ADVERTISEMENT

കൊല്ലൂർ∙ സൗപർണികാതീരത്തെ സംഗീതസാന്ദ്രമാക്കി ഗാനഗന്ധർവന്റെ എൺപതാം ജന്മദിനാഘോഷം. പിറന്നാൾ ദിനത്തിൽ മൂകാംബികാദേവീ സന്നിധിയിലെത്തുന്ന പതിവ് തുടർച്ചയായ 49ാം വർഷവും തെറ്റിക്കാതെ യേശുദാസ് എത്തി. മഞ്ഞണിഞ്ഞു നിന്ന കുടജാദ്രിയുടെ താഴ്‌വരയിൽ അദ്ദേഹം ഗാനാർച്ചന നടത്തുന്നത് ആരാധകർ ഭക്തിപുരസരം കണ്ടു നിന്നു. ശിഷ്യരുടെ നേതൃത്വത്തിലും സംഗീതാർച്ചന നടന്നു. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇതിനു നേതൃത്വം നൽകി. 

 

ഭാര്യ പ്രഭ, മക്കളായ വിനോദ്, വിജയ്, വിശാൽ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവർക്കൊപ്പം ചെന്നൈയിൽ നിന്നു വ്യാഴാഴ്ച രാത്രി തന്നെ യേശുദാസ് കൊല്ലൂരിലെത്തി. ഇന്നലെ രാവിലെ ഒൻപതോടെ ക്ഷേത്രത്തിലെത്തിയ യേശുദാസ് വിശേഷാൽ പൂജകളും വഴിപാടുകളും ചണ്ഡികാഹോമവും നടത്തി. കൊല്ലൂർ മൂകാംബിക സംഗീതാരാധനാ സമിതിയുടെ സൗപർണികാമൃത പുരസ്കാരം ടി.എസ്. രാധാകൃഷ്ണന് യേശുദാസ് സമ്മാനിച്ചു. 

 

ചെറിയ പനി ഉണ്ടായിരുന്നതിനാൽ യേശുദാസ് അധികസമയവും ഹോട്ടൽ മുറിയിൽ തന്നെയാണു ചെലവഴിച്ചത്. ഉച്ചയ്ക്കു തന്ത്രി ഗോവിന്ദ അഡിഗയുടെ വീടു സന്ദർശിച്ചു. അവിടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ സദ്യയുണ്ടു. യേശുദാസ് എത്തുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ കേരളത്തിൽ നിന്നുള്ള ഭക്‌തരുടെ തിരക്കായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com