ADVERTISEMENT

സംഗീതപ്രേമികൾക്ക് ആസ്വദിക്കാൻ നിരവധി മെലഡികൾ സമ്മാനിച്ച സംഗീതസംവിധായകനാണ് രതീഷ് വേഗ. 2010–ൽ കോക്ടെയിൽ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ഹരിശ്രീ കുറിച്ചതാണ് അദ്ദേഹം. ബ്യൂട്ടിഫുൾ, റൺ ബേബി റൺ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ചലച്ചിത്രഗാന രംഗത്ത് കയ്യൊപ്പു ചാർത്തി. ചെറിയൊരു ഇടവേളയ്ക്കു ശേഷം ‘പ്രാണ’യിലൂടെ ‘തൃശൂർ പൂര’ത്തിലെത്തി നിൽക്കുന്നു ആ യാത്ര. അത് സംഗീതസംവിധായകൻ മാത്രമായിട്ടല്ല, തിരക്കഥാകൃത്തു കൂടി ആയിട്ടാണ്. ജയസൂര്യ നായകനായെത്തിയ ‘തൃശൂർ പൂരം’ ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ ‘സഖിയേ...’എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ഇടക്കാലത്ത് ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോയ രതീഷ് വേഗയ്ക്ക് ജീവിതത്തിൽ പട്ടിണിയുടെ കയ്പു നിറഞ്ഞ അനുഭവങ്ങളും ഉണ്ടായിരുന്നു. മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സംഗീതയാത്രയെക്കുറിച്ച് പറഞ്ഞത്.  

 

‘പാലക്കാട് ആണ് ഞാൻ ജനിച്ചത്. തികച്ചും ഒറ്റപ്പെട്ട ബാല്യം ആയിരുന്നു എന്റേത്. സ്വദേശം പാലക്കാട് ആയിരുന്നുവെങ്കിലും എനിക്ക്് ഏറ്റവും അടുപ്പമുള്ള നാട് തൃശൂർ ആണ്. മാതാപിതാക്കൾക്കൊപ്പം വളരുന്ന ഒരു കാലഘട്ടം പിന്നിട്ടു കഴിയുമ്പോൾ നാം കാണുന്ന കാഴ്ചകളും മനസ്സിലാക്കുന്ന കാര്യങ്ങളും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ പക്വത പ്രാപിച്ചു കഴിയുമ്പോഴാണ് ഓരോരുത്തർക്കും ഒരു ഐഡന്റിറ്റി ലഭിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ആ കാലഘട്ടത്തിൽ ഞാൻ തൃശൂരിലെ കാഴ്ചകളാണ് കണ്ടത്. അവിടുത്തെ ഭാഷയാണ് കേട്ടത്. അവിടുത്തെ അറിവുകളാണ് എനിക്കു ലഭിച്ചത്.

 

തൃശൂരിൽ എത്തിയ സമയത്ത് ആ നാട്ടിലെ ആരെയും എനിക്കു പരിചയമില്ലായിരുന്നു. ജോലി അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു അനാഥ പയ്യൻ ആയിരുന്നു ഞാൻ. കഴിക്കാൻ ആഹാരം പോലുമില്ലാതെ പട്ടിണിയിരുന്നിട്ടുണ്ട്. അന്നൊന്നും എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആ സമയത്താണ് പഠിക്കാനുള്ള ഒരു മാര്‍ഗം തുറന്നു കിട്ടിയത്. അങ്ങനെയാണ് ഞാൻ തൃശൂർ വൈദ്യനാഥ ഭാഗവതരെ പരിചയപ്പെടുന്നത്. പിന്നീട് ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായി ഒരുപാട് നല്ല വ്യക്തികളെ പരിചപ്പെട്ടു. പിൽകാലത്ത് അവർ തന്നെയാണ് എനിക്ക് ജീവിതത്തിൽ എല്ലാമെല്ലാമായി മാറിയത്. 

 

ഇപ്പോൾ ഇത്രയും വർഷങ്ങൾ പിന്നിട്ടു. എല്ലാവിധ സൗഭാഗ്യങ്ങളോടും കൂടി ജനിച്ചു വളർന്ന ആളുകൾ ഒന്നുമല്ലാതായി പോകുന്ന കാഴ്ച പലപ്പോഴും നമ്മൾ കാണാറുണ്ട്. കഷ്ടപ്പെട്ടു വന്നവർ തന്നെയാണ് ഏതു മേഖലയിലും അവരുടേതായ സ്ഥാനം നേടിയെടുത്തിട്ടുള്ളത്. അത് സംഗീതത്തിലായാലും അഭിനയത്തിലായാലും സംവിധാനത്തിലായാലും അങ്ങനെ തന്നെയാണ്.’ 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com