ADVERTISEMENT

മലയാളികൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഈണങ്ങൾ സമ്മാനിച്ച സംഗീതസംവിധായകനാണ് രതീഷ് വേഗ. 2010ൽ ‘കോക് ടെയിൽ’   എന്ന ചിത്രത്തിലൂടെ ഹരിശ്രീ കുറിച്ച് ഇപ്പോൾ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലെത്തി നിൽക്കുന്നു. അതുപക്ഷേ സംഗീതസംവിധായകനായി മാത്രമല്ല തിരക്കഥാകൃത്തുകൂടി ആയിട്ടാണ്. ജയസൂര്യ നായകനായെത്തിയ തൃശൂർ പൂരം എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. രാജേഷ് മോഹനൻ സംവിധാനം ചെയ്ത ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് രതീഷ് വേഗയാണ്. അതു പക്ഷേ തന്റെ ഭാര്യ അനുവിന് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സംഗീത ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞത്. 

 

‘അനു എന്നെ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും ഞാൻ സംഗീതം കൊണ്ട് ജീവിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്. മറ്റൊരു ജോലിക്കും പോകരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ പ്രണയകാലത്തു തന്നെ എനിക്ക് മനസിൽ തോന്നി സംഗീതത്തിൽ എവിടെയും എത്തില്ല എന്ന്. അതുകൊണ്ട് മറ്റൊരു ജോലി അന്വേഷിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ അവൾ അത് തടഞ്ഞു. ഞാൻ പഠിച്ചതൊക്കെ സംഗീതം ആയതു കൊണ്ടു തന്നെ സംഗീതം കൊണ്ട് മാത്രം ജീവിച്ചാൽ മതിയെന്നായിരുന്നു അവളുടെ ആഗ്രഹം. ആ ജീവിതത്തിൽ പട്ടിണി ആണെങ്കിലും താൻ കൂടെയുണ്ടാകുമെന്ന് അവൾ എനിക്ക് ഉറപ്പു നൽകി. അങ്ങനെയാണ് സംഗീതത്തിൽ തന്നെ ചുവടുറപ്പിച്ചത്. പക്ഷേ പത്തു വർഷങ്ങൾക്കു ശേഷം ഞാൻ ആ വാക്കു തെറ്റിച്ചു. തൃശൂർ പൂരം എന്ന ചിത്രത്തിനു വേണ്ടി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം. എന്റെ ഭാര്യയും അതിൽ വളരെ സന്തോഷവതിയാണ്’. 

 

തൃശൂർ പൂരം എന്ന ചിത്രത്തിലെ ‘സഖിയേ...’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടിയിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് തന്റെ ഗാനത്തിന് ഇത്ര സ്വീകാര്യത ലഭിക്കുന്നതെന്നും അതിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്നും രതീഷ് വേഗ മനോരമ ഓൺലൈനിനോടു പറഞ്ഞിരുന്നു. വളരാനും തളരാനും ഒരു കാലമുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹം ഇപ്പോൾ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com