ADVERTISEMENT

എണ്ണമറ്റത്ര സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാള ചലച്ചിത്ര മേഖലയ്ക്കു സ്വന്തമായിട്ടുണ്ട്. ഓരോ പാട്ടും നാം ഏറെ ആസ്വദിക്കാറുണ്ടെങ്കിലും അവ എങ്ങനെ പിറന്നുവെന്ന് അധികമാര്‍ക്കും അറിയില്ല. ഓരോ പാട്ടിനും പിന്നിൽ ഓരോ കഥയുണ്ട്. മലയാളികൾക്ക് ഏറെ ആസ്വദിക്കാൻ നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചനയുടെ അമ്പതാം വർഷത്തിലെത്തി നിൽക്കുമ്പോഴും ഓരോ പാട്ടിന്റെയും പിറവിയെക്കുറിച്ച് കൃത്യമായി ഓർത്തെടുത്ത് പറയുകയാണ് അദ്ദേഹം. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരൻ മനസ്സു തുറന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ ‘മിഴിയോരം നനഞ്ഞൊഴുകും....’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ആ പാട്ടിനു പിന്നിൽ ചില ഓർമകളുണ്ട് ബിച്ചുവിന്. ആ ഓർമകൾക്ക് മുപ്പത്തിയൊൻപത് വർഷത്തെ പഴക്കവുമുണ്ട്. 

മിഴിയോരം നനഞ്ഞൊഴുകും  എന്ന ഗാനം പിറന്നതിനെക്കുറിച്ച് ബിച്ചു തിരുമലയുടെ വാക്കുകൾ ഇങ്ങനെ: അന്ന സ്റ്റുഡിയോയിൽ ജെറി (ജെറി അമൽദേവ്) വന്ന് ഈണം റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. അതിനനുസരിച്ച് എനിക്കെഴുതിയാൽ മാത്രം മതിയായിരുന്നു. കഥ കേട്ടു. പക്ഷേ പാട്ട് എങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് യാതൊരു ആശയവും കിട്ടിയില്ല. കുറേ നേരം ആലോചിച്ചിരുന്നു. പിന്നെ ഞാനും ജെറിയും കൂടി അവിടെ അടുത്ത് ആലപ്പുഴ കടൽത്തീരത്തേക്ക് പോയി. അവിടെ ഇരുന്ന് കുറേ സംസാരിച്ചു. അപ്പോൾ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. തിരിച്ചു പോകാമെന്നു വിചാരിച്ച് ഞങ്ങൾ എഴുന്നേറ്റു. ആ സമയം വരെ അവിടെ കുറേ ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ എഴുന്നേറ്റപ്പോഴേക്കും എല്ലാ ഓട്ടോയും പോയിരുന്നു. അപ്പോൾ പിന്നെ നടക്കുകയല്ലാതെ മറ്റൊരു മാർഗം ഇല്ല. ഒരുപാട് ദൂരം ഇല്ലാത്തതു കൊണ്ട് ഞങ്ങൾ നടക്കാൻ തുടങ്ങി. പകുതി ദൂരം എത്തിയപ്പോഴേക്കും മഴ ശക്തമായി പെയ്തു. അന്ന് കുട എടുത്തില്ലായിരുന്നു. അങ്ങനെ ഞങ്ങൾ നനഞ്ഞ് കുതിർന്ന് സ്റ്റുഡിയോയിലേക്ക് കയറി ചെന്നു. അപ്പോൾ ടേപ്പ് റെക്കോർഡറിൽ അവർ ഈണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് പെട്ടെന്ന് ഒരാശയം ഉദിച്ചു. ഞാൻ ആ ഈണത്തിനൊപ്പം ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന് പാടി നോക്കി. സിനിമയുടെ ചിത്രീകരണം കൊടൈക്കനാലിൽ വച്ചാണ് നടത്തുന്നത് എന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ മഴയെ മഞ്ഞാക്കി മാറ്റി. കാരണം അവിടെ മഞ്ഞ് ആണല്ലോ കൂടുതലുള്ളത്. അല്ലായിരുന്നെങ്കിൽ മഴയിൽ നനഞ്ഞ പൂവ് ആകുമായിരുന്നു. അങ്ങനെ അന്ന് കുട എടുക്കാതെ മഴ നനഞ്ഞപ്പോൾ ആ ഗാനം പിറന്നു.’

‘മിഴിയോരം നനഞ്ഞൊഴുകും

മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ

പറയൂ നീ ഇളം പൂവേ.....’

ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980–ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’. ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും വരികളൊരുക്കിയത് ബിച്ചു തിരുമലയാണ്. ജെറി അമൽദേവ് സംഗീതം പകർന്ന ഗാനം ആലപിച്ചത് കെ.ജെ യേശുദാസ്. മഞ്ചാടിക്കുന്നിൽ, മഞ്ഞണി കൊമ്പിൽ എന്നിവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ. ബിച്ചു തിരുമലയുടെ ഓരോ ഗാനത്തിനും പിന്നിൽ ഓരോ കഥയുണ്ട്, ജീവിതാനുഭവങ്ങളുണ്ട്. കുട്ടിക്കാലത്ത് ചെറു ഗാനങ്ങൾ എഴുതുമായിരുന്നെങ്കിലും വളരെ അവിചാരിതമായിട്ടാണ് ചലച്ചിത്ര സംഗീത മേഖലയിലേക്ക് കടന്നു വന്നതെന്ന് ബിച്ചു തിരുമല പറയുന്നു. ആ അപ്രതീക്ഷിത കടന്നു വരവിലൂടെ മലയാളത്തിന് ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com