ADVERTISEMENT

സംഗീതാസ്വാദകർ എന്നും നെഞ്ചേറ്റി ലാളിക്കുന്ന ഗാനമാണ് ജോജു ജോർജ് നായകനായെത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ‘പൂ മുത്തോളെ നീ....’ എന്നു തുടങ്ങുന്ന ഗാനം. രഞ്ജിൻ രാജ് എന്ന സംഗീതസംവിധായകൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും ആ ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്. ഗാനത്തിനു ലഭിച്ച കൗതുകം നിറഞ്ഞ ഒരു പ്രതികരണത്തെക്കുറിച്ച് തുറന്നു പറയുന്നു രഞ്ജിൻ രാജ്.

 

പൂമുത്തോളെ എന്ന ഗാനം കണ്ടതിനു ശേഷം ഒന്നു കൂടി പ്രസവിക്കാൻ തോന്നിയെന്ന് ഒരു ആന്റി തന്നോടു പറഞ്ഞുവെന്നും അത് ഒരിക്കലും മറക്കാൻ പറ്റാത്ത വാക്കുകളാണെന്നും രഞ്ജിൻ പറഞ്ഞു. മഴവിൽ മനോരമയില്‍ റിമി ടോമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് രഞ്ജിൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം പങ്കു വയ്ക്കാമോ എന്ന് റിമി ചോദിച്ചപ്പോഴായിരുന്നു രഞ്ജിൻ ഇക്കാര്യം പറഞ്ഞത്.

 

ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണ്. അവയെല്ലാം സൂപ്പർഹിറ്റ് ആയി. അതിൽ ‘പൂമുത്തോളെ’ ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടിരുന്നു. ആറ്റുനോറ്റ് ജോസഫിന് ഒരു കുഞ്ഞു പിറക്കുന്നതും പ്രസവശേഷം ഭാര്യയ്ക്കും കുഞ്ഞിനും അയാൾ നൽകുന്ന സ്നേഹവും കരുതലുമാണ് ഗാനരംഗത്തിലുള്ളത്. ഏവരുടെയും ഹൃദയം തൊടുന്ന വരികളും ഈണവുമാണ് പാട്ടിന്റേത്. വിജയ് യേശുദാസ്ആലപിച്ച പാട്ടെഴുതിയത് അജീഷ് ദാസനാണ്. ചിത്രത്തിലെ ഗാനങ്ങളിലൂടെ രഞ്ജിൻ രാജിന് നിരവധി പുരസ്കാരങ്ങളും നേടാനായി. 

 

‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിനു വേണ്ടിയാണ് രഞ്ജിൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംഗീതസംവിധായകനാണ് രഞ്ജിൻ. ഒരൊറ്റ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർഹിറ്റ് ആകുന്നതും അതിലൂടെ ഒരു സംഗീതസംവിധായകൻ അറിയപ്പെടുന്നതും വളരെ വലിയ ഭാഗ്യമാണെന്നും റിമി ടോമി പറഞ്ഞു. വേദിയിൽ പ്രേക്ഷകർക്കായി രഞ്ജിൻ പൂമുത്തോളെ എന്ന ഗാനം ആലപിച്ചു. 

 

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘അൽ മല്ലു’ എന്ന ചിത്രത്തിലെ പാട്ടുകളാണ് രഞ്ജിൻ അവസാനം ചിട്ടപ്പെടുത്തിയത്. അൽ മല്ലുവിന്റെ വിശേഷങ്ങളും രഞ്ജിൻ പങ്കു വച്ചു. രഞ്ജിനൊപ്പം ബോബൻ സാമുവലും ചിത്രത്തിലെ നായിക നമിത പ്രമോദും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയിരുന്നു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com