sections
MORE

ഇനിയില്ല ആ ഇടയ്ക്കയുടെ താളം; പല്ലാവൂർ സന്തോഷ് ഓർമയാകുമ്പോൾ !

pallavoor-santhosh-image
SHARE

ഏറ്റെടുത്ത ഒരു പരിപാടിക്കു കൊട്ടാൻപോയ പോലെയാണു സന്തോഷ് പല്ലാവൂർ മരണംവന്നുവിളിച്ചപ്പോൾ പോയിരിക്കുക എന്ന് തോന്നുന്നു. പടുതിരികത്തലിന്റെ ഒരു ലാഞ്ചനപോലും ഇല്ലാതെ വാദ്യകലാപ്രിയരെ ഒന്നടങ്കം വേദനിപ്പിച്ചുകൊണ്ടു സന്തോഷ് പല്ലാവൂർ എന്ന വാദ്യകലയുടെ സൗമ്യദീപം പൊടുന്നനെ പൊലിഞ്ഞുപോയിരുന്നു...

വാദ്യകലയുടെ പെരുമയും ഗരിമയും പല്ലാവൂരിനു നേടിക്കൊടുത്തത് വാദ്യവിശാരദന്മാരായ അപ്പുമാരാർ, മണിയൻമാരാർ കുഞ്ഞുകുട്ടൻമാരാർ എന്നീ സഹോദരന്മാരായിരുന്നു. കൊട്ടിലൂടെ ലോകപ്രശസ്തരായി മാറുകയും പല്ലാവൂർത്രയം എന്നപേരിൽ ഖ്യാതി സമ്പാദിക്കുകയും ചെയ്തു ഇവർ. സത്യത്തിൽ അവരുടെ സാമ്പ്രദായിക തനിമ ചോരാതെയുമുള്ള ശൈലിയിലൂടെയായിരുന്നു ചെണ്ടമേളം എന്ന കേരളത്തിന്റെ സ്വന്തം വാദ്യകല നവീനവും ശ്രദ്ധേയവും ആസ്വാദ്യകരമാം‌ം വിധം ജനകീയവും ആയിത്തീർന്നത്.

പല്ലാവൂരിന്റെയും വാദ്യകേരളത്തിന്റെയും പുണ്യമായ ഈ ത്രയങ്ങളുടെ പിന്തുടർച്ചക്കാരിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സന്തോഷ് പല്ലാവൂർ. പഞ്ചവാദ്യത്തിലും തായമ്പകയിലും അദ്ഭുതസാന്നിധ്യമായിരുന്ന കുഞ്ഞുകുട്ടൻ മാരാരുടെ മകൻ. നന്നേ ബാല്യത്തിൽത്തന്നെയുള്ള ശിക്ഷണം പൂർത്തിയാക്കി പത്താംവയസ്സിൽത്തന്നെ സന്തോഷ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചു. പൈതൃകഗുണമായി സിദ്ധിച്ച സാധകബലംകൊണ്ടും വാദനശുദ്ധികൊണ്ടും ചുരുങ്ങിയകാലത്തിൽ പല്ലാവൂർ പാരമ്പര്യഗുണമുള്ള പുത്തൻതലമുറയിലെ വാദ്യസംവേദകരിൽ പ്രധാനികളിലൊരാളായും അദ്ദേഹം മാറി. 

വലിയച്ഛനും വാദ്യകലയിലെ എക്കാലത്തെയും വിസ്മയവുമായിരുന്ന പല്ലാവൂർ അപ്പുമാരാരുടെ പാത പിന്തുടർന്ന സന്തോഷ് ഇടയ്ക്ക വാദനത്തിലാണ് കൂടുതലും മനസ്സർപ്പിച്ചത്. കൂടെ സോപാനസംഗീതവും. ഇടയ്‌ക്കയിലും തായമ്പകയിലും പൈതൃകസ്വത്വത്തിൽ ഊന്നി, സ്വന്തമായി ആവിഷ്കരിച്ച ശൈലിയിലുള്ള അവതരണത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങളിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം വാദ്യകലാ ആസ്വാദകരുടെ മനസ്സിൽ സന്തോഷ് ഇടം നേടിയിരുന്നു.

ചരിത്രപ്രസിദ്ധമായ തൃശൂർ പൂരമടക്കം മികവേറിയ ഉത്സവമേളങ്ങളിലെ ഇടയ്ക്ക പ്രാമാണികനാവാൻ വളരെ ചെറുപ്പത്തിൽത്തന്നെ സന്തോഷിനു നിയോഗമുണ്ടായി. കലാസാഗർ പുരസ്ക്കാരം, ദത്താത്രേയ ട്രസ്റ്റിന്റെ ധന്വന്തരി പുരസ്കാരം, ഗ്രാമിക പുരസ്കാരം, നെടുമങ്ങാട് എഴുത്തച്ഛൻ ട്രസ്റ്റിന്റെ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 

നേർത്ത തുകലിന്റെ മർമങ്ങളിൽ സ്വരം തിരഞ്ഞുകൊണ്ട് എണ്ണങ്ങൾ പെരുപ്പിക്കാൻ ഇനി സന്തോഷ് പല്ലാവൂരിന്റെ സാന്നിധ്യം ഉണ്ടാകില്ല. കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമായി, ആ താളവും എന്നന്നേക്കുമായി യാത്രപറഞ്ഞിരിക്കുന്നു... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA