ADVERTISEMENT

‘ശാസ്‌ത്രം ജയിച്ചു, മനുഷ്യൻ തോറ്റു’ (1973) എന്ന സിനിമയുടെ സംഗീതം ചെയ്യുന്ന സമയം. ദക്ഷിണാ മൂർത്തിസ്വാമിയാണു സംഗീത സംവിധായകൻ. ആറ് പാട്ടുകളാണു ചിത്രത്തിൽ. ഗാനരചന ശ്രീകുമാരൻ തമ്പി. ആറാട്ടിനാനകൾ എഴുന്നള്ളി... യേശുദാസും ചന്ദനത്തിൽ കടഞ്ഞെടുത്തൊരു.... ജയചന്ദ്രനും പാടട്ടെ എന്നു ദക്ഷിണാ മൂർത്തി തീരുമാനിച്ചു. ചിത്രത്തിലെ ഏറ്റവും ഭാവസുന്ദരമായ ‘താരക രൂപിണി...’ പാടാൻ സ്വാമി തിരഞ്ഞെടുത്തതു അന്നത്തെ യുവഗായകൻ കെ.പി. ബ്രഹ്‌മാനന്ദനെയാണ്. 

 

നിർമാതാവ് ടി.ഇ. വാസുദേവന് അത്  ഇഷ്‌ടപ്പെട്ടില്ല. യേശുദാസോ ജയചന്ദ്രനോ പാടിയാൽ മതിയെന്നായി നിർമാതാവ്. താരതമ്യേന പുതുമുഖമായ ബ്രഹ്‌മാനന്ദൻ പാടുന്നത് ഗാനങ്ങളുടെ വ്യാപാര സാധ്യത കുറയ്‌ക്കുമെന്നായിരുന്നു നിർമാതാവിന്റെ പക്ഷം. ബ്രഹ്‌മാനന്ദൻ ഈ പാട്ടു പാടിയതിന്റെ പേരിൽ ചിത്രത്തിന് എന്തെങ്കിലും സാമ്പത്തിക നഷ്‌ടം ഉണ്ടായാൽ അതു താൻ വഹിക്കുമെന്നു സ്വാമി പറഞ്ഞു. ബ്രഹ്‌മാനന്ദൻ ഈ പാട്ടു പാടുന്നില്ലെങ്കിൽ സംഗീത സംവിധാനത്തിനു വേറെ ആളെ നോക്കിക്കൊള്ളാനും സ്വാമി വെട്ടിത്തുറന്നു പറഞ്ഞു. ആ നിലാടിൽ നിർമാതാവ് വഴങ്ങി.

അങ്ങനെയാണു ബ്രഹ്‌മാനന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘താരക രൂപിണീ നീയെന്നുമെന്നുടെ ഭാവനരോമാഞ്ചമായിരിക്കും... ’ പിറക്കുന്നത്. പ്രണയവും വിഷാദവും സമം കലർന്ന ബ്രഹ്‌മാനന്ദന്റെ ശബ്‌ദത്തിലല്ലാതെ ഈ ഗാനം നമുക്ക് ഇന്ന് ആലോചിക്കാൻ കഴിയുമോ? ശബ്‌ദനിയന്ത്രണത്തിലും ഭാവസന്നിവേശത്തിലും ഉച്ചാരണത്തിലുമൊക്കെ മാതൃക. സിന്ധുഭൈരവി രാഗത്തിൽ ഒരു ക്ലീൻ പ്രണയഗാനം. 

 

എന്തായാലും ചിത്രം ഇറങ്ങിക്കഴിഞ്ഞപ്പോൾ നിർമാതാവിന്റെ നിലപാടു മാറി. താരക രൂപിണി സൂപ്പർ ഹിറ്റായി. ‘ദക്ഷിണാ മൂർത്തി അന്ന് അത്ര കടുത്ത നിലപാട് എടുത്തില്ലായിരുന്നെങ്കിൽ അച്‌ഛന് ഈ ഹിറ്റ് ലഭിക്കില്ലായിരുന്നെ’ന്നു മകനും ഗായകനുമായ രാകേഷ് ബ്രഹ്‌മാനന്ദൻ സ്‌മരിക്കുന്നു.

നിർഭാഗ്യവാനായിരുന്നു പക്ഷേ, ബ്രഹ്‌മാനന്ദൻ.  അന്ന് യേശുദാസും ജയചന്ദ്രനും പാടിയശേഷം മിച്ചംവരുന്നതു വല്ലതുമുണ്ടെങ്കിൽ മാത്രമാണ് ബ്രഹ്‌മാനന്ദനു ലഭിച്ചിരുന്നത്. എന്നിട്ടും തന്റെ പ്രതിഭകൊണ്ട് അദ്ദേഹം അതെല്ലാം തന്നെ ഹിറ്റുകളാക്കി. മാനത്തെ കായലിൻ (കള്ളിച്ചെല്ലമ്മ – സംഗീതം കെ. രാഘവൻ, രചന പി. ഭാസ്‌കരൻ ), പ്രിയമുള്ളവേ (തെക്കൻ കാറ്റ് – എ.ടി. ഉമ്മർ, പി. ഭാസ്‌കരൻ), നീലനിശീഥിനി (സിഐഡി നസീർ– എം.കെ. അർജുനൻ, ശ്രീകുമാരൻ തമ്പി ), താമരപ്പൂ നാണിച്ചു (ടാക്‌സി കാർ–ആർ.കെ. ശേഖർ, ശ്രീകുമാരൻ തമ്പി)  തുടങ്ങിയവയൊക്കെ ഉദാഹരണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com