ADVERTISEMENT

മലയാള സിനിമയിലെ യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനാണ് വിനായക് ശശികുമാർ. കുട്ടീം കോലും എന്ന ചിത്രത്തിലെ 'കരളിൽ ഒഴുകുമൊരു ഓളമായ്' എന്ന ഗാനം മുതൽ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, നോർത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദ, മായാനദി, അമ്പിളി എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ അതിമനോഹരമായ ഗാനങ്ങൾക്ക് വരികളെഴുതിയിട്ടുണ്ട് ചെറുപ്പക്കാരനായ ഈ പാട്ടെഴുത്തുകാരൻ. 

അമ്പിളിയിലെ ആരാധികെ, ഞാൻ ജാക്സൺ അല്ലെടാ എന്നിവയാണ് വിനായക് ശശികുമാറിന്റെ ഏറ്റവും പുതിയ ഹിറ്റ് ഗാനങ്ങൾ. എന്നാൽ, ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ വിനായകിന് ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതാണെന്ന് ചോദിച്ചാൽ ആ തിരഞ്ഞെടുപ്പ് അല്പം ബുദ്ധിമുട്ടാണെന്നു പറയുകയാണ് വിനായക്. കാരണം, അത്രയും നല്ല പാട്ടുകൾ ഈ വർഷം ഇറങ്ങിയിട്ടുണ്ടെന്ന് വിനായക് പറയുന്നു. റേഡിയോ മാംഗോയിൽ അതിഥിയായെത്തിയപ്പോൾ ഈ വർഷത്തെ പാട്ടുകളില്‍ ഇഷ്ടമുള്ള അഞ്ച് ഗാനങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചപ്പോഴാണ് വിനായക് തന്റെ പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ച് പറഞ്ഞത്. 

സ്വന്തം പാട്ടുകളൊഴികെ അഞ്ച് ഗാനങ്ങൾ പറയണമെന്നായിരുന്നു നിബന്ധന. അഷറഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച ‘തമാശ’ എന്ന ചിത്രത്തിലെ ‘കാണുമ്പോൾ നിന്നെ’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വിനായക് അഞ്ചാം സ്ഥാനം കൊടുത്തത്. സുഡാനി ഫ്രം നൈജീരിയ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ മുഹ്സിൻ പരാരിയാണ് ഗാനത്തിന് വരികളൊരുക്കിയത്. ഈണം പകർന്നിരിക്കുന്നത് റെക്സ് വിജയൻ. മുഹ്സിന്‍ ആദ്യമായി എഴുതിയ ഗാനമാണിത്. കവർ ഗാനങ്ങള്‍ പാടി സമൂഹമാധ്യങ്ങളിൽ വൈറലായ ആശ ജീവന്‍ എന്ന ഗായകനാണ് ഈ  ഗാനം ആലപിച്ചത്. 

ഇഷ്ക് എന്ന ചിത്രത്തിലെ 'പറയുവാനിതാദ്യമായ്' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വിനായക് നാലാം സ്ഥാനം കൊടുത്തത്. ജോപോൾ ആണ് ഗാനം രചിച്ചിരിക്കുന്നത്. തനിക്കേറെ ഇഷ്ടമുള്ള ഒരു രചയിതാവാണ് അദ്ദേഹമെന്നും അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടെന്നും വിനായക് പറഞ്ഞു. ജേക്സ് ബിജോയ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിദ് ശ്രീരാം മലയാളത്തിലാദ്യമായി പാടി എന്ന പ്രത്യേകതകൂടി ആ പാട്ടിനുണ്ട്. സിദ്ദ് ശ്രീരാമിനൊപ്പം നേഹ അയ്യരും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. പാട്ട് മാത്രമല്ല ആ ചിത്രവും തനിക്ക് വളരെ ഇഷ്ടമാണെന്ന് വിനായക് പറയുന്നു. 

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘തണ്ണീർ മത്തൻ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാത്തോട്ടം’ എന്ന് തുടങ്ങുന്ന ഗാനമാണ് വിനായക് മൂന്നാമതായി പറഞ്ഞത്. നവാഗതനായ ഷുഹെയിൽ കോയ ആണ് ആ ഗാനത്തിന് വേണ്ടി വരികളൊരുക്കിയത്. ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണൻ. വ്യത്യസ്തത നിറഞ്ഞ ആലാപനശൈലിയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ഗായകനും സംഗീതസംവിധായകനുമായ ബിജിബാലിന്റെ മകൻ ദേവദത്തും ഗാനാലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. 

മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന് തുടങ്ങുന്ന ഗാനമാണ് വിനായക് രണ്ടാമത്തെ ഗാനമായിട്ട് പറഞ്ഞത്. റഫീഖ് അഹമ്മദ് രചിച്ച വരികൾക്ക് ഈണം പകർന്നത് ഗോപി സുന്ദർ ആണ്. വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനാലാപനം.   

മധു സി.നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ‘ഉയിരിൽ തൊടും’ എന്ന ഗാനമാണ് വിനായകിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. ആദ്യം കേട്ടപ്പോള്‍ വലിയ താത്പര്യം തോന്നിയില്ലെന്നും പിന്നീട് ആവർത്തിച്ച് കേട്ടെന്നും ഒരുപാടിഷ്ടമായി എന്നും അദ്ദേഹം പറയുന്നു. ആ ചിത്രത്തിന് വേണ്ടി താൻ ഒരു ഗാനം എഴുതിയിട്ടുണ്ടെങ്കിലും അതിനേക്കാളേറെ കേൾക്കാറുള്ളത് ഉയിരിൽ തൊടും എന്ന ഗാനമാണെന്ന് തുറന്നു പറയുകയാണ് വിനായക്. അൻവർ അലി രചിച്ച വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം ആണ്. സൂരജ് സന്തോഷ് ആൻ ആമി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. 

പന്ത്രണ്ടാം വയസിൽ കവിതകളെഴുതിത്തുടങ്ങിയതാണ് വിനായക് ശശികുമാർ. ‘കുട്ടീം കോലും’ എന്ന ചിത്രത്തിലൂടെയാണ് വിനായക് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്നത്. പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നോർത്ത് 24 കാതം, ഇയ്യോബിന്റെ പുസ്തകം, ഗപ്പി, എസ്ര തുടങ്ങി നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ‘അമ്പിളി’ എന്ന ചിത്രത്തിലെ ആരാധികേ എന്ന സൂപ്പർഹിറ്റ് ഗാനം എഴുതിയതും ഈ യുവഗാനരചയിതാവ് തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com