ADVERTISEMENT

ആലാപന ശൈലിയിലൂടെ സംഗീതപ്രേമികളെ എക്കാലവും ആകർഷിച്ച മലയാളത്തിന്റെ ഭാവഗായകൻ ജി.വേണുഗോപാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തിൽ തിരുവനന്തപുരം പുലയനാർകോട്ടയിലെ വൃദ്ധസദനത്തിലായിരുന്നു ഗായകൻ. അനാഥരാക്കപ്പെട്ട വൃദ്ധമാതാപിതാക്കൾക്കൊപ്പം ഇത് ആദ്യമായല്ല ഭാവഗായകൻ പിറന്നാൾ ആഘോഷിക്കുന്നത്. അവർക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചും ആ അനുഭവം സമ്മാനിച്ച പിറന്നാൾ മധുരത്തെക്കുറിച്ചും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ: 

 

ഇതാറാമത്തെ വർഷമാണ് തുടർച്ചയായി ജന്മദിനം ഇവിടെ കൂടുന്നത്. അനാഥരായ അഛനമ്മമാരോടൊപ്പം സംഗീതം, ആഘോഷം, ഊണ്, എന്നതിന് പുറമേ ഇതൊരു തുടക്കം കൂടിയാകുന്നു എനിക്ക്. പുതുവർഷം ഇവിടെ നിന്നാണെനിക്ക് തുടങ്ങുന്നത്. സ്വയം വിലയിരുത്തലും! ജീവിതത്തിന്റെ സായാഹ്നത്തിൽ വ്യക്തിപരമായി വിലപ്പെട്ട പലതും നഷ്ടപ്പെട്ടവരാണിവരിൽ എല്ലാവരും. മുൻപിൽ ശൂന്യത മാത്രം. എത്രയോ ചവർപ്പ് കുടിച്ച് വറ്റിച്ചിട്ടും ഇത്തിരി ശാന്തിതൻ ശർക്കര നുണയുവാനാകാതെ ഉഴറുന്ന അച്ഛനമ്മമാരുടെയടുത്തേക്കാണ് "സസ്നേഹം " പിറന്നാൾ മധുരവും കലാപരിപാടികളുമായി ചെല്ലുന്നത്. അവർ എനിക്കേകുന്ന മധുരമാണ് എന്റെ അടുത്ത വർഷത്തേക്കുള്ള ഊർജ്ജം. സ്വന്തം തോർത്തിനറ്റത്ത് തുന്നിപ്പിടിപ്പിച്ച പൂക്കളും, റിബ്ബണുകൾ തുന്നിച്ചേർത്ത പതക്കവും, ന്യൂസ് പേപ്പർ കൊണ്ടുണ്ടാക്കിയ പാരിതോഷികങ്ങളുമൊക്കെ അവർ എനിക്ക് നൽകും. എനിക്കിതേവരെ കിട്ടിയിട്ടുള്ളതിൽ വച്ചേറ്റവും അമൂല്യമായ സമ്മാനങ്ങളാണവയൊക്കെ. 

 

ഇത്തവണ " സസ്നേഹ ''ത്തിലെ 30 അംഗങ്ങൾ അനാഥമന്ദിരത്തിലുണ്ടായിരുന്നു. എന്നെ അതിശയിപ്പിക്കുന്ന, ആദരവുളവാക്കുന്ന വ്യക്തിത്വങ്ങളാണവരോരുത്തരും. നിസ്വാർത്ഥത ആണവരുടെ ജീവമന്ത്രം. സസ്നേഹത്തിനൊരു പൊതു സ്വഭാവമുണ്ട്. "ഞാൻ" എന്നൊരു വാക്കോ ഭാവമോ ആർക്കുമില്ല. ഒരു സാധാരണ സംഘടനയുടെ hierarchy ഇവിടില്ല. പ്രസിഡണ്ടും, സെക്രട്ടറിയും, ഘജാൻജിയും എക്സി അംഗങ്ങളുമില്ല. എന്നാലും കൃത്യമായ ചുമതലകൾ ഓരോരുത്തരും കൃത്യമായി നിർവ്വഹിക്കുന്നു. ഞാനുൾപ്പെടെ എല്ലാവരും ഒരുപോലെ കുറവുകളുള്ളവർ. 'സസ്നേഹം' വെറുമൊരു online സന്നാഹമല്ല - ഇത് ഫീൽഡ് വർക്ക് മാത്രമാണ്. പൂർണ്ണമായ സമർപ്പണത്തോടെ. ആശയങ്ങളുടെ, ഉദ്ദേശ്യങ്ങളുടെ, ഒരു രൂപരേഖ മാത്രമേ ഞാൻ വരച്ചുകാട്ടാറുള്ളൂ. അവയുടെ സാക്ഷാത്കാരം മുഴുവൻ സസ്നേഹം അംഗങ്ങളുടെ സമയവും പ്രയത്നവുമാണ്. അതിൽ ആരും പേരെടുത്ത് പറയുന്നത് ഇഷ്ടപ്പെടാത്തവരായത്കൊണ്ട് മാത്രം ഞാൻ വ്യക്തിപരമായ നന്ദി പ്രകടനത്തിന് മുതിരുന്നില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com