ADVERTISEMENT

മലയാള ചലച്ചിത്രസംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ഔസേപ്പച്ചൻ. മലയാളി എക്കാലവും ഓർക്കുന്ന പാട്ടുകളിൽ ചിലതിൽ ആ പേര് പതിഞ്ഞുകിടക്കുന്നു. മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ വേദിയിൽ ഈണങ്ങൾ കോർത്തിണക്കി സംഗീതത്തിന്റെ മഹാസദ്യ അദ്ദേഹം പ്രേക്ഷകർക്കായി വിളമ്പി. പതിയെ ഒഴുകി വന്ന് നനുത്ത തലോടലായി കടന്നു പോകുന്ന ഈണങ്ങളാണ് വയലിൻ തന്ത്രികളിലൂടെ അദ്ദേഹം സദസ്സിനു സമ്മാനിച്ചത്. ‘മായാമഞ്ചലിൽ’ എന്ന ഹിറ്റ് ഗാനത്തിൽ തുടങ്ങി പിന്നീടത് ‘ഏതോ വാർമുകിലിൻ’, ‘എന്നും നിന്നെ പൂജിക്കാം’ എന്നീ ഗാനങ്ങളിലേക്ക് ഒഴുകിമാറി. ആ നാദധാര ഹൃദയംകൊണ്ട് ആസ്വദിക്കുകയായിരുന്നു സദസ്സ്. 

ടി.കെ. രാജീവ് കുമാർ രചനയും സംവിധാനവും നിർവഹിച്ച് 1991–ൽ പുറത്തിറങ്ങിയ ‘ഒറ്റയാള്‍ പട്ടാളം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘മായാമഞ്ചലിൽ.’  ശരതിന്റെ സംഗീതസംവിധാന മികവിലൊരുങ്ങിയ ആ ഗാനം ഇപ്പോഴും ഹിറ്റുകളുടെ പട്ടികയിലുണ്ട്. അകാലത്തിൽ വിടപറഞ്ഞ ഗായിക രാധിക തിലകും ജി.വേണുഗോപാലും ചേർന്നായിരുന്നു ആ ഗാനം ആലപിച്ചത്. തന്റെ ഗാനത്തിന് ഔസേപ്പച്ചൻ തന്ത്രികൾ മീട്ടിയപ്പോള്‍ ശരത്തും ഏറെ ആസ്വദിച്ചു. 

ഔസേപ്പച്ചന്റെ ഈണം പതിയെ ‘ഏതോ വാർമുകിലിൻ’ എന്ന ഗാനത്തിലേക്കു വഴിമാറി. കമലിന്റെ സംവിധാനത്തിൽ 1991–ൽ പുറത്തിറങ്ങിയ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ ഗാനമാണത്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച വരികൾക്ക് ഈണം പകർന്നത് ഔസേപ്പച്ചൻ തന്നെ. കെ.എസ് ചിത്രയും ജി.വേണുഗോപാലും ആണ് ഗാനം ആലപിച്ചത്.

ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1997–ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ‘എന്നും നിന്നെ പൂജിക്കാം ’എന്ന ഗാനമാണ് പിന്നീടദ്ദേഹം പ്രേക്ഷകർക്കായി നൽകിയത്. എസ്.രമേശൻ നായരുടെ വരികള്‍ക്ക് ഈണം പകർന്നത് ഔസേപ്പച്ചൻ തന്നെയാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഓർമയിലുണ്ട്. 

ഹിന്ദി അടക്കം നൂറിൽപ്പരം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിട്ടുണ്ട്.  2011–ൽ പുറത്തിറങ്ങിയ ‘ഡാം 999’ എന്ന ഇംഗ്ലിഷ് ചിത്രത്തിനു വേണ്ടി അദ്ദേഹം ഈണം പകർന്ന മൂന്നു ഗാനങ്ങൾ ഓസ്കാർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു. 1987–ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 2007–ൽ പുറത്തിറങ്ങിയ ‘ഒരേ കടൽ’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അദ്ദേഹം സ്വന്തമാക്കി.

1953 സെപ്റ്റംബർ 13 ന് തൃശൂർ ജില്ലയിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ സംഗീതത്തോടു കമ്പം ഉണ്ടായിരുന്നു. ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് ബികോമും പൂർത്തിയാക്കി. പിന്നീട് തൃശൂരിലെ അന്നത്തെ പ്രമുഖ സംഗീത കൂട്ടായ്മയായിരുന്ന ‘വോയ്സ് ഓഫ് തൃശൂരി’ന്റെ വാദ്യവൃന്ദത്തിൽ വയലിനിസ്റ്റായി പ്രവർത്തിച്ചു. വയലിനിസ്റ്റായി പേരെടുത്ത ശേഷം അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി. ഈണം എന്ന ചിത്രത്തിനു പശ്ചാത്തലസംഗീതം ഒരുക്കിയാണ് ചലച്ചിത്രരംഗത്തേക്കു ചുവടുവച്ചത്. ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിൽ ഒരു വയലിനിസ്റ്റിന്റെ റോൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് 1985-ൽ ഭരതന്റെ തന്നെ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസം‌വിധായകനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com