ADVERTISEMENT

പോപ് രാജാവ് മൈക്കിൾ ജാക്സണും മദ്രാസ് മൊസാർട്ട് എ.ആർ റഹ്മാനും ഒന്നിച്ചിരുന്നെങ്കിൽ?! ഏതൊരു സംഗീതപ്രേമിയും കൊതിക്കുന്ന സ്വപ്നസമാനമായ നിമിഷമാകുമായിരുന്നു... കാലം അനുവദിക്കാതിരുന്ന ആ അപൂർവ കൂടിച്ചേരൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഫിയോ ബാൻഡ്. മൈക്കിൾ ജാക്സന്റെ പ്രശസ്തമായ മ്യൂസിക് ആൽബം ത്രില്ലറും എ.ആർ റഹ്മാന്റെ ചന്ദ്രലേഖ എന്ന ഗാനവും കോർത്തിണക്കി അതിമനോഹരമായ സംഗീതവിരുന്നാണ് ഓർഫിയോ ബാൻഡ് ഒരുക്കിയിരിക്കുന്നത്. 50–പീസ് ഓർക്കസ്ട്രയ്ക്കൊപ്പം വോക്കലിൽ മലയാളത്തിന്റെ പ്രിയഗായിക സയനോരയുമുണ്ട്. 

 

'യോദ്ധ'യിലെ 'പടകാളി' എന്ന ഗാനത്തിന് വയലിനിൽ കവർ ഒരുക്കി ആരാധകശ്രദ്ധ നേടിയ ബാൻഡാണ് ഓർഫിയോ. തമിഴിലെ സൊടക്കു മേലെ എന്ന ഗാനത്തിന് ഇവർ ഒരുക്കിയ കവർ പതിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തമായ പരീക്ഷണങ്ങളുമായി സംഗീതരംഗത്ത് സജീവമായ ഓർഫിയോയുടെ വലിയൊരു സ്വപ്നമായിരുന്നു മൈക്കിൾ ജാക്സൺ–എ.ആർ റഹ്മാൻ കോംബോ. അതു യാഥാർത്ഥ്യമായതിന്റെ ത്രില്ലിലാണ് ബാൻഡിലെ അംഗങ്ങൾ. 

 

"എം.ജെയും റഹ്മാന്റെയും വലിയ ആരാധകരാണ് ഞങ്ങൾ. അവർ ഒരുമിച്ചൊരു സംഗീതസംരംഭം എല്ലാ സംഗീത ആരാധകരുടെയും പോലെ ഞങ്ങളുടെയും വലിയൊരു സ്വപ്നമായിരുന്നു. ആ മോഹമാണ് ഈയൊരു കവർ പതിപ്പിലേക്ക് ഞങ്ങളെ എത്തിച്ചത്. എം.ജെയുടെ ത്രില്ലർ, ബില്ലി ജീൻ എന്നീ പാട്ടുകളും റഹ്മാന്റെ ചന്ദ്രലേഖ എന്ന പാട്ടും ഒന്നിപ്പിച്ച് 'കൊഞ്ചം ത്രില്ലർ' എന്ന പേരിലാണ് കവർ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്," ഓർഫിയോ ബാൻഡ് അംഗവും വയലിനിസ്റ്റുമായ കാരൾ ജോർജ്ജ് പറയുന്നു.  

 

"റഹ്മാൻ സർ ഒരിക്കൽ ഒരു അഭിമുഖത്തിൽ എം.ജെയെ നേരിൽ കണ്ട അനുഭവം പങ്കു വയ്ക്കുന്നണ്ട്. എം.ജെയ്ക്ക് റഹ്മാന്റയും റഹ്മാന് എംജെയുടെയും സംഗീതം വലിയ ഇഷ്ടമായിരുന്നു. അവർ ഒരുമിച്ചൊരു സംഗീതസംരംഭം യാഥാർത്ഥ്യമാകുന്നതിന് മുൻപെ എം.ജെ ഈ ലോകത്തോടു വിട പറഞ്ഞു. മൈക്കിൾ ജാക്സണും റഹ്മാനും ഒന്നിച്ചിരുന്നെങ്കിൽ അവർ എന്തായിരിക്കും ചെയ്യുക എന്നത് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല. തീർച്ചയായും അതൊരു ഒറിജിനൽ മ്യൂസിക് ആൽബമായിരിക്കും. അവർ ചെയ്തു വച്ചത്, എടുത്ത് മിക്സ് ചെയ്യുകയാണ് ഞങ്ങൾ ചെയ്തത്. അതൊരു ഗ്രാൻഡ് ഓർക്കസ്ട്ര വച്ചു ചെയ്തു," കാരൾ ജോർജ്ജ് പറഞ്ഞു. 

 

മികച്ച പ്രതികരണമാണ് കൊഞ്ചം ത്രില്ലറിനു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. വിദേശികളായ നിരവധി സംഗീതജ്ഞരും ഈ കവർ പതിപ്പിൽ ഓർഫിയോ ബാൻഡിനൊപ്പമെത്തുന്നു. ഓർക്കസ്ട്ര കൺഡക്ട് ചെയ്തത് അമേരിക്കൻ സംഗീതജ്ഞയായ ലിൻഡ്സേ റോസാണ്. റോബിൻ തോമസാണ് കൊഞ്ചം ത്രില്ലറിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്. റോബിനും കാരളിനും പുറമെ ഓർഫിയോ ബാൻഡ് അംഗങ്ങളായ ചന്ത്ലു നെരിമ്പോടത്ത്, ഹെരാൾഡ് ആന്റണി, കെൻസുഗുൽ അക്ഷെകിന, നക്കീബ് ഷാ എന്നിവരും കൊഞ്ചം ത്രില്ലറിന്റെ പിന്നണിയിലുണ്ട്. ഫിൻ ജോർജ്ജാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സതീഷ് കുറുപ്പിന്റെതാണ് ക്യാമറ.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com