ADVERTISEMENT

പൈതലാം യേശുവേ..., പുതിയൊരു പുലരി... തുടങ്ങിയ മനോഹരമായ ക്രിസ്‌മസ് ഗാനങ്ങൾ സംഗീതം ചെയ്ത ഫാ. ജസ്റ്റിൻ പനയ്ക്കൽ പിന്നീട് കാര്യമായി സംഗീതരംഗത്ത് പ്രവർത്തിച്ചില്ല. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന് നൂറു കണക്കിനു ഹിറ്റുകൾ സൃഷ്ടിക്കാമായിരുന്നു. എന്തുകൊണ്ട്  ചെയ്തില്ല? ആ ജീവിതമാണ് അതിനുള്ള ഉത്തരം.

 

എറണാകുളം കുമ്പളങ്ങി പനയ്ക്കൽ വീട്ടിൽ ജോബിന്റെ മകൻ ജസ്റ്റിന്റെ സംഗീതഗുരു അമ്മ ഇസബേൽ തങ്കമ്മയായിരുന്നു. ഇസബേലിന്റെ സഹോദരിമാർ സംഗീതാധ്യാപികമാർ ആയിരുന്നു. അവരിൽനിന്നു കേട്ടു പഠിച്ചതൊക്കെ മകനെ അവർ പാടിപ്പഠിപ്പിച്ചു. അടുത്തുള്ള സിനിമാ കൊട്ടകയിൽനിന്ന് ഉയരുന്ന ഹിന്ദി പാട്ടുകൾ കേട്ടുപഠിച്ചു സ്കൂളിൽ ചെന്നു പാടുന്നതായിരുന്നു കൊച്ചുജസ്റ്റിന്റെ വിനോദം. അക്കാലത്താണ് നൗഷാദ് എന്ന സംഗീതസംവിധായകന്റെ ആരാധകനാവുന്നത്. ഇന്ന് എൺപതുവയസ്സു പിന്നിടുമ്പോഴും നൗഷാദിനോടുള്ള ആരാധന  അച്ചനു കടുത്തിട്ടേയുള്ളൂ.

 

1984ൽ നൗഷാദിനെ യാദൃഛികമായി കാണാൻ കഴിഞ്ഞു. മുംബൈയിലെ ബാന്ദ്രയിലെ കാർട്ടർ റോഡിലെ ഒരു ആശ്രമം സന്ദർശിച്ചപ്പോഴാണ് തൊട്ടടുത്താണ് നൗഷാദിന്റെ വീടെന്ന് അറിഞ്ഞത്. നേരെ ‘ആഷിയാന’യിലേക്കു ചെന്നു. അദ്ദേഹമുണ്ടായിരുന്നു അവിടെ. താണു വണങ്ങി. ആ കരങ്ങൾ ചുംബിച്ചു. ഒരു അദ്ഭുതം അപ്പോഴുമുണ്ടായി. ഒരു പാട്ടുപാടാൻ നൗഷാദ് പറഞ്ഞു. അച്ചൻ ബൈജു ബാവ്‌രയിലെ ‘ഓ ദുനായാ കേ രഖ്‌വാലേ...’ പാടി. നൗഷാദ് വീടിനകത്തെ റിക്കോർഡിങ് റൂമിലേക്ക് വിളിച്ചുകൊണ്ടു പോയി. അവിടെ റഫിക്കും ലതാ മങ്കേഷ്കറിനും മാത്രം നൽകിയിരുന്ന കസേരയിൽ ഇരുത്തി. 

 

‘പിന്നീട് എല്ലാ വർഷവും ഞാൻ നൗഷാദിനെ സന്ദർശിക്കുമായിരുന്നു. ‘സ്നേഹപ്രവാഹം’ ഇറങ്ങിയപ്പോൾ കൊണ്ടുപോയി കേൾപ്പിച്ചു. 12 പാട്ടും അദ്ദേഹം ഒറ്റിയിരിപ്പിനു കേട്ടു. അദ്ദേഹത്തിന് വളരെ ഇഷ്ടമായി. മരിക്കുന്നതിന് ആറുമാസം മുൻപുവരെ ഞങ്ങൾ കണ്ടിരുന്നു.’ അച്ചൻ പറയുന്നു.

യേശുദാസ് ശബരിമല ദർശനം നടത്തിയ കാലത്ത് ക്രിസ്ത്യൻ സഭയുടെ പല കോണുകളിൽനിന്ന് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.  അക്കാലത്ത് കുവൈറ്റിൽ നടത്തിയ ഒരു ബൈബിൾ പ്രഭാഷണത്തിനിടയ്ക്ക് യേശുദാസിന്റെയും ലതാ മങ്കേഷ്കറിന്റെയും ആലാപന മഹത്വത്തെപ്പറ്റി ഫാ. ജസ്റ്റിൻ പരാമർശിച്ചിരുന്നു. പിറ്റേന്ന് യേശുദാസിന്റെ പരിപാടി കുവൈറ്റിൽ ഉണ്ടായിരുന്നു. ‘അയ്യപ്പദാസ്’ എന്നുവരെ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന അക്കാലത്ത്, തന്നെ പ്രശംസിച്ചു സംസാരിച്ച പുരോഹിതനെ കാണാൻ യേശുദാസ് താൽപ്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഈ കൂട്ടുകെട്ടു പിറക്കുന്നതും തരംഗിണിയുടെ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ആൽബങ്ങളിൽ അച്ചൻ സംഗീതസംവിധാനം നിർവഹിക്കുന്നതും. ഫാ. ജസ്റ്റിന്റെ 29 പാട്ടുകളിൽ 25ഉം പാടിയത് യേശുദാസ് ആണ്.  മനോരമ മ്യൂസിക്കിന്റെ ‘ആത്മദാനം’ എന്ന ആൽബത്തിൽ ബിജു നാരായണൻ പാടിയ ‘എന്നെ നയിക്കും നല്ലോരിടയൻ...’ എന്നതാണ് അവസാനം ചെയ്ത സംഗീതം. 

 

എന്തുകൊണ്ട് വളരെ കുറച്ചു മാത്രം ചെയ്തു? ‘ നല്ല ഒരു വൈദികനാകാനാണ് ഞാൻ എന്നും ആഗ്രഹിച്ചത്. സംഗീതം എന്റെ ഹോബി മാത്രമാണ്. ഹോബിയിൽ കൂടുതൽ മുഴുകുന്നത് പൗരോഹിത്യത്തിനു മങ്ങലേൽപ്പിക്കുമോ എന്ന ഭയംകൊണ്ടാണു മാറി നിന്നത്.’

റോമിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം ആലുവ  മംഗലപ്പുഴ സെമിനാരിയിൽ 28 വർഷം പ്രഫസറായിരുന്നു. അക്കാലത്ത് ആകാശവാണിയിലെ ശാസ്ത്രീയ സംഗീതപാഠം കേട്ടും പുസ്തകങ്ങളുടെ സഹായത്തോടെയുമാണു സംഗീതം ശാസ്ത്രീയമായി പഠിച്ചത്.

ഓർക്കസ്ട്ര കണ്ടക്ട് ചെയ്യാനും നോട്സ് എഴുതാനുമെല്ലാം അച്ചനെ സഹായിച്ചിരുന്നതു റെക്സ് ഐസക് ആയിരുന്നു. ‘പൈതലാം യേശു’വിന്റെ നോട്സ് എഴുതിയതും റെക്സ് തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com