ADVERTISEMENT

അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറെ ഏറ്റുവാങ്ങിയ ‘മാൻഹോൾ’ എന്ന സിനിമയ്ക്കു ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ ഇന്ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വർക്കി ഈണമിട്ട ഗാനങ്ങളിൽ മൂന്നെണ്ണം പാടിയത് സയനോരയാണ്. നിമിഷ സജയൻ‌, രജിഷ വിജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷയ്ക്കു വേണ്ടി ശബ്ദം നൽകിയതും സയനോരയാണ്. തന്റെ ഡബ്ബിങ് അനുഭവം സയനോര മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:

 

സ്റ്റാൻഡ് അപ്പിൽ മൂന്നു ഗാനങ്ങൾ ‍ഞാനാണ് പാടിയത്. നിമിഷ സജയന് ശബ്ദവും കൊടുത്തു. ചിത്രത്തിൽ നിമിഷ സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന ആളായാണ് വേഷമിടുന്നത്. എനിക്ക് ഡബ്ബിങ് വളരെ ഇഷ്ടമാണ്. സൗമ്യ സദാനന്ദന്റെ ‘റാബിറ്റ് ഹോൾ’ എന്ന ഹ്രസ്വചിത്രത്തിനു വേണ്ടിയാണ് ഞാൻ ആദ്യമായി ശബ്ദം കൊടുത്തത്. അതും സ്റ്റാൻഡ് അപ്പ് കോമഡി അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു. ‌അതിനു ശബ്ദം കൊടുക്കാൻ വളരെ അപ്രതീക്ഷിതമായാണ് എനിക്ക് അവസരം ലഭിച്ചത്. ഞാനും സൗമ്യയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കൾ വെറുതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്തോ തമാശ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു. അപ്പോൾ സൗമ്യ മാത്രം എന്നെ നോക്കിയിരുന്നു. എന്നിട്ട് ‘നീ ഡ‍ബ്ബ് ചെയ്യുമോ’ എന്ന് എന്നോടു ചോദിച്ചു. ‘എനിക്ക് അതിനെക്കുറിച്ച് കാര്യമായി അറിയില്ല. പിന്നെ ശ്രമിച്ചു നോക്കാം’ എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് റാബിറ്റ് ഹോളിനു ശബ്ദം കൊടുത്തത്. 

 

അതിനു ശേഷം ശ്യാമപ്രസാദ് സാറിന്റെ ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ തൃഷയ്ക്കു വേണ്ടിയും ശബ്ദം കൊടുത്തു. അതിൽ ഞാൻ പാടിയിട്ടുമുണ്ട്. പാട്ടിന്റെ റെക്കോർഡിങ്ങിനു പോയപ്പോൾ, തൃഷയ്ക്കു ശബ്ദം കൊടുക്കാൻ ഒരാളെ തിരയുകയാണെന്ന് സാർ പറഞ്ഞു. ഒന്നു ശ്രമിച്ചു നോക്കാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അവസരങ്ങൾ കിട്ടുമ്പോൾ ഞാൻ ഒരിക്കലും പറ്റില്ല എന്നു പറയാറില്ല. ശ്രമിക്കാം എന്നാണ് പറയുക. അങ്ങനെ തൃഷയ്ക്കു ശബ്ദം കൊടുത്തു. വളരെ നന്നായിട്ടുണ്ടെന്നു പറഞ്ഞ് തൃഷ എനിക്കു മെസേജ് അയച്ചിരുന്നു. ഒരു അവസരം കിട്ടുമ്പോഴല്ലേ നമുക്ക് അങ്ങനൊരു കഴിവുണ്ടെന്ന് മനസ്സിലാകുന്നത്. സ്റ്റാൻഡ് അപ്പിന്റെ ഡബ്ബിങ് വേളയിൽ ഭാഗ്യലക്ഷ്മി ചേച്ചി സ്റ്റുഡിയോയിൽ വന്നിട്ടുണ്ടായിരുന്നു. അപ്പോൾ ചേച്ചി ഒരുപാട് ടിപ്സ് പറഞ്ഞു തന്നു. അത് ഒരുപാടു സഹായമായി. ഞാൻ ഡബ്ബ് ചെയ്തത് ചേച്ചിക്ക് ഒരുപാട് ഇഷ്ടമായി എന്നും പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com