ADVERTISEMENT

മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ ചന്ദനമണിവാതിൽ തുറന്നിട്ട പാട്ടുകാരനാണ് ജി. വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രണയാർദ്ര ശബ്ദത്തിൽ ഗൃഹാതുരത്വമുണർത്തുന്ന ഒരു പാട്ടു കൂടി. ഒരു മഴയായ് ശ്രോതാക്കളുടെ മനസിൽ പെയ്തിറങ്ങുകയാണ് ആ ഗാനം. 

മഴയുടെ മിഴികളിൽ മഷിയെഴുതിയിട്ട്

പിന്നാരാരുമറിയാതെ നീ മറഞ്ഞു

രശ്മി പ്രകാശ് വരികളെഴുതി ഗിരീഷ് സൂര്യനാരായൺ സംഗീതം നൽകി ജി. വേണുഗോപാൽ ആലപിച്ച ഗാനത്തിൽ നിറയെ മഴയും പ്രണയവുമാണ്. ബ്രിട്ടിഷ് മലയാളിയും എഴുത്തുകാരിയുമായ രശ്മി പ്രകാശിന്റെ, ഗായകൻ ജി. വേണുഗോപാലുമൊത്തുള്ള രണ്ടാമത്തെ സംഗീത സംരംഭമാണ് ‘മഴയുടെ മിഴികൾ’ എന്ന  ആൽബം. പാട്ടെഴുത്തുകാരിയെക്കുറിച്ച് വേണുഗോപാലിന്റെ ആമുഖത്തിലുണ്ട് ഒരു മഴപ്പെയ്ത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട്, ബാല്യവും കൗമാരവും പൂവൻതുരുത്ത് എന്ന കോട്ടയത്തെ മനോഹരമായൊരു ഉൾനാടൻ ഗ്രാമത്തിൽ ചെലവഴിച്ച രശ്മിക്ക് വെള്ളവും മഴയും തന്റെ കവിതകളിലെ നിതാന്ത സ്രോതസ്സുകളാണ്. കവയത്രിയുടെ കൗമാരം പെയ്തു നിറച്ച മഴയാണ് ഈ ഗാനത്തിന് നിദാനം!’

അപ്രതീക്ഷിതമായി വന്നു കുറുമ്പുകാട്ടി പോകുന്ന മഴയ്ക്കൊപ്പമുള്ള ബാല്യകൗമാരങ്ങളെക്കുറിച്ചാണ് ‘മഴയുടെ മിഴികൾ’ എന്ന ഗാനം. അവിടെ മഴ തന്നെ ആദ്യ പ്രണയമാകുന്നു. ഓർമകളിലേക്കുള്ള ഈ തിരിച്ചുനടത്തത്തിൽ കവിക്കൊപ്പം ഗായകനും പങ്കുചേരുന്നു. 

ഗായകൻ വേണുഗോപാലിനൊപ്പമുള്ള സംഗീതയാത്രയെക്കുറിച്ചും പുതിയ ആൽബത്തെക്കുറിച്ചും രശ്മി പ്രകാശ് സംസാരിക്കുന്നു.  

‘ആദ്യം വരികൾ കാണട്ടെ’

ചെറുപ്പം മുതലേ എഴുതുമായിരുന്നു. സ്കൂൾ മാഗസിനിലൊക്കെ എല്ലാവരും എഴുതില്ലേ, അതുപോലെയായിരുന്നു ഞാനും തുടങ്ങിയത്. അങ്ങനെ എഴുതാത്തവർ ചുരുക്കമായിരിക്കും. കുറച്ചു മുതിർന്നപ്പോൾ, എഴുതുന്നത് ആൾക്കാരെ കാണിക്കാൻ ചമ്മലും പേടിയുമൊക്കെ ആയിരുന്നു. പിന്നെപ്പിന്നെ ആത്മവിശ്വാസം വന്നു. വേണുവേട്ടനെ വളരെ നാളുകളായി അറിയാം. ഞങ്ങളുടെ കുടുംബസുഹൃത്തു കൂടിയാണ് അദ്ദേഹം. ആദ്യം ആൽബം ചെയ്യുന്നതിനെക്കുറിച്ച് വേണുവേട്ടനോടു സംസാരിച്ചപ്പോൾ വരികൾ കണ്ടിട്ട് തീരുമാനിക്കാമെന്നായിരുന്നു മറുപടി. വരികൾ കണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ അതിനു സംഗീതം നൽകി. ആദ്യം ചെയ്തത് മഴനൂൽക്കനവ് എന്ന ആൽബമാണ്. അതു സമൂഹമാധ്യമങ്ങളിൽ നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വല്ലാത്ത ഒരു ഫീലാണ് ഈ ഗാനം

മഴനൂൽക്കനവിൽനിന്നു തികച്ചും വ്യത്യസ്തമായിരിക്കണം രണ്ടാമത്തെ ആൽബം എന്നു വേണുവേട്ടനും ഞങ്ങൾക്കും നിർബന്ധമുണ്ടായിരുന്നു. ഈ കവിത എഴുതിയിട്ട് ഒരുപാടു നാളായി. അതിനു വ്യത്യസ്തമായ സംഗീതം കൊടുക്കണമെന്നു തോന്നി. അങ്ങനെയാണ് സംഗീതസംവിധായകൻ ഗിരീഷ് സൂര്യനാരായണനിലേക്ക് എത്തുന്നത്. കൺടംപററി ശൈലിയിലാണ് പാട്ടു ചെയ്തിരിക്കുന്നത്. ഗാനം ചിത്രീകരിച്ചത് പെരുമ്പാവൂരിലെ ഇരിങ്ങോൾ കാവിലായിരുന്നു. ഒരാഴ്ച അവധിക്ക് ഞങ്ങൾ നാട്ടിൽ വന്നു, ഷൂട്ട് ചെയ്തു. ഒരു വല്ലാത്ത ഫീലാണ് ഈ ഗാനത്തിന്. മഴ പെയ്തൊഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ ഷൂട്ട്. ആ ഇരുട്ട്, പച്ചപ്പ്... അതൊക്കെ വളരെ ഭംഗിയായി കിട്ടിയിട്ടുണ്ട്.

മഴയിൽ എത്തുന്ന വരികൾ

എന്റെ എഴുത്തിൽ എപ്പോഴും മഴയുണ്ട്. പല ഭാവങ്ങളിൽ പെയ്തൊഴിയുന്ന മഴ. മേഘങ്ങൾക്കിടയിലൂടെ മരങ്ങൾക്ക് മേലെ ചിറകുകൾ വിതർത്തി പെയ്യുന്ന മഴ. മുല്ലവള്ളിയുടെ തളിരിലകളോട് കിന്നാരം പറഞ്ഞു പതിയെ മുല്ലവള്ളി പുണർന്നു നിൽക്കുന്ന കിളിഞ്ഞിലിന്റെ ഉടലിൽ കുരുങ്ങി ഒഴുകിയൊഴുകി താഴെ പുഞ്ചിരിതൂകി നിൽക്കുന്ന കൃഷ്ണതുളസിയിൽ ഉമ്മ വച്ച് മുറ്റത്തെ പഞ്ചാരമണലിൽ മറയുന്ന മഴ. ഞാൻ എഴുതുമ്പോൾ എങ്ങനെ കറങ്ങിത്തിരിഞ്ഞാലും മഴയിൽ തന്നെ ചെന്നെത്തും. അത് എങ്ങനെയാണെന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ തീരുമാനിച്ച് എഴുതുന്നതൊന്നുമല്ല. ഈ ആൽബം ചെയ്യാൻ തുടങ്ങിയപ്പോൾ എന്നോടു വീട്ടുകാരും ചോദിച്ചു, കറങ്ങിത്തിരിഞ്ഞ് മഴയിൽ തന്നെ എത്തിയല്ലേ എന്ന്. അടുത്ത പ്രൊജക്ട് ആവുമ്പോഴേക്കും എങ്ങനെയെങ്കിലും കുറച്ച് വെയിൽ കൊണ്ടുവരണമെന്നാണ് അവരുടെ കമന്റ്. 

യുകെയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എച്ച്ഡിയു നഴ്സ് ആണ് രശ്മി പ്രകാശ്. യുകെയിലെ സാംസ്കാരിക പരിപാടികളിലും സജീവമാണ്. ലണ്ടന്‍ മലയാളം റേഡിയോയില്‍ മാണിക്യവീണ എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ (നോവെല്ലകൾ), ഏകം (കവിതാ സമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് രാജേഷ് കരുണാകരനും മകൻ ആദിത്യ തേജസിനുമൊപ്പം യുകെയിലെ കൊവൻട്രിയിലാണ് താമസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com