ADVERTISEMENT

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലെ ‘സഖിയേ’ എന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ യൂട്യൂബ് ട്രെൻഡിങ്ങിൽ. ബി.കെ.ഹരിനാരായണന്റേതാണ് വരികൾ. രതീഷ് വേഗ ഈണം പകർന്ന ഗാനം ഹരിചരൺ ആലപിച്ചു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും രതീഷ് വേഗയാണ്. പുതിയ ഗാനത്തിന്റെ വിജയം അപ്രതീക്ഷിതമാണെന്ന് രതീഷ് വേഗ മനോരമ ഓൺലൈനിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ:

 

‘ഒരുപാട് നാളുകൾക്കു ശേഷമാണ് എന്റെ ഒരു പാട്ട് ട്രെൻഡിങ്ങിൽ വരുന്നത്. എല്ലാം ഈശ്വരാനുഗ്രഹം എന്നേ പറയാനുള്ളു. ആറ്റുമണൽ പായയില്‍, മഴനീർത്തുള്ളികൾ എന്നീ ഗാനങ്ങളൊക്കെ ട്രെന്‍ഡിങിൽ ഇടം നേടിയിരുന്നു. വളരാനും തളരാനും ഒക്കെ ഒരു കാലമുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.  നന്നാകണം എന്നു വിചാരിച്ചാണ് ഓരോ പാട്ടും ചെയ്യുന്നത്. അല്ലാതെ മുൻധാരണകൾ വയ്ക്കാറില്ല. കാരണം പ്രേക്ഷകർ ഏതാണു സ്വീകരിക്കുക എന്നു മുൻകൂട്ടി പറയാൻ സാധിക്കില്ല. അവരുടെ അഭിരുചികൾ വ്യത്യസ്തമായിരിക്കും. ഓരോ പാട്ടു ചെയ്യുമ്പോഴും മനസ്സിൽ ഒരു പ്രതീക്ഷ വയ്ക്കാറുണ്ട്. ഈ പാട്ട് ഇത്ര ഹിറ്റായത് വളരെ അപ്രതീക്ഷിതമാണ്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത് ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും പാട്ട് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുക എന്നത് വളരെ സന്തോഷവും അഭിമാനവും നൽകുന്നു. ആറ്റുനോറ്റിരുന്നിട്ട് ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷമാണ് എനിക്കിപ്പോൾ. ഒരുപാട് നാളുകൾക്കു ശേഷം എന്റെ ഫോണിലേക്ക് ഇടവേളകളില്ലാതെ കോളുകൾ വരികയാണ്. ഓരോരുത്തരും വിളിച്ച് പ്രശംസിക്കുമ്പോൾ ഇത്രയും കാലം ഞാൻ ഇവിടെ ഇല്ലായിരുന്നോ എന്ന് എനിക്കു തന്നെ തോന്നുകയാണ്. 

 

പാട്ടിൽ ഒരു ചെറിയ സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇത് ഹിറ്റായതിൽ എനിക്ക് ഒരുപാടുപേരോട് നന്ദി പറയാനുണ്ട്. ഹരിനാരായണൻ അതിമനോഹരമായ വരികളാണ് എഴുതിയത്. ഹരിചരൺ ഗാനം ഹൃദ്യമായി ആലപിച്ചു. ഇതിനു മുൻപും എന്റെ പാട്ടു മിക്സ് ചെയ്ത സൗണ്ട് എൻജിനീയർ ബാലു തങ്കച്ചൻ ആണ് ഈ പാട്ടും മിക്സ് ചെയ്തത്. അവരോടെല്ലാം പ്രത്യേകം നന്ദി പറയുന്നു. ഈ പാട്ടിനൊപ്പം ഞാൻ മറ്റൊരു പാട്ടു കൂടി ചെയ്തിരുന്നു. അവയിൽ ഏതാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് കുറേ ആലോചിച്ചു. ഒടുവിൽ സംവിധായകൻ രാജേഷ് മോഹനനും ജയേട്ടനും (ജയസൂര്യ)യും ചേർന്നാണ് ഈ പാട്ട് തിരഞ്ഞെടുത്തത്. ഇതു നന്നായിരിക്കും എന്നു പറഞ്ഞ് രാജേഷ് മോഹനൻ എനിക്ക് ആത്മവിശ്വാസം നൽകി. അങ്ങനെയാണ് ഈ പാട്ട് പുറത്തു വന്നത്. അപ്രതീക്ഷിതമായി ലഭിച്ച ഈ നേട്ടത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു.’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com