ADVERTISEMENT

കൊല്ലൂർ ∙ മൂകാംബികാ ക്ഷേത്രത്തോടു ചേർന്നുള്ള ഹോട്ടലിൽ ജന്മദിനത്തോടനുബന്ധിച്ച് 23 മുറികളാണ് യേശുദാസിനും സംഘത്തിനുമായി ബുക്ക് ചെയ്തത്. എല്ലാം അടുത്ത ബന്ധുക്കൾക്കു മാത്രം. പക്ഷേ അതിലൊരു മുറി കുടുംബത്തിനു പുറത്തൊരാൾക്കായി ദാസേട്ടൻ കരുതി വച്ചിരുന്നു–സതീഷ് സത്യൻ എന്ന സതീശന്. 

 

അന്തരിച്ച നടൻ സത്യന്റെ മകനായ സതീഷുമായി യേശുദാസിന് 1967 മുതലുള്ള അടുപ്പമാണ്. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയുടെ അമരക്കാരനായിരുന്നു മുൻ ചലച്ചിത്രതാരം കൂടിയായ സതീഷ്.  ഏതാനും സിനിമകളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. 1982 മുതൽ 1996വരെ തരംഗിണിയുടെ മാനേജറായിരുന്നു.

 

കണ്ണിനു കാഴ്ച നഷ്ടപ്പെട്ട് സിനിമയിൽ അവസരം കുറഞ്ഞപ്പോൾ സതീഷിനു തുണയായതും യേശുദാസാണ്. 1977ലാണത്. സതീഷ് അന്നു തിരക്കേറിയ നടനുമാണ്. ദിവസം പത്തിലേറെ പാട്ടുകൾ പാടുന്ന  ഗായകനാണ് അന്നു യേശുദാസ്. ടാക്സി ഡ്രൈവർ എന്ന തന്റെ സിനിമയിൽ ഒരു പാട്ടുപാടാമോയെന്നു സതീഷ്  യേശുദാസിനെ വിളിച്ചു ചോദിച്ചു. അദ്ദേഹം വന്നു പാടി, പ്രതിഫലം പോലും വാങ്ങാതെ. പിന്നീട് നാലു സിനിമകളിൽകൂടി സതീഷ് അഭിനയിച്ചു. അതിനിടയിലാണു കണ്ണിന് അസുഖം വന്നത്. ഷൂട്ടിങ്ങിന്റെ ലൈറ്റ് ഇനി കണ്ണിലേക്ക് അടിച്ചാൽ കാഴ്ച മുഴുവൻ പോകുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകിയതോടെ സിനിമ വിട്ടു. വിവരമറിഞ്ഞ് യേശുദാസ് വിളിച്ച് ആശ്വസിപ്പിച്ചു. തരംഗിണിയുടെ സ്റ്റുഡിയോ മാനേജറായി നിയമനവും നൽകി.  ഇന്നും തരംഗിണിയുടെ ഒൗദ്യോഗിക രേഖകളിൽ നിന്ന് സതീഷിന്റെ ചുമതലകൾ മാറ്റിയിട്ടില്ല.

 

1967ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിഎ വിദ്യാർഥിയായിരിക്കുമ്പോഴാണു സതീഷ് ആദ്യമായി യേശുദാസിനെ കാണുന്നത്. അച്ഛൻ സത്യന്റെ ശുപാർശ പ്രകാരം കോളജ് യൂണിയൻ പരിപാടിക്ക് യേശുദാസിനെ കൊണ്ടു വരാനായി. സത്യനുമായി ഗാഢമായ സൗഹൃദമുണ്ടായിരുന്നു യേശുദാസിന്. ടാക്സി ഡ്രൈവർ, മക്കൾ, ശുദ്ധി കലശം എന്ന സിനിമകളിൽ നായകനായിരുന്നു സതീഷ്. ഇപ്പോൾ എറണാകുളത്താണു താമസം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com