'അമ്മയും മകളും എന്തൊരു ക്യൂട്ടാ'; പാട്ടു പാടി പാട്ടിലാക്കി സുജാതയും ശ്വേതയും

sujatha-shweta-cover-song
SHARE

നാദ വിസ്മയം കൊണ്ട് സംഗീതപ്രേമികളെ കീഴടക്കിയ ഗായകരാണ് സുജാത മോഹനും മകൾ ശ്വേത മോഹനും. അമ്മയുടെയും മകളുടെയും അഭിരുചികളിലും നിരവധി സാമ്യങ്ങളുണ്ട്. പി.സുശീലയാണ് തങ്ങളുടെ പ്രിയ ഗായികയെന്ന് ഇരുവരും പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുശീലയുടെ മൂന്ന് ഗാനങ്ങൾ കോർത്തിണക്കി കവർ ഗാനവുമായി എത്തിയിരിക്കുകയാണ് സുജാതയും ശ്വേതയും. ശ്വേത മോഹന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്. 

ശ്വേതയുടെ ആലാപനത്തോടെയാണ് കവർ ഗാനം ആരംഭിക്കുന്നത്. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1968–ൽ പുറത്തിറങ്ങിയ ‘തിരിച്ചടി’ എന്ന ചിത്രത്തില്‍ വയലാർ രാമവർമ്മ വരികളെഴുതി ആർ.സുദർശനം ഈണം പകർന്ന ‘ഇന്ദുലേഖേ...’ എന്നു തുടങ്ങുന്ന ഗാനമാണ് ശ്വേത പാടിയത്. അതിനു ശേഷം 1967–ൽ പുറത്തിറങ്ങിയ ‘അശ്വമേധം’ എന്ന ചിത്രത്തില്‍ വയലാർ രാമവർമ എഴുതി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ‘ഏഴു സുന്ദര രാത്രികൾ ഏകാന്ത സുന്ദര രാത്രികൾ’ എന്ന നിത്യ ഹരിത ഗാനം ആലപിച്ചു കൊണ്ട് സുജാത കടന്നു വരുന്നു. പിന്നീട് ഇരുവരും ചേർന്ന് 1973–ൽ പുറത്തിറങ്ങിയ ‘കാട്’ എന്ന ചിത്രത്തില്‍ ശ്രീകുമാരൻ തമ്പി വരികളെഴുതി വേദ്പാൽ വർമ ചിട്ടപ്പെടുത്തിയ ‘ഏഴിലം പാല പൂത്തു....’ എന്ന ഗാനം ആലപിക്കുന്നു. 

ഇതാദ്യമായാണ് തങ്ങൾ ഒരുമിച്ച് കവർ ഗാനം ഒരുക്കുന്നതെന്നും തങ്ങളുടെ പ്രിയ ശബ്ദമായ പി.സുശീലയുടെ ഗാനങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ശ്വേത മോഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഏറെ ആസ്വദിച്ചാണ് പാട്ട് ചെയ്തതെന്നും പ്രേക്ഷകർക്കും ഈ പാട്ട് ആസ്വാദ്യകരമാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. ബെന്നറ്റ് റോളണ്ടാണ് ഗിറ്റാറിൽ പശ്ചാത്തലസംഗീതം ഒരുക്കിയത്. ചിത്രീകരണ മികവു കൊണ്ടും ആലാപന മാധുര്യം കൊണ്ടും മുന്നിട്ടു നിൽക്കുന്ന കവർ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രിയ ഗായകരെ ഒരുമിച്ച് കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രേക്ഷകർ പങ്കുവച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA