sections
MORE

‘കണ്ണു കെട്ടിയല്ല, കയ്യില്ലെങ്കിലും നീ പിയാനോ വായിക്കും’: ലിഡിയൻ നാദസ്വരത്തോട് ശരത്

lydian-and-sharreth
SHARE

ലിഡിയൻ നാദസ്വരം! പ്രത്യേകിച്ചൊരു ആമുഖത്തിന്റെയോ പരിചയപ്പെടുത്തലിന്റെയോ ആവശ്യമില്ല ആ കൊച്ചു കലാകാരന്. കാരണം ചെറുപ്രായത്തിൽത്തന്നെ കരസ്ഥമാക്കിയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലിഡിയന്റെ പേര് ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പിയാനോയില്‍ വേഗ വിരല്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നവര്‍ക്ക് നിക്കോളായ് റിംസ്‌കി-കൊറാസ്‌കോവിന്റെ ഫ്ലൈറ്റ് ഓഫ് ദ് ബംബിള്‍ബീ എന്നും ഒരു അദ്ഭുതമാണ്. ഈ ബംബിള്‍ബീ കൊണ്ട് ലോകത്തെ മുന്‍നിര സംഗീതജ്ഞരെ മാത്രമല്ല, സംഗീതാസ്വാദകരെ മുഴുവന്‍ അമ്പരപ്പെടുത്തിയ കലാകാരനാണ് ലിഡിയന്‍ നാദസ്വരം. 

മഴവിൽ മനോരമയുടെ ‘പാടാം നമുക്കു പാടാം’പരിപാടിയുടെ ഫിനാലെ വേദിയിൽ അതിഥിയായെത്തിയപ്പോഴും പ്രേക്ഷകരെ ആവേശത്തിന്റെയും അമ്പരപ്പിന്റെയും മുൾമുനയിൽ നിർത്താൻ ലിഡിയനു സാധിച്ചു. 

വിസ്മയാവഹമായ പ്രകടനം നടത്തിയ ശേഷം കണ്ണുകെട്ടി പിയാനോ വായിക്കുകയാണെന്നു പറഞ്ഞ ലിഡിയനോട് സംഗീതസംവിധായകൻ ശരത് പറഞ്ഞത് ഇങ്ങനെ: ‘മോനെ നീ കണ്ണു കെട്ടിയല്ല കൈ ഇല്ലെങ്കിലും വായിക്കുമെന്ന് ഞങ്ങള്‍ക്കറിയാം.’ അത്രമേൽ വേദിയെയും സദസ്സിനെയും കോരിത്തരിപ്പിച്ച പ്രകടനമായിരുന്നു ആ പതിനാലുകാരന്റേത്. മത്സരത്തിന്റെ വിധികർത്താക്കളായ കെ.എസ്. ചിത്രയും ശരത്തും റിമി ടോമിയും അതിഥിയായെത്തിയ ജയറാമും ഉൾപ്പെടെ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്നു കയ്യടിച്ചു കൊണ്ടാണ് ലിഡിയനെ പ്രശംസിച്ചത്. എ.ആർ. റഹ്മാന്റെ ഏതെങ്കിലും ഗാനം പാടാമോ എന്നു കെ.എസ്. ചിത്രയോട് ലിഡിയൻ ചോദിച്ചു. എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമായ ‘പുതുവെള്ളൈ മഴൈ’ എന്ന ഗാനം ചിത്ര ആലപിച്ചപ്പോൾ ലിഡിയൻ പിയാനോയിൽ ഇന്ദ്രജാലം തീർത്തു. ചെറു പ്രായത്തിൽ പിയാനോയിൽ വിസ്മയം സൃഷ്ടിച്ച ലിഡിയനോട് ‘ചിത്ര ചേച്ചിയുടെ കൂടെ പാടാൻ സാധിച്ചതു തന്നെയാണ് ദൈവം ലിഡിയന് കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം’ എന്നു പറഞ്ഞാണ് ജയറാം ആ കൊച്ചു കലാകാരനെ പ്രശംസിച്ചത്. പാടാം നമുക്ക് പാടാം പരിപാടിയുടെ തീം സോങ് പ്രേക്ഷകർക്കായി സമ്മാനിച്ച ശേഷമാണ് ലിഡിയൻ വേദിവിട്ടത്.

കലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോ വേള്‍ഡ് ബെസ്റ്റില്‍ ഏഴരക്കോടി രൂപ സമ്മാനം നേടി ഒന്നാമതെത്തിയാണ് ലിഡിയൻ രാജ്യത്തിന്റെ താരമായത്. 150 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് ലിഡിയൻ കിരീടം ചൂടിയത്. വിധികർത്താക്കളെയും കാണികളെയും അമ്പരപ്പിക്കും വിധത്തിലായിരുന്നു ലിഡിയന്റെ പ്രകടനം. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ വ്യത്യസ്ത നോട്ടുകൾ അവതരിപ്പിച്ചും ലിഡിയൻ സംഗീത ലോകത്ത് അദ്ഭുതം തീർത്തിരുന്നു. ലിഡിയന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് എ.ആർ. റഹ്മാനടക്കമുള്ള സംഗീതജ്ഞർ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ‘മ്യൂസിക് അംബാസിഡർ’ എന്നാണ് റഹ്മാൻ ലിഡിയനെ വിശേഷിപ്പിച്ചത്. 

എ.ആർ. റഹ്മാന്റെ ചെന്നൈയിലുള്ള സംഗീത വിദ്യാലയത്തിൽ പഠിക്കുകയാണ് ലിഡിയൻ ഇപ്പോൾ. എല്ലാ ദിവസവും എട്ടു മണിക്കൂറോളം ലിഡിയൻ പരിശീലനം നടത്തും. കുഞ്ഞായിരിക്കുമ്പോൾത്തന്നെ മകന്റെ കഴിവു മനസ്സിലാക്കിയിരുന്നു എന്ന് പിതാവ് വർഷൻ സതീഷ് പറയുന്നു. നാലാം മാസം മുതൽ ലിഡിയൻ വിരലുകൾ ചലിപ്പിച്ചത് പിയാനോയിലെന്നപോലെയായിരുന്നു. എട്ടാം വയസ്സിൽ അതിഗംഭീരമായി ഡ്രംസ് വായിച്ചാണ് ആ കൊച്ചുകലാകാരൻ ആദ്യം പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ലിഡിയൻ നാദസ്വരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA