ADVERTISEMENT

വയനാട്ടിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച ഷഹ്‌ല ഷിറിന്‍ കേരളത്തിന് എന്നും വിങ്ങുന്ന നോവാണ്. ആ കുഞ്ഞിനു നീതി ലഭിക്കാൻ ശബ്ദമുയർത്തിയ സഹപാഠികൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിൽ എടുത്തു പറയേണ്ട പേരാണ് നിദ ഫാത്തിമ. സഹപാഠിക്കു വേണ്ടി ഉറച്ച ശബ്ദത്തിൽ പോരാടിയ നിദ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. നിരവധി പ്രമുഖ വ്യക്തികള്‍ നിദയെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗായിക സിത്താര കൃഷ്ണകുമാർ നിദയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ, നിദ മലാല യൂസഫ്സായിയെ ഓർമിപ്പിക്കുന്നുവെന്നാണ് പറഞ്ഞത്.

സിത്താരയുടെ കുറിപ്പിന്റെ പൂർണരൂപം: 

‘ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിദ എന്ന മിടുമിടുക്കിയെ പലതവണയായി വാർത്തകളിലും ഫെയ്സ്ബുക് പേജുകളിലും വാട്സാപ്പ് ഫോർവേഡുകളിലും എല്ലാം കാണുന്നു. മലാലയെ ഓർത്തുപോയി. അഭിമാനവും ആവേശവുമാണ് ഈ കുഞ്ഞുങ്ങൾ. പക്ഷേ കൂടെ ചെറിയ ഒരു ആശങ്ക കൂടി തോന്നാതിരുന്നില്ല. അവരൊക്കെ കുഞ്ഞുങ്ങളാണ്, സത്യസന്ധമായും ഏറ്റവും ശുദ്ധമായും ആണ് അവർ ചിന്തിക്കുന്നത്, പറയുന്നത്, പ്രവർത്തിക്കുന്നത്. അവരെ സ്വാഭാവികമായി വളരാനുള്ള ഒരു സാഹചര്യം പോലും നമ്മൾ വളഞ്ഞിട്ട് ചോദ്യം ചോദിച്ചും ഉത്തരം പറയിപ്പിച്ചും കളയുന്നതായി തോന്നി. അവരോടു സംസാരിക്കാനുള്ള ഭാഷ പോലും വശമില്ല ചോദിക്കുന്ന പലർക്കും, അത്രമേൽ ചുറ്റുവട്ടങ്ങളെ കുറിച്ച് ബോതേർഡ്‌ ആണ് നമ്മൾ മുതിർന്നവർ.

ഇതുമായി വലിയ ബന്ധമില്ലാത്ത ഒന്നാണെങ്കിലും പറഞ്ഞോട്ടെ, ഞാനും എന്റെ സുഹൃത്തും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പാട്ടുകൾ, പറച്ചിലുകൾ എല്ലാം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. വളരെ സ്വകാര്യമായ ഒരു സന്തോഷമാണത്. പക്ഷേ ചിലപ്പോഴെങ്കിലും തോന്നാറുണ്ട്, ഇനി ഒരിക്കലും അതാവർത്തിക്കില്ല എന്ന്. നിങ്ങളുടെ സങ്കല്പങ്ങളുടെ, പ്രതീക്ഷകളുടെ ഭാരം മുഴുവൻ നിങ്ങൾ കുഞ്ഞുങ്ങളുടെ മുകളിൽ സ്നേഹം എന്ന പേരിൽ വച്ചുകെട്ടുകയാണ്. നിങ്ങൾ മനസ്സിൽ ഒരു സ്വർണ്ണക്കൂടുണ്ടാക്കി അതിൽ അവരെ ഇരുത്തുന്നു. നിങ്ങൾ സങ്കല്പിക്കുന്നതിലും നിന്ന് മാറി അവർ എന്തെങ്കിലും പറഞ്ഞാൽ, പാടിയാൽ, ധരിച്ചാൽ ആ നിമിഷം അവർ നിങ്ങൾക്ക് നികൃഷ്ടരും ശത്രുക്കളും ആയി. ഇതിലപ്പുറം എന്താണ് സോഷ്യൽ മീഡിയ ചെയ്യുന്നത്. മുതിർന്നവരോട് ആവോളം നീതികേട്‌ കാണിക്കുന്നുണ്ട്. അതുപോട്ടെ, കുഞ്ഞുങ്ങളെ വെറുതെ വിടാം... അവർ പ്രകൃതിയുടേതാണ്, അവർ പറയട്ടെ, പാടട്ടെ, പറക്കട്ടെ !!’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com