ADVERTISEMENT

കാലത്തിന്റെ കുത്തൊഴുക്കിലും മായാതെ നിൽക്കുന്ന ഒരുപിടി മനോഹരഗാനങ്ങളുണ്ട് മലയാള സിനിമാസംഗീതത്തിൽ. ഒരു ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റാവുക എന്നത് വളരെ അപൂർവമാണ്. ആ അത്യപൂർവ പട്ടികയിൽ ഇടം പിടിച്ച ചിത്രമാണ് നിറം. 

മലയാളത്തിലെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ശാലിനിയും ഒരുമിച്ച് അഭിനയിച്ചത് നാലു സിനിമകളിലാണ്. അതിൽ ചാക്കോച്ചന്റെ ആദ്യചിത്രം കൂടിയായ അനിയത്തിപ്രാവും ക്യാംപസ് സിനിമയായ നിറവും സൂപ്പർഹിറ്റായി. നക്ഷത്രത്താരാട്ടും പ്രേംപൂജാരിയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഹിറ്റ് ഗാനങ്ങളാണ് ഈ നാലു സിനിമകളുടെയും പ്രത്യേകത. അനിയത്തിപ്രാവിലെയും നിറത്തിലെയും എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടിലെത്തുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ക്യാംപസ് സിനിമകളിലൊന്നായ നിറത്തിന് ഇരുപതു വയസ്സാവുകയാണ്.

കമൽ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയതാണ് നിറം. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം കഥയും ശത്രുഘ്നൻ തിരക്കഥയും രചിച്ച ചിത്രം തിയറ്ററുകളിൽ തരംഗമായി. അക്കാലത്ത് ക്യാംപസുകൾ ഏറ്റെടുത്ത നിറത്തിൽ അഞ്ച് ഗാനങ്ങളാണുള്ളത്. അന്ന് ക്യാംപസുകളെ ഇളക്കിമറിച്ച ആ പാട്ടുകൾ ഇന്നും ഹിറ്റുകളുടെ പട്ടികയിലാണ്. ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല എന്നിവരാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചത്. മനോഹരമായ മെലഡി ഗാനങ്ങൾ സമ്മാനിച്ചതോടെ ‘മെലഡി കിങ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യാസാഗർ ആണ് ഗാനങ്ങൾക്ക് ഈണം പകർന്നത്. 

ആലാപനത്തിലും വരികളിലും ഏറെ വ്യത്യസ്തത പുലർത്തിയ ഗാനമാണ് ‘ഒരു ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസേ ശുക്രിയ....’. കെ.ജെ യേശുദാസിനൊപ്പം ശബ്നം കൂടി ചേർന്നപ്പോൾ ആലാപനം ഏറെ ഹൃദ്യമായി. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ഫാസ്റ്റ് നമ്പറിനു വരികളൊരുക്കിയത്. 

യേശുദാസും ചിത്രയും ചേർന്ന് ആലപിച്ച ‘മിന്നിത്തെന്നും നക്ഷത്രങ്ങൾ....’ എന്ന ഗാനം കുഞ്ചാക്കോബോബന്റെയും ശാലിനിയുടെയും നൃത്തച്ചുവടുകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ. 

‘യാത്രയായ് സൂര്യാങ്കുരം.....’ എന്നു തുടങ്ങുന്ന ഗാനം അന്നുമിന്നും മികച്ച വിരഹഗാനമായിത്തന്നെ നില നിൽക്കുന്നു. കെ.ജെ.യേശുദാസും കെ.എസ് ചിത്രയുമാണ് ഗാനം ആലപിച്ചത്. ഈണം പകർന്ന വിദ്യാസാഗർ ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്. 

കലാലയ ജീവിതത്തിലെ അതിസുന്ദരനിമിഷങ്ങള്‍ക്ക് നിറം പകർന്നൊരുക്കിയ ഗാനമാണ് ‘പ്രായം നമ്മിൽ മോഹം നൽകി....’. ബിച്ചു തിരുമലയാണ് വരികൾ രചിച്ചത്. പി.ജയചന്ദ്രനും സുജാത മോഹനും ചേർന്ന് ആലപിച്ച ഗാനം ഇപ്പോഴും കലാലയങ്ങളിൽ പലവിധത്തിൽ പാടിയും ആടിയും ആഘോഷിക്കപ്പെടാറുണ്ട്. ബോബൻ ആലുമ്മൂടന്റെ അരങ്ങേറ്റ ചിത്രം കൂടിയായ നിറത്തിൽ  ഈ ഗാനരംഗത്ത് അദ്ദേഹമാണ്.   

മലയാളം ഇന്നും കേട്ടുകേട്ടുകൊതിക്കുന്ന ഗാനമാണ് ‘മിഴിയറിയാതെ വന്നു നീ’. ബിച്ചു തിരുമല എഴുതിയ പാട്ട് പാടിയത് കെ.ജെ യേശുദാസാണ്. എത്ര കേട്ടാലും മതിവരില്ലെന്നാണ് ഈ ഗാനത്തെക്കുറിച്ച് ഇപ്പോഴും ശ്രോതാക്കളുടെ അഭിപ്രായം. 

ഇത്തരത്തിൽ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ‘നിറം’ എന്ന ചിത്രം ഓരോ പ്രേക്ഷകനും സമ്മാനിച്ചത്. പുറത്തിറങ്ങി ഇരുപത് വർഷങ്ങൾ പിന്നിടുമ്പോഴും നിത്യഹരിതഗാനങ്ങളായി അവ വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com