‍ എഴുതുമ്പോൾ അനിക്ക് ഇരുപതു വയസ്സ് മാത്രമായിരുന്നു പ്രായം.

ശ്രീരാമരാജ്യം എന്ന പേരിൽ പുറത്തിറക്കിയ ഒരു കാസറ്റിലായിരുന്നു ഈ ഗാനം ഉൾപ്പെടുത്തിയത്. അതിൽ ഏഴാമത്തെ ഗാനമായിരുന്നു ഇത്. ഹിറ്റ് ആകുമെന്നു കരുതിയിരുന്നില്ല. കാസറ്റിന്റെ പേര് പിന്നീട് ‘എന്നും വരുംവഴിവക്കിൽ’ എന്ന് മാറ്റി. പേരിലെ വ്യത്യസ്തത ആരാധകരെ ആകർഷിച്ചു എന്ന് വേണം കരുതാൻ. സജീഷും അനിയും നിരവധി ഭക്തിഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ ഗാനം എഴുതിയതിന് അഞ്ഞൂറു രൂപ മാത്രമാണ് പ്രതിഫലം ലഭിച്ചത്. അനി ഇപ്പോൾ പാട്ടെഴുത്തിൽനിന്നു മാറി നിൽക്കുകയാണ്. സജീഷ് ഇപ്പോഴും സംഗീതവുമായി മുന്നോട്ടു പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com